2011 നവംബർ 9, ബുധനാഴ്‌ച

ഗുരുദര്‍ശനം

ഗുരുദര്‍ശനം


''നാരായണഗുരുവാരാണിവ?'' നൊരു തരുവായ് തണലരുളീടുന്നോന്‍
ദാഹാര്‍ത്തര്‍ക്കറിവുറവയുമാ, ണതുപോലരുളും പൊരുളും ഗുരുവാം!
'രാ മായാ'നൊരു കഥ രാമായണ, മതിലേറുമ്പോഴുതാരരുളി?
''നാരായണകഥ യതിലും വലിയൊരു കൂരിരുള്‍ മാറ്റിയ കഥയത്രേ!

ആനന്ദത്തിന്‍ സംവിത്‌സാഗരമായ് ഭവസാഗരവും മാറ്റാന്‍
അന്നം ധന്യതയരുളിടുമെന്നുള്ളറിവായ് പ്രാര്‍ഥനയൊന്നു രചി-
ച്ചാരുടെയും കീഴാകാതൊരു തിരിയായൊരു വഴി കാണിച്ചവനെ
നീയറിയുക, യറിവേറി സ്വതന്ത്രപഥം കണ്ടെത്തുക നിന്‍വഴിയായ്!''

''അറിവിലുമേറി, യറിഞ്ഞിരുന്നതെല്ലാം
നെറിവറിയാത്തൊലിയെങ്കിലിങ്ങുപേക്ഷി-
ച്ചുറവകളുള്ളിലുണര്‍ന്നിടാന്‍ തകര്‍ക്കൂ
'അഹ', മതു പാറ, യതിന്റെയുള്ളിലാം നാം!''

ഇതു മൊഴിയാനിവിടാര്? ''നിന്റെയുള്ളില്‍
ഒരു പൊരുളു, ണ്ടതുതന്നെ വിഷ്ണു, നാരാ-
യണഗുരു വേറൊരു സത്തയല്ല, നിന്നില്‍
നിറയെ നിലാപ്പൊരുളുണ്ടറിഞ്ഞിടേണം!''

അതെ, യിവനിങ്ങറിയുന്നു സൂര്യരശ്മി
പനിമതിയില്‍ പ്രതിബിംബമായയച്ചോ-
രരുളുകളാം കിരണങ്ങളാണു നിത്യം
അറിവിലുണര്‍ന്നു വിടര്‍ന്ന വിശ്വസത്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ