2011, ജൂലൈ 29, വെള്ളിയാഴ്‌ച

സര്‍ഗസങ്കല്പനൃത്തം

പ്ലവഗബീജം

താരമാലകളണിഞ്ഞു പുഞ്ചിരിയി-
ലാത്മനിര്‍വൃതി പകര്‍ന്നിടും
നീ രഹസ്യമറിയുന്നവള്‍, പറയു-
കെന്റെ തൂലികയിലൂടെയീ
വിശ്വവശ്യതയിലാണ്ടുമുങ്ങിടുകി-
ലെങ്ങുപോയിടുമഹന്തയെ,-
ന്നശ്വമല്ലിനിയുമിങ്ങു ഞാ; നൊഴുകി
നീങ്ങിടും പ്ലവഗബീജമാം!!

മിഴി നീ

ഒഴുകുകയൊഴുകുകയിവിടിനിയരുളിന്‍
പുഴയഴകെഴുതിയ മൊഴിമഴ, വഴിയില്‍
പുതുമഴയരുളിടുമരു,ളൊരുമഴവില്‍-
ക്കതിരൊളിചിതറവെയതിനൊരു മിഴി നീ!

എന്തേ വൃത്തം?

എന്തേ വൃത്തം? ചടുലതയുണരും സര്‍ഗസങ്കല്പനൃത്തം?
ചന്തം തീര്‍ക്കും മൃദുലത? മധുരം, മൗനമന്ദസ്മിതാര്‍ദ്ര-
സ്പന്ദം പൂക്കും ഹൃദയവു, മഴലില്‍ സാരസര്‍വസ്വ തീര്‍ഥ-
സ്‌നാനം നല്കും കവിതയുമറിയും ശൂന്യസങ്കല്പതല്പം?

എന്തേ കാവ്യം?

എന്തേ കാവ്യം? എവിടെയുമുറവിട്ടീടുമീ സത്യമെന്നില്‍
സന്ധ്യാരാഗം, നിറമെഴുകഴകിന്‍ നിര്‍വൃതിസ്പന്ദമാര്‍ദ്രം
സര്‍ഗോന്മാദപ്പുഴകളിലൊഴുകിപ്പോയിടും വേളയില്‍ നിന്‍
ഹര്‍ഷോന്മാദം സ്മൃതികളിലുണരാന്‍, മുങ്ങുവാന്‍, അര്‍ഥതീര്‍ഥം!!~

2011, ജൂലൈ 23, ശനിയാഴ്‌ച

പദലാസ്യം

പദലാസ്യം

ഇതാണിതാണനുഭൂതികളില്‍ ക്കുളി-
രണിഞ്ഞുണര്‍ന്നൊരു മൃദുലപദം
ഇതാണുഷസ്സിനുണര്‍വരുളുന്നൊരു
കിനാവിനൂഷ്മള ലയനിനദം

പദം, പദം, പദലയലഹരി
മൃദംഗസംഗതരംഗമദം
മദം, മദം, മദമനുപമമാ-
മനംഗസംഗമ പദചലനം
തരംഗരാഗരസാനുഭവം
മൃദംഗരാഗതരംഗലയം!

പദലയലഹരിയിലലിയരുതൊഴുകരു-
തൊരുമദമതി; ലതിലനുപമ സുമമധു!
ലഘു പദലയമിതിലലിയുക ഗുരുവിനു
മിവിടിടമരുളരു, തി
തു മൃഗമദമതി!!
അറിയുക കനവുകളൊഴുകിടുമൊരുപുഴ
യിതിലിനിയൊരുലയമധുരിമ, യിതു വി!
കവിതയിലൊരുവിത, വിതറുകിലതു മുള-
യിടു,മതിലൊരുകതിരണിയവെ, യരി മതി!

രസകരമിതുവിധമെഴുതുക ലഘുവിനു
ഗുരുവരുളിടുമൊരു വര, മകകവി, തവി!!
പദമദമധുരിമയിതിലിനിയലിയുക
ഗുരുപദമവികല മനലയമറിയുക!

താളം മാറിലുമൊഴുകിവരും പദ-
ലാസ്യം മനമിതിലെന്നറിയും
നീ നിന്‍ നിര്‍വൃതിയൊഴുകിവരും മൃദു-
ഭാവം പദലയമായറിയും!!!

അലസമായലയുമ്പൊഴാണല്ലോ സംഗീത-
മലയിടു, ന്നെന്‍നാവി, ലതുപകര്‍ന്നീടുവാന്‍
കഴിയായ്കയാല്‍ വാനിലേക്കു നിശ്ശൂന്യതാ-
പഥമേറി യാത്രയാകുന്ന കാവ്യങ്ങളേ,
ഇവിടെ ഞാനെഴുതുന്നതൊന്നുമല്ലെന്നു ഞാ-
നറിയുന്നു, നിങ്ങളെ കണ്ടുമുട്ടീടുവാന്‍
കഴിയുവോരാരെന്നു മൊഴിയുമോ, തൂലിക?
''അതു വേറെയാരു നീയല്ലാതെ; നീ തന്നെ
എഴുതുന്നതെവിടെനിന്നണയുന്ന, തറിയുക,
ഒഴുകുന്ന പൈതൃകമറിഞ്ഞു പാടീടുക.

ഇങ്ങനെയിരുന്നു കുറിമാനങ്ങളെഴുതിടുകി-
ലെങ്ങനെവരുന്നു മധുമാസ സംഗീതമെ-
ന്നെന്നെങ്കിലും നിനക്കറിയാനാവു, മതി-
നെന്നും പദാത്മഗതി തേടി, യെഴുതീടുക
ആത്മോപദേശദശകങ്ങളിലൂടെ നീനിന്‍
ആത്മാപ നിര്‍മ്മിതിയിതിന്‍ നിമിഷാര്‍ധഭാവം
നീ കണ്ടറിഞ്ഞിടുക കണ്‍കളി,ലാവെളിച്ചം
ഞാനിന്നു നിന്നിലരുളീടുവതെന്റെ കാവ്യം!

2011, ജൂലൈ 21, വ്യാഴാഴ്‌ച

ദൈവപൈതൃകം


ദൈവപൈതൃകം
''യേശുവിന്‍ കഥ ചൊല്ലിത്തുടങ്ങവെ
യേശുവിന്റെ വംശാവലി, നാമവും
വേദപുസ്തകത്താളിലുണ്ടെങ്കിലും
വേദ്യമായിടുന്നീലെനിക്കിങ്ങവ!

ജോസഫിന്‍ പുത്രനല്ലാത്ത യേശുവിന്‍
വംശമേതാണു? കന്യകാമേരിതന്‍
സൂനുവായൊരെമ്മാനുവേലിന്റെ പേര്‍
യേശുവെന്നായതെങ്ങനെ? പേരതു
ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്‍!
ജോസഫിട്ട പേര്‍ വേണമോ ബൈബിളില്‍?

എന്തയുക്തികമാ,യസംബന്ധമായ്
അന്ധവിശ്വാസമിങ്ങുറപ്പിക്കുമാ-
റിങ്ങു ദൈവമെന്താണു തന്‍ വാക്കുകള്‍
തങ്ങിടാനിടയാക്കിയീ ഭൂമിയില്‍?''

''വിശ്വമേ തന്‍ കുടുംബമാക്കേണ്ട നാം
വംശമാഹാത്മ്യമെല്ലാം മറന്നിടാന്‍
വിശ്വസിക്കേണ്ട സത്യമോതീടുവാന്‍
യേശുവിന്നസംബന്ധമാം പൈതൃകം!
ദൈവമാണേകതാത, നിങ്ങേവരും
ദൈവപുത്രരാണെന്നതും വിശ്വസി-
ച്ചിങ്ങു സോദരസ്‌നേഹം വളര്‍ത്തണം
എന്നു ചൊല്ലുവാന്‍ യേശു വന്നൂഴിയില്‍!!

രക്ഷതന്‍ മന്ത്രമത്രെ'യെമ്മാനുവേല്‍'
രക്ഷ ദൈവമുണ്ടൊപ്പമെന്നോര്‍ക്കുവോര്‍-
ക്കുള്ളതെങ്ങിന്നു ചൊന്നവന്‍ യേശു, നാം
ഇങ്ങു വിശ്വസിക്കേണമാ വാക്കുകള്‍:

ജീവിതത്തിലിങ്ങാധികള്‍ വ്യാധിയായ്
ജീവിതാസക്തി പോലുമേ രോഗമായ്
മാറിടാതിരുന്നീടുവാന്‍ പാലകന്‍
താതനൊപ്പമുണ്ടെന്നറിഞ്ഞീടണം!
സോദരര്‍ സ്‌നേഹമോടെ ജീവിക്കിലേ
താതനാ പരിപാലനമായിടൂ!!''

2011, ജൂലൈ 20, ബുധനാഴ്‌ച

പരഹൃദയം

പരഹൃദയം
പരഹൃദയമറിയാതെയെന്തുചെയ്യുമ്പൊഴും
പരനുടെയിടത്തിലേക്കെന്നെ നയിക്കുവോന്‍
ഗുരു, ഗുരുവിനരുളുണരുമൊരു ഹൃദയതാളമായ്
ഇവിടെയൊഴുകുന്നതു പകര്‍ത്തിടാം ഞാനിനി:
''പരനെയറിയൂ, പരാപരനെയറിയാന്‍
പരഹൃദയമായ് സ്വന്ത ഹദയമറിയൂ!
അനുരാഗഭാവം ഹൃദന്തഭൂവില്‍
പരരൂപമായ് പൂക്കവേയിറുത്തി-
ട്ടൊരു ഹാരമായ് പരനു നല്കിടൂ നീ!''
പരദുഃഖ,മല്ലായ്കി,ലെന്നെങ്കിലും
സ്വയമേയറിഞ്ഞിടാന്‍ വിധിവരും നീ
ഒരു ജന്മമിനിയും ജനിച്ചിടായ്‌വാന്‍
ഇവിടിന്നു നല്കിടുന്നവസരങ്ങള്‍!
ഗുരവരുള്‍ കേള്‍ക്കുന്നു: പണ്ടുപണ്ടേ
യനുഭവി,ച്ചാസ്വദിച്ചൊരു വികാരം
പരനേകിടുന്നതിലെന്തു തെറ്റ്
ഒരു കിനാവുള്ളതു മറന്നീടണോ?
ഉയരുന്ന ചോദ്യങ്ങളൊരുകോടി ജന്മങ്ങ-
ളണയുകില്‍പ്പോലും അടങ്ങിടില്ല!

2011, ജൂലൈ 19, ചൊവ്വാഴ്ച

കയ്പകള്‍


എന്റെ കര്‍മഫലങ്ങളാണൊക്കെയെ-
ന്നെത്രകാലമായ് ഞാനറിയുന്നവന്‍!
എന്റെ നിസ്സംഗതയ്ക്കിന്നു നന്ദി ഞാന്‍
ചൊന്നിടുന്നു, നിരാര്‍ദ്രനായ് നിര്‍മ്മമം
ഞാന്‍ ചരിക്കുമ്പൊഴിങ്ങെന്റെ പുത്രിയില്‍-
നിന്നുയര്‍ന്നിടും ഗദ്ഗദം കേള്‍ക്കവേ
സ്വന്ത തെറ്റുകള്‍ കാണാത്ത, ഹൃത്തിലായ്
കുറ്റബോധമില്ലാത്ത, മനസ്സിലെ
കയ്പു കൊണ്ടു കരഞ്ഞിടും പുത്രിയെ
കാണ്‍കെ ഞാനോര്‍ത്തുപോയിടുന്നിങ്ങനെ:
പണ്ടു,മിന്നുമെനിക്കെന്നിലുള്ളതാം
സ്വാര്‍ഥ,മെന്റെയഹന്തയുമല്ലയോ
നിന്നിലിന്നു വളര്‍ന്നേറിയായിരം
പൂവു, കായ്കളുമുള്ളതാം
കയ്പകള്‍!
കയ്പു ഞാനുമറിഞ്ഞവന്‍, നെല്ലികള്‍
നട്ടിടാനോര്‍ത്തതിപ്പൊഴാണോമലേ!
നിന്റെ മക്കള്‍ക്കതില്‍നിന്നു നല്കണം
നിത്യവും മുതുനെല്ലിക്ക, വെള്ളവും!!

2011, ജൂലൈ 17, ഞായറാഴ്‌ച

കാഴ്ച

കാഴ്ച
സൂര്യനുള്‍ത്താപത്തിനാലുരുകി
നമ്മള്‍ക്കു വെട്ടം പകര്‍ന്നിടുന്നു.
വെട്ടത്തിലുള്ളതാം സൂര്യരശ്മി
കട്ടെടുത്തീടുന്ന വസ്തുജാലം
കക്കുവാനാവാത്ത രശ്മിയല്ലോ
കണ്‍കളിലേക്കു പകര്‍ന്നിടുന്നു.
ഓര്‍ത്തു നോക്കീടുകില്‍ കണ്ടിടുന്ന
കാഴ്ചയില്‍ സൂര്യനാം, വസ്തുവല്ല!

മൂന്നു കവിതകള്‍

മൂന്നു കവിതകള്‍

ഇന്ന് രാമായണമാസം തുടങ്ങുന്നു. നമുക്കു മാതൃകയാകേണ്ടത് ആര് എന്ന ചോദ്യത്തിനുത്തരമായി ഉതിര്‍ന്നുവീണ മൂന്നു കവിതകള്‍

ഭാരതം ഭരതന്റെ രാജ്യം
ഭാരതം ഭരതന്റെ രാജ്യം
ഭരതനാമികള്‍ പലര്‍ ഭരിച്ചൊരു
ഭരണമാതൃകയായ രാജ്യം
ഭരണമാതൃകയായതെപ്പോള്‍?

ബ്രഹ്മനിഷ്ഠന്‍ ഋഷഭസുതനാം

ഭരതനിങ്ങൊരു കോടി വര്‍ഷം
പത്മചക്രഗദാധരന്‍ പര-
മാത്മതാതന്‍ വിഷ്ണുവിന്നെ
ഹൃദയഗഗന ദിവാകരപ്രഭ-
യെന്നറിഞ്ഞു ഭരിച്ച രാജന്‍

ഭരണമാതൃക തന്നെ; പക്ഷേ,
ഭാരതം വിഭജിച്ചു മക്കള്‍-
ക്കായി നല്കിയതെന്തു മാതൃക?
ഏകമിവിടെയനേകമായ്‌പ്പോയ്!

ദുഷ്യന്ത-ശകുന്തളാസുത-
നായിങ്ങു ജനിച്ച ഭരതനു-
മീ ഭൂമി ഭരിച്ച കാലം
ദീര്‍ഘം - പിന്‍ഗാമി വിതഥന്‍
അന്ധന്‍ - കുരുവിന്റെ മാതൃക!

ദശരഥന്‍ തന്‍ തനയനായും
ശ്രീരാമന്നനുജനായും
ചേട്ടന്റെ ചെരിപ്പു നന്ദി-
ഗ്രാമത്തില്‍ പ്രതിഷ്ഠിച്ചി-
ട്ടിവിടെ രാജ്യം രാമരാജ്യം

ജനഹിതാര്‍ഥം ഭരിച്ചീടണ-
മെന്നതോര്‍ത്തു ഭരിച്ച ഭരതന്‍
ഭരണമാതൃക - പൊരുളറിഞ്ഞാല്‍!

സ്വന്തമാണിവിടുള്ളതൊക്കെയു-
മെന്ന ധാരണ ഭരിക്കുന്നോര്‍
കൈവെടിഞ്ഞാല്‍ ജനഹിതത്തിന്‍

പ്രാതിനിധ്യം സംവഹിച്ചാല്‍
ജനഹിതത്തിന്നായ് ഭരിക്കാന്‍
കഴിയുമാര്‍ക്കും - അറിയണം നാം!

ഉള്‍ക്കാഴ്ച

നന്ദിഗ്രാം - രാമന്റെ പാദുകം പൂജാര്‍ഹ-
മെന്നറിഞ്ഞോരു ഭരതനുള്‍ക്കാഴ്ചകള്‍
നല്കിയ ഗ്രാമ, മുണ്ടിന്നുമെന്നോര്‍ക്കണം.

ആ ഗ്രാമം, ലക്ഷ്മണപത്‌നിയാമൂര്‍മിള,
കൈകേയി, പാദുകമില്ലാതെ കാട്ടിലൂ-
ടെന്നുമീ കല്ലുകള്‍ മുള്ളുകള്‍ താണ്ടുന്ന

രാമന്‍, സഹോദരന്‍ ലക്ഷ്മണന്‍, സീതയും
-ഉള്‍ക്കാഴ്ച നേടുവാനുള്‍ക്കണ്‍ തുറക്കണം!

വിഭവ-വൈഭവ ധനിക

വിഭവ-വൈഭവ ധനികയാണീ ഭാരതം, പ്രതിസന്ധികള്‍
ഇവിടെയും വരു, മെങ്കിലും പ്രതി മമതയെന്നറിയുന്നവള്‍
ഭരതമാതാ, -വവളതറിയാന്‍ പുത്രനാം ഗുരുമാതൃക-
അരുളിടുന്നൂ പരമമൂല്യം നിസ്വ നിസ്വാര്‍ഥസ്മിതം.
കാടു കയറിയ സോദരന്‍ ഭരണാര്‍ഹനെന്നറിയുന്നവന്‍
പാദുകം സിംഹാസനത്തില്‍ വച്ചു ജനഹിതദാസനായ്
രാജ്യമിങ്ങു ഭരിച്ച ഭരതന്‍ മാതൃകാഭരണാധിപന്‍
ഇവിടെയൊന്നും സ്വന്തമല്ലെന്നറിയുവോനാം നിര്‍മ്മമന്‍.
എങ്കിലും ഇവിടുള്ളതൊക്കെയുമിവിടെയോരോ മനുജനും
ജീവിതാനന്ദം പകര്‍ന്നീടും പഥം നിര്‍മ്മിച്ചിടാന്‍
എന്നറിഞ്ഞിവിടുള്ള വിഭവം വൈഭവത്താല്‍ മൂല്യമി-
ങ്ങേറിടും വിധമാക്കിയേകീടുന്ന ധന്യതയറിയുവോന്‍.

2011, ജൂലൈ 15, വെള്ളിയാഴ്‌ച

കവിത

ഇന്നലെ രാമപുരത്തിനടുത്ത് (പാലാ) ഇടക്കോലി ഗവണ്‍മെന്റ് സ്‌കൂളില്‍ ഒരു സാഹിത്യാസ്വാദന ശില്പശാല നടത്തി. അതില്‍ വിഷയം അവതരിപ്പിക്കാനായി എഴുതിയ ഒരു കവിതയാണിത്. കവിതയുടെ പേര് കവിത എന്നുതന്നെ. (ഇതിലെ നാളികേരം കവിതതന്നെ.)

കവിത


ഒരു നാളികേരമാമെന്നെ
ഒരു കളിപ്പന്തെന്നു കണ്ടി-
ട്ടൊരു കുട്ടിയൊരുതൊഴി തൊഴിച്ചു:
അരുളി ഞാന്‍: നീ കളിച്ചോളൂ.

കളിമടുത്തവനോടി;യപ്പോള്‍
കളിയല്ല കാര്യമെന്നറിയും
ഒരു യുവാവെന്‍ പുറംതൊണ്ടി-
ങ്ങൊരു പാരയാല്‍ പൊതിച്ചല്ലോ.

അവനമ്മയോടു ചൊല്ലുന്നു:
ഇതു നല്ല തേങ്ങയാണല്ലോ
ഉടനെയുടച്ചെടുത്തീടില്‍
ഇതു കറികള്‍ വയ്ക്കുവാന്‍ കൊള്ളാം.

അതുകേട്ടവന്റച്ഛനല്ലോ
അതുടനുടച്ചതന്നേരം
അതിലുള്ള വെള്ളം കുടിക്കാന്‍
വരുവതോ പേരക്കിടാവ്!

അതുകണ്ടു മുത്തച്ഛനോതി:
ഇതുപോലെയൊരു തേങ്ങ പണ്ടെന്‍
അരികിലും വീണു കിട്ടീ, ഞാന്‍
അതു നട്ടു, തെങ്ങായ് വളര്‍ന്നു.

അറിയുവിന്‍: ആ തെങ്ങില്‍ നിന്നാ-
ണിതു വീണു കിട്ടിയതു, നിങ്ങള്‍
നടുവതിന്നുള്ള വിത്തായും
ചില തേങ്ങ മാറ്റിവയ്‌ക്കേണം!

2011, ജൂലൈ 13, ബുധനാഴ്‌ച

'സംസാരം'

'സംസാരം'
അറിയുക: യെഴുത്തില്‍ത്തുളുമ്പുന്ന സൗമ്യതയ-
തറിവിന്റെ നെറിവല്ല; നിന്‍ സ്വഭാവത്തിന്റെ
പ്രതിയോഗഭാവമാം; നിന്നിലുണരും കോപ-
മതി തീവ്രമാം ധര്‍മ്മരോഷ, മതെഴുത്തിലൂ-
ടൊഴുകേണമെന്നതറിയാതെ നീനിത്യവും
എഴുതുവതു കപടത, യിതിനിവേണ്ട, രോഷമോ-
ടുറയുക, യെഴുത്തിലൂടുള്ളിലെച്ചൂടല്പ-
മൊഴുകുകില്‍ നീ സൗമ്യശീലനായ്ത്തീര്‍ന്നിടാം!
എഴുതവെ തുളുമ്പുന്ന വഴുവഴുപ്പാര്‍ന്ന നിന്‍
പദലഹരിയില്‍ വഴുതിവീഴുവാന്‍ വയ്യെന്നു-
പറയുവോ രഭ്യുദയകാംക്ഷികള്‍ - നീയവര്‍
പറയുന്നതെന്തെന്നു ചിന്തിച്ചുനോക്കുക:
ലഹരിസുഖ; മെങ്കിലും ബോധമേ നഷ്ടമായ്
ലഹളകളിലുള്‍പ്പെട്ടുപോകുന്നതും വഴിയില്‍
വഴുതി വീഴുന്നതും നന്നല്ല; നിന്നൊടൊ-
ത്തൊഴുകി നീങ്ങുന്നതൊരു മലിനജലവാഹിയാം
പുഴയിലേക്കെന്നു കാണുന്നു; പുഴ കടലിലേ-
ക്കെന്നതറിയുമ്പൊഴും വയ്യതിലൊലിച്ചിടാന്‍!
കടലതിനെ 'സംസാര' മെന്നവാക്കാലെ, പ-
ണ്ടറിവുള്ളവര്‍ വിളി; ച്ചറിയുകയതിന്‍ പൊരുള്‍!!

2011, ജൂലൈ 11, തിങ്കളാഴ്‌ച

നാലിതള്‍പ്പൂവുകള്‍

നിത്യാനന്ദ നിരാമയ നിന്നുടെ
നിത്യവസന്താരാമമതില്‍ ഞാന്‍
നിര്‍വൃതിയറിയാതെന്‍ നിര്‍വേദ-
നിലാവലയായലയുന്നവനല്ലോ!

എന്തെഴുതേണ,മനന്തമനശ്വര-
ചിന്തകളെങ്കിലു,മുള്ളിലെ നശ്വര-
ചിന്തകള്‍ ചന്തയിലെത്തിക്കും നീ
എന്തുമനശ്വരമാക്കുമെഴുത്താല്‍!

ഇനിയുമെനിക്കൊരു താളമുള്ളതില്‍ നിന്‍
കനിവരുളുന്നതു കാത്തുനിന്നിടുന്നൂ
ഹൃദയദളാലയമെന്നിലുണ്ടതില്‍ നീ
സദയമണഞ്ഞൊരു ഗീതയോതുകില്ലേ?

ഗഹനതയല്ല, മൊഴിഞ്ഞിടുന്നതെല്ലാം
ഗഗനസമാനതയായിടുമ്പൊ,ഴെന്നില്‍
ഗതമറിയുന്നവനു,ണ്ടവന്റെ വാക്കില്‍
ഗതിയറിയുന്നവനായി മാറണം നീ!

നാരദനും ബ്ലോഗേഴ്‌സ് മീറ്റും

നാരദനും ബ്ലോഗേഴ്‌സ് മീറ്റും

പാലാക്കാരന്‍ പാലായനനെ
പാതാളത്തില്‍ വച്ചാണല്ലോ
മാവില്‍ മാമ്പഴമുണ്ടായപ്പോള്‍
മാവേലിക്കതു നല്കാനെത്തിയ
നാരദമുനി കണ്ടെത്തിയ,തപ്പോള്‍
നാരദനിങ്ങനെ ചോദ്യമെറിഞ്ഞൂ:
'നാരദ'നെന്നൊരു തോന്നിക പണ്ടു
നടത്തിയ മാഡ് കമ്പനിയിന്നെങ്ങനെ?

ഇരുപത്തഞ്ചു കഴിഞ്ഞൂ വര്‍ഷം
നാരദനെങ്ങടെ നാട്ടില്‍ ജനിച്ചു-
മരിച്ചി,ട്ടിന്നാം നാരദമുനിയതു-
മറിയുന്നെന്നറിയുന്നതു ഞങ്ങള്‍!

മാഡ്കമ്പനിയില്‍ പാലായില്‍നി-
ന്നോടിയൊളിക്കാതൊരുവന്‍മാത്രം!
പാലായനനാമവനെങ്ങെല്ലാം
പോയാലും പാലായില്‍ വരുവോന്‍!!

'പാലാ,പാലാ'യെന്നൊരു വിളിയില്‍
പാലാ പാലായെന്നോര്‍മിച്ചി-
ന്നിവിടണയുന്നൂ മോഹനനാമനു-
മപരനുമിന്നെന്‍ വീട്ടി,ലറിഞ്ഞോ
നാരദമാമുനി? വയ്യ മറച്ചു
പിടിക്കാനൊന്നും ഇവരുടെ മുമ്പില്‍!

നാരദമാമുനി ചൊല്ലുകയായി:
''ബ്ലോഗുലകത്തിലുമെന്റെ വിശേഷം
നീയെഴുതുന്നെന്നറിയുന്നൂ ഞാന്‍!
ബ്ലോഗര്‍മാരുടെ കൂട്ടം കൂടീ-
ട്ടെന്തു വിിശേഷമതോട്ടം തുള്ളലി-
ലിവിടെപ്പാടുക, യെന്‍ ശിക്ഷയിതാം!''

നാരദവിധിയുടെ പൊരുളറിയുന്നോന്‍
മാബലിയപ്പോള്‍ ചൊല്ലുകയായി:
''നീയതു പാടുകിലതു കേള്‍ക്കേണ്ടി
വരുന്നതു ഞങ്ങള്‍ക്കല്ലാവര്‍ക്കും
നല്ലൊരു ശിക്ഷയതാകും! പക്ഷേ,
നാരദനാരെന്നറിയുന്നൂ ഞാന്‍!!

നുണകളിലൂടെ നേരിന്‍ പൊരുളുക
ളറിയിപ്പവനാം നാരദ മാമുനി!
ഏഷണിയല്ലാ ബ്ലോഗര്‍മാരുടെ
മോഷണലക്ഷ്യംപോലും, മാമുനി
സകലതുമറിയും ഗുരുവരനതിനാല്‍
ബ്ലോഗുലകത്തിന്‍ വാര്‍ത്തകള്‍ ചൊല്ലൂ:

ബ്ലോഗര്‍മാരുടെ ശക്തിയറിഞ്ഞവ-
രാണിവിടുള്ളവരൊക്കെയുമറിയൂ.
അര്‍ജുനശരമെന്നോണം നേരും
നുണയുമെറിഞ്ഞു വിടുന്നവര്‍ നിങ്ങള്‍!
കൊച്ചിയിലച്ചിയുമൊത്തൊരു ബ്ലോഗറു-
മെത്തിയതില്ലെന്നറിയുന്നൂ ഞാന്‍!!''

മറുപടിയെന്തരുളേണം? അവിയലി-
ലൊരുനാള്‍ ചാണ്ടി കമന്റിയതോര്‍ത്തു:
''ശീമാട്ടിക്കെതിരുള്ളൊരു ഹോട്ടലി-
ലച്ചിയുമൊത്തുവരാന്‍ ബ്ലോഗര്‍മാ-
മെങ്ങനെ ധൈര്യം കാട്ടും? പക്ഷേ,
ബ്ലോഗറിമാര്‍ ചിലര്‍ കൊച്ചുങ്ങളുമൊ-
ത്തെത്തിയിരുന്നൂ, കെട്ടിയവന്മാര്‍
ഒപ്പം വന്നോ ശ്രദ്ധിച്ചില്ല.''

ഇതു കേട്ടപ്പോള്‍ നാരദനോതി:
''അവിടെത്തിയതാം ബ്ലോഗര്‍മാരുടെ
പേരുകളരുളുക,യവരുടെ ബ്ലോഗുകള്‍
വായിച്ചൊന്നു കമന്റാന്‍ മാത്രം.''

'വണ്ടിപ്രാന്തന്‍' 'റോഡരികില്‍' ഹായ്
'കേരളഹഹഹാ', 'അഞ്ചല്‍ക്കാരന്‍'
'നവമുഖ''നേഴാംമുദ്ര'യുമൊത്ത്
'ചിത്രനിരീക്ഷണ'ലക്ഷ്യംവച്ച്
'തൂതപ്പുഴയോര'ത്തില്‍പോകാന്‍
'ഒരു നിമിഷംതരു'കെന്നു മൊഴിഞ്ഞൂ

'പകല്‍ക്കിനാവന്‍' 'പാമ്പള്ളി'ക്കായ്
'സത്യാന്വേഷക'നായ് മാറുന്നൂ

'ചാമ്പല്‍ക്കൂന'യി'ലനുസോണ്‍' 'ശ്യാമം'
'ഒടിയന്‍ പൂജ്യംപൂജ്യം ഏ'ഴായ്

ഇനിയും വൃത്തമിതില്‍ച്ചേര്‍ന്നീടാന്‍
തയ്യാറില്ലാച്ചതുരപ്പേരുക-
ളുള്ളവ,രവരുടെ പേരുകളെല്ലാം
അവിയലിലുണ്ടതു പോരേയിനിയും?

ഇതു കേട്ടപ്പോള്‍ മാവേലിക്കൊരു
ഗൗരവമുള്ള കമന്റുണരുകയായ്;
''ശരി, ശരി പേരുകള്‍ കേള്‍ക്കുമ്പോള്‍ ചിരി
വരുമെന്നാലും ഗൗരവമുള്ളോര്‍
ബ്ലോഗര്‍മാരിലുമുണ്ടാവില്ലേ?
അവരാരും വന്നില്ലേ അവിടെ?''

മറുപടിയെന്തു പറഞ്ഞീടേണം?
സത്യം പറയുക തന്നെ പഥ്യം.

''അവരു വരാറുണ്ടെന്നാലും ചിരി
ഗൗരവമുള്ളൊരുകാര്യമതാണെ-
ന്നറിയുന്നോരവര്‍, മുല്ലപ്പെരിയാര്‍
കണ്ടു ചിരിക്കാനെങ്ങനെയാവും?
ഞങ്ങടെ കൂടെ നിരക്ഷരനെന്നൊരു
ബ്ലോഗറുമുണ്ടങ്ങേരുടെയമ്പുകള്‍
അര്‍ജുനശരമായ് ഞങ്ങള്‍ തൊടുക്കാന്‍
കരുതുന്നുണ്ടെന്നങ്ങറിയേണം.''

ഇതുകേട്ടപ്പോള്‍ മാബലിമന്നന്‍
നാരദനോടായ് ചോദി,''ച്ചെന്തേ
ഇതിനൊരു മറുപടി?'' നാരദനോതി:
''രോദനമരുതെന്നറിയുക നിങ്ങള്‍!

പക്ഷേ, നമ്മുടെയെല്ലാം മുമ്പില്‍
മരണമതാണെന്നറിയുമ്പോഴും
മറവിയിലൊക്കെയൊതുക്കാനറിയും
മനുജമനസ്സിന്നത്ഭുതമന്നേ
ഭാരതമെഴുതിയ ഗുരു കണ്ടെന്നും
മനുജനു ചിരിയുടെ വഴിയില്‍ത്തന്നെ
കാര്യം കാണാന്‍ കഴിയണമെന്നും
അറിയുക, യെഴുതുക, വളരുക നിങ്ങള്‍!''

2011, ജൂലൈ 10, ഞായറാഴ്‌ച

അനന്തമാം സാധ്യത!!

അനന്തമാം സാധ്യത!!

ഇല്ല നേരം വൃഥാ കളഞ്ഞീടുവാന്‍
തെല്ലു; മെങ്കിലും കാത്തിരിക്കാന്‍ വിധി!
കാത്തിരിക്കുമ്പൊഴും കുറിച്ചീടുവാന്‍
ഹൃത്തിലാശയം നൂറുനൂറായിരം!!

എന്റെ വിശ്വമേ നിന്‍ പുറംമോടിയില്‍
എന്റെ കണ്‍കളുടക്കുന്നു; എങ്കിലും
കാഴ്ച മങ്ങുന്ന വേളയില്‍ നിന്‍പുറം
കാഴ്ച കണ്ടിനിയും നടക്കേണ്ടയെ-
ന്നെന്റെ മൗനം മൊഴിഞ്ഞിടു;ന്നെന്നിലു-
ള്ളെന്റെ ഗാനം ശ്രവിച്ചുണര്‍ന്നീടുവാന്‍!!

എന്റെ മൗനമേ, നിന്റെയുള്ളിന്റെയു-
ള്ളെന്റെ പത്മനാഭേശ്വര ക്ഷേത്രമാം!
ഉള്ളതെല്ലാം പുറത്തെടുത്തെങ്കിലും
എള്ളുമാത്രമാ,ണെള്ളിന്റെയുള്ളിലോ?

എണ്ണതന്‍ മൂല്യമല്ലതിന്‍ മൂല്യമായ്;
എണ്ണുവാനാവുകില്ലതില്‍നിന്നൊരു
വിത്തു പൊട്ടി മുളച്ചു കായ്ച്ചീടുകില്‍
വിത്ത്, വിത്തിന്നനന്തമാം സാധ്യത!!

2011, ജൂലൈ 8, വെള്ളിയാഴ്‌ച

വിത്തിന്നനന്തമാം സാധ്യത!

എന്റെ മൗനമേ നിന്റെയുള്ളിന്റെയു-
ള്ളെന്റെ പത്മനാഭേശ്വര ക്ഷേത്രമാം!
ഉള്ളതെല്ലാം പുറത്തെടുത്തീടിലും
എള്ളുമാത്രമാണുള്ളിന്റെയുള്ളിലോ?

എണ്ണതന്‍ മൂല്യമല്ലതിന്‍ മൂല്യമായ്;
എണ്ണുവാനാവുകില്ലതില്‍നിന്നൊരു
വിത്തു പൊട്ടി മുളച്ചു കായ്ച്ചീടുകില്‍
വിത്ത്, വിത്തിന്നനന്തമാം സാധ്യത!

ബുദ്ബുദം budhbudham: മുല്ലപ്പെരിയാര്‍

ബുദ്ബുദം budhbudham: മുല്ലപ്പെരിയാര്‍

2011, ജൂലൈ 7, വ്യാഴാഴ്‌ച

'യതിമതി'

നിത്യചൈതന്യയതിക്ക് ഒരു കവിത ജോസാന്റണി


'യതിമതി' - വാക്കുകളില്‍ തുളുമ്പിടുന്നോ-
രരുളറിയാ,നതിലൂടെയാത്മസത്യ-
പ്പൊരുളറിയാ,നതുതന്നെയായി രാവില്‍
ചിരി ചൊരിയാന്‍ കവിതേ, തുളുമ്പിടൂ നീ!

ഗുരു,വരുളിന്‍ പൊരുളായുണര്‍ന്നുവന്നി-
ന്നൊരു വെളിവായി നിനക്കുണര്‍വ്വുനല്കാന്‍
ഇരുപദമന്ത്രമുണര്‍ത്തിടുന്നു, കാണ്മൂ:
പല തലമുണ്ടിതിലും -പദാര്‍ഥജാലം!

പദലയലാസ്യതരംഗതീര്‍ഥമായി-
ങ്ങൊഴുകിവരും കവിതാമൃതോഷ്മളാത്മ-
സ്മിതമതു കാണ്‍കെ മൊഴിഞ്ഞു നീയൊരിക്കല്‍:
'യതി കവിതയ്ക്കനുപേക്ഷണീയമോര്‍ക്കൂ!'

'മതി മതി'യെന്നു പറഞ്ഞു നീയൊരിക്കല്‍.
പ്രഥമപദം 'മതി' ബുദ്ധിയെന്നു ചിന്തി-
ച്ചതുവഴിയോടി, മടുത്തു രാവിലിങ്ങീ
നിഴലിലിരിക്കെ, നിലാവു ചൊന്നു: ''നോക്കൂ

കുളിര്‍മതിയാം മതി, സൂര്യതാപമല്ലാ,
കനിവുണരും കനവെന്നപോലെ നിന്നെ-
തഴുകിയുണര്‍ത്തിയുണര്‍ന്നിരുന്നിടുന്നോള്‍
'മതി മതി'യെന്നതിനര്‍ഥമാണു ചൊല്‌വൂ!''

'യതമിയലും യതിവര്യ'നായിടുമ്പോള്‍
യതി കവിതയ്ക്കഴകായി മാറു, മപ്പോള്‍
'യതിമതി*'യെന്നതിനര്‍ഥമായി മാറും
'മതി മതി'യെന്നരുളുന്ന കാവ്യമെല്ലാം!

* യതി(സന്ന്യാസി)യുടെ മതി(ബുദ്ധി)