2011, നവംബർ 15, ചൊവ്വാഴ്ച

മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത


ജീവാണുഗീത*

അന്നത്തിനാലെ ജനിച്ചവര്‍ നമ്മള്‍

അന്നത്തിനാലെ ജീവിപ്പവര്‍ നമ്മള്‍

അന്നമായ്ത്തന്നെ മാറേണ്ടവര്‍ നമ്മള്‍

അന്നു നമ്മെത്തിന്നിടുന്നോര്‍ അണുക്കള്‍ !


കോടാനുകോടി ജീവാണുക്കള്‍ നമ്മില്‍

ജീവിച്ചു നമ്മള്‍ക്കു സേവനം ചെയ്‌കെ

ശത്രുവെന്നോര്‍ത്തു നാം വാങ്ങിക്കഴിക്കും

ഔഷധത്താല്‍ മരിക്കുന്ന മിത്രങ്ങള്‍

ആ വര്‍ഗമാണല്ലൊ നമ്മള്‍ മരിച്ചാല്‍

നമ്മെയന്നാഹാരമാക്കി ജീവിപ്പോര്‍ !!


ജീവാണുവൊക്കെയും നമ്മളെക്കാളും

ജീവാര്‍ഥമായ് പ്രപഞ്ചം കണ്ടിടുന്നോര്‍ !

മര്‍ത്യന്റെ ദുഷ്‌കര്‍മമോരോന്നിനെയും

അന്തര്‍ഗതോര്‍ജത്തിനാല്‍ കീഴടക്കാന്‍

ജീവാണുവൊക്കെയും ശക്തിനേടുമ്പോള്‍

നാം സര്‍വസംഹാരശക്തി തേടുന്നോര്‍ !!


ഇപ്രപഞ്ചത്തിന്റെ പിണ്ഡം നിറച്ചും

ഊര്‍ജം, നമുക്കിന്നണുക്കണ്ണുപൊട്ടി-

ച്ചൂര്‍ജം കറക്കാം, ഭരിക്കുന്നതാരെ-

ന്നോര്‍ക്കാതിരുന്നാല്‍ അഹംഭാവമാവാം!


ഈ നമ്മളെക്കണ്ടു ഗൂഢം ചിരിക്കും

ജീവാണു ചൊല്ലുന്നതെന്തെന്നു കേള്‍ക്കൂ:


''കാറ്റിന്റെ ശക്തിയില്‍ വന്മരം വീഴും

പുല്ലോ കൊടുങ്കാറ്റിലും നൃത്തമാടും

ഇപ്പാഠ,മിപ്പോലെ നൂറുനൂറല്ലോ

പാഠങ്ങളീ ജീവിതത്തില്‍ പഠിക്കാന്‍ !

പണ്ടുപണ്ടൊക്കെയുള്‍ക്കണ്ണുള്ള മര്‍ത്യര്‍

കണ്ടെത്തിയോരു സത്യത്തിനെക്കാളും

രണ്ടാം സഹസ്രാബ്ദമര്‍ത്യ'നാത്മാര്‍ഥം'

കണ്ടെത്തിയോ? സത്യമെന്തുണ്ടു വേറെ?

നിന്‍ പ്രാണനുള്ളില്‍ ചരിക്കും പഥങ്ങള്‍

കണ്ടെത്തുവാന്‍ നിനക്കുള്‍ക്കണ്‍കളുണ്ടോ?

കൈ കൊണ്ടു നാഡിതന്‍ സ്പന്ദങ്ങള്‍ നോക്കി

രോഗങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുണ്ടോ?

ശ്വാസകോശം,വൃക്കകള്‍ ,കരള്‍ , ഹൃത്തും

ബന്ധപ്പെടും വിധം കാണുവാനാമോ?

നിന്റെയാഹാരത്തിലുള്ളതാമൂര്‍ജം

എന്തൊക്കെ?, യെന്താണവയ്ക്കുള്ള ശേഷി?

സ്വന്തം മനസ്സിന്‍ കടിഞ്ഞാണ്‍ പിടിക്കാന്‍

സ്വന്തഹൃദ്‌സ്പന്ദനങ്ങള്‍ നിയന്ത്രിക്കാന്‍

ശേഷിയുണ്ടോ നിന?,ക്കീ പ്രപഞ്ചത്തില്‍

നീയാര്? നിന്നുള്ളിലുള്ളൊരീയെന്നില്‍ -

കൂടുതല്‍ നീയെന്തു നേടുന്നു ഭൂവില്‍ ?

നീ നിന്നമര്‍ത്യതയെന്തെന്നറിഞ്ഞോ?''


എന്നുള്ളില്‍ നിന്നേതു ജീവാണുവാണീ

ചോദ്യങ്ങളെന്നോടു ചോദിച്ചിടുന്നു?

ആരാകിലും ഞാനറിഞ്ഞിടുന്നല്ലോ

ഞാനെത്രയജ്ഞനാ, ണല്പനാം മര്‍ത്യന്‍ !


വീണ്ടും വരുന്നല്ലൊ ചോദ്യ, ''മീഭൂവില്‍

ജീവിച്ചിടുന്നതിന്നര്‍ഥമെന്താവും?''


ഇല്ലില്ലെനിക്കറിഞ്ഞീടില്ലയൊന്നും

ഞാന്‍ മര്‍ത്യനാം മരിച്ചീടുവാന്‍ ജന്മം!

എന്നഹംഭാവമേ പത്തി താഴ്ത്തുമ്പോള്‍

എന്താണൊരുള്‍സ്വരം കേള്‍ക്കുന്നു വീണ്ടും?


''വൈരുധ്യമൊക്കെയും തമ്മില്‍ക്കലര്‍ന്നി-

ങ്ങാനന്ദമേകും സമാധാനമാകാന്‍

ബന്ധങ്ങളര്‍ഥപൂര്‍ണങ്ങളാക്കീടാന്‍

ജന്മങ്ങളെന്നാണു പൂര്‍വികര്‍ ചൊന്നൂ!

മര്‍ത്യര്‍ക്കമര്‍ത്യത നേടുവാന്‍ മാര്‍ഗം

ഉള്‍ക്കണ്ണുകള്‍ തുറന്നീടുകില്‍ കാണാം!!''


*ജോസാന്റണി അന്നധന്യത മാസികയില്‍

2006 ഏപ്രില്‍, മെയ് മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ