2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

Sirena Huang dazzles on violin | Video on TED.com

Sirena Huang dazzles on violin | Video on TED.com

അനന്തമാം സാധ്യത!!

അനന്തമാം സാധ്യത!!

ഇല്ല നേരം വൃഥാ കളഞ്ഞീടുവാന്‍
തെല്ലു; മെങ്കിലും കാത്തിരിക്കാന്‍ വിധി!
കാത്തിരിക്കുമ്പൊഴും കുറിച്ചീടുവാന്‍
ഹൃത്തിലാശയം നൂറുനൂറായിരം!!

എന്റെ വിശ്വമേ നിന്‍ പുറംമോടിയില്‍
എന്റെ കണ്‍കളുടക്കുന്നു; എങ്കിലും
കാഴ്ച മങ്ങുന്ന വേളയില്‍ നിന്‍പുറം
കാഴ്ച കണ്ടിനിയും നടക്കേണ്ടയെ-
ന്നെന്റെ മൗനം മൊഴിഞ്ഞിടു;ന്നെന്നിലു-
ള്ളെന്റെ ഗാനം ശ്രവിച്ചുണര്‍ന്നീടുവാന്‍!!

എന്റെ മൗനമേ, നിന്റെയുള്ളിന്റെയു-
ള്ളെന്റെ പത്മനാഭേശ്വര ക്ഷേത്രമാം!
ഉള്ളതെല്ലാം പുറത്തെടുത്തെങ്കിലും
എള്ളുമാത്രമാ,ണെള്ളിന്റെയുള്ളിലോ?

എണ്ണതന്‍ മൂല്യമല്ലതിന്‍ മൂല്യമായ്;
എണ്ണുവാനാവുകില്ലതില്‍നിന്നൊരു
വിത്തു പൊട്ടി മുളച്ചു കായ്ച്ചീടുകില്‍
വിത്ത്, വിത്തിന്നനന്തമാം സാധ്യത!!



'യതിമതി'*


നിത്യചൈതന്യയതിക്ക് ഒരു കവിത


'യതിമതി' - വാക്കുകളില്‍ തുളുമ്പിടുന്നോ-
രരുളറിയാ,നതിലൂടെയാത്മസത്യ-
പ്പൊരുളറിയാ,നതുതന്നെയായി രാവില്‍
ചിരി ചൊരിയാന്‍ കവിതേ, തുളുമ്പിടൂ നീ!


ഗുരു,വരുളിന്‍ പൊരുളായുണര്‍ന്നുവന്നി-
ന്നൊരു വെളിവായി നിനക്കുണര്‍വ്വുനല്കാന്‍

ഇരുപദമന്ത്രമുണര്‍ത്തിടുന്നു, കാണ്മൂ:
പല തലമുണ്ടിതിലും -പദാര്‍ഥജാലം!


പദലയലാസ്യതരംഗതീര്‍ഥമായി-
ങ്ങൊഴുകിവരും കവിതാമൃതോഷ്മളാത്മ-
സ്മിതമതു കാണ്‍കെ മൊഴിഞ്ഞു നീയൊരിക്കല്‍:
'യതി കവിതയ്ക്കനുപേക്ഷണീയമോര്‍ക്കൂ!'


'മതി മതി'യെന്നു പറഞ്ഞു നീയൊരിക്കല്‍.
പ്രഥമപദം 'മതി' ബുദ്ധിയെന്നു ചിന്തി-
ച്ചതുവഴിയോടി, മടുത്തു രാവിലിങ്ങീ
നിഴലിലിരിക്കെ, നിലാവു ചൊന്നു: ''നോക്കൂ


കുളിര്‍മതിയാം മതി, സൂര്യതാപമല്ലാ,
കനിവുണരും കനവെന്നപോലെ നിന്നെ-
തഴുകിയുണര്‍ത്തിയുണര്‍ന്നിരുന്നിടുന്നോള്‍
'മതി മതി'യെന്നതിനര്‍ഥമാണു ചൊല്‌വൂ!''


'യതമിയലും യതിവര്യ'നായിടുമ്പോള്‍
യതി കവിതയ്ക്കഴകായി മാറു, മപ്പോള്‍
'യതിമതി*'യെന്നതിനര്‍ഥമായി മാറും
'മതി മതി'യെന്നരുളുന്ന കാവ്യമെല്ലാം!

* യതി(സന്ന്യാസി)യുടെ മതി(ബുദ്ധി)


2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആത്മോപദേശ സ്വാധ്യായം

ആത്മോപദേശ സ്വാധ്യായം


നിത്യചൈതന്യയതിയുടെ കൂടെ ഏതാനും വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ നാരായണഗുരുവിനെ കേരളത്തിലെ ഒരു പ്രത്യേകസമുദായക്കാരുടെ നേതാവായേ ഞാന്‍ കാണുമായിരുന്നുള്ളൂ. ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അര ഡസന്‍ പേരിലൊരാളായി നാരായണഗുരുവിനെ താന്‍ ദര്‍ശിക്കുന്നു എന്നും തന്റെ ദര്‍ശനവ്യക്തത നാരായണഗുരുവിന്റെ കൃതികളില്‍നിന്നു ലഭ്യമായിട്ടുള്ളതാണെന്നും നിത്യചൈതന്യയതി പറഞ്ഞതിനെത്തുടര്‍ന്നാണ് നാരായണഗുരുവെന്ന കവിയിലേക്ക് എന്റെ ശ്രദ്ധതിരിയുന്നത്. നാരായണഗുരുവിന്റെ ഒരു കൃതിയും കാണാപ്പാഠം പഠിക്കാനൊന്നും എനിക്കിനിയും കഴിഞ്ഞിട്ടില്ല. (എന്റേതെന്ന് ഞാനവകാശപ്പെടാറുള്ളവ പോലും കാണാതെ ചൊല്ലാന്‍ എനിക്കു കഴിയാറില്ല. പിന്നെയല്ലേ?) എന്നാല്‍ ആത്മോപദേശശതകത്തിന്റെ വൃത്തവും താളവും എന്തും അതിലെഴുതാന്‍ പ്രേരിപ്പിക്കുമാറ് എന്നെ സ്വാധീനിച്ചിട്ടുണ്ട്.

നാരായണഗുരുവിന്റെ ആത്മോപദേശശതകം സ്വയം മനസ്സിലാക്കാന്‍ ഞാന്‍ നടത്തുന്ന ഒരു കാവ്യവ്യാഖ്യാന സംരംഭമാണിത്. പൂര്‍ത്തിയായിട്ടില്ല. വായിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായി തോന്നുന്നെങ്കില്‍ അഭിപ്രായം അറിയിക്കുമല്ലോ.


ആത്മോപദേശ സ്വാധ്യായം


ഫെബ്രുവരി 1

1

അറിവിലടങ്ങിടുമുള്ളതൊക്കെയെന്നു-

ള്ളറിവിതിനുള്‍പ്പൊരുളാദ്യമായ് പഠിക്കാം:

അറിവിതിലെങ്ങനെയേറുമെന്റെ ദേഹം

അതിനിടമേകിടുമീയനന്ത വിശ്വം?


ഫെബ്രുവരി 2

2

അറിയുക: നിന്‍ സ്മൃതി നിന്റെയുള്ളിലല്ലോ

അതിലണയുന്ന തരംഗജാലമാണി-

ങ്ങനുഭവമായി നിറങ്ങളായ് നിലാവില്‍

നിഴലലപോലെയുണര്‍ന്നടങ്ങിടുന്നു.

3

അറിയുക: വെട്ടമതൊ,ന്നതില്‍ സഹസ്രം

നിറമവയൊക്കയുമുള്ളിലെത്തിടുമ്പോള്‍

ഉണരുമൊരായിരമോര്‍മകള്‍ മറക്കൊ-

ല്ലനുഭവമൊക്കെയുമിന്ദ്രിയേന്ദ്രജാലം!

4

പുറ,മകമെന്ന വിഭേദകസ്മിതത്തില്‍

പുലരുവതെങ്ങുമഭേദമാം പ്രപഞ്ചം.

'പറയുക: പ്രാണനുമന്നവും പുറത്തു-

ള്ളിരു പൊരുളെന്നതു സത്യമല്ലയെന്നോ?'

5

അവ തവദേഹമതിന്‍ പുറത്തുതന്നെ

അറിയുക: ദേഹവുമീ യനന്തതയ്ക്കുള്‍-

പ്പൊരുളരുളുന്ന പ്രപഞ്ചവും അടങ്ങും

പൊരുളറിവാണതിലാണു നമ്മളെല്ലാം.

6

ഇവിടനിഷേധ്യതയുള്ളതാകെ ഞാനി-

ങ്ങറിയുവതൊക്കെ,യതില്‍പ്പെടുന്ന സ്വപ്ന-

സ്മൃതികളിലും വരെയന്യരുണ്ടു, ദേഹം

അറിവിലെ മൂലയിലുള്ള ചാലു മാത്രം.

ഫെബ്രുവരി 4

7

സമയമിതിന്നു കൊടുത്തിടേണ്ട മൂല്യം

സമതുലിതത്വ പഥത്തിലെത്തിടുമ്പോള്‍

സമരസമെന്നതു മുക്തിതന്നെയെന്നും

സമമിതി സുന്ദരമെന്നുമിന്നു കാണാം.


ഫെബ്രുവരി 7

8

ഇരുളിനു കാരണമെന്ത്? ദൈവമായ്‌വ-

ന്നരുളുവതൊക്കയടക്കി സ്വന്തമാക്കും

പ്രവണതയാലിരുളെന്നു ചൊന്നിടുന്നൂ

രവികിരണങ്ങളറിഞ്ഞിടുന്ന ശാസ്ത്രം.

9,10

ദിനവുമനുഗ്രഹമായി വിശ്വനാഥന്‍

കിരണസഹസ്രമതേകിടുന്നുവെന്നും

ചിലതു നിന, ക്കതിലേറെയുള്ളതെല്ലാം

സഹജനു നല്കുവതാണു ധര്‍മമെന്നും

അറിയുക: ഭൗതികസത്യമെന്തിലും പ്രതീക-

പ്പൊരുളരുളാ, യതറിഞ്ഞിടുന്നവന്‍ നീ

അറിയുക: യുള്ളിലുമുണ്ടു സൂര്യരശ്മി,

പ്രതിഫലനാര്‍ഥ, മതാണു വര്‍ണജാലം.

11

അറിയുക: കാളിയെ! വര്‍ണജാലമെല്ലാം

അകമുഖിയായറിയുന്നൊരമ്മ കാളി!

അറിയുക നിന്‍ മമതയ്ക്കധീനമാമാ-

യിരുളരുളാക്കുവതിന്നവള്‍ക്കു നല്കാം.

12

അരുളിരുളിന്‍ പൊരുളായറിഞ്ഞ കാളി-

ക്കിരുളിനരുള്‍പ്പൊരുളാണു ഗര്‍ഭലോകം

അഭയമതില്‍ കിരണങ്ങളില്ല, യെന്നാല്‍

അതിലതിസൗഖ്യമറിഞ്ഞു നാം പിറന്നു.


13

അറിയുക: രണ്ടു കടല്‍ നമുക്കു: സര്‍ഗ-

സ്മിതലയമായ് നുരയിട്ടിടുന്ന സംവിത്.

അതിനനുപൂരകമാഴിയാണു കാളി

അവളഘമൊക്ക വിഴുങ്ങി വെട്ടമാക്കും.

14

ഇരുളിനുമുണ്ടു നദീ സമുദ്രജാലം

കരളിലഘംപൊരുളൂറി വന്നിടുമ്പോള്‍

അവയൊഴുകാന്‍ പുഴയാണു കാളി, സര്‍പ്പം

അഹ, മതിനിങ്ങടി നല്കിടാന്‍ പ്രപഞ്ചം!

15

അറിയുക നിന്നിലെ നിന്നിലുള്ളൊരെന്നെ!

അതിലൊരു ബിന്ദുവിലുള്ള വര്‍ണമാം നീ!!

അറിയുക ബിന്ദുവിലുള്ള വര്‍ണജാലം

ഇഹ, മിവിടുള്ളതു ബുദ്ബുദപ്രപഞ്ചം!!!


ഫെബ്രുവരി 8

16

വെറുതെയിരിക്കുക, യൊന്നുമില്ല വ്യര്‍ഥം

നിമിഷ, മിതില്‍ ലയമുള്ളതിങ്ങു കാണാന്‍

കഴിയവെയാണകമേ വിടര്‍ന്നുവന്നി-

ട്ടലയിടുമാഴിയതായി വര്‍ണജാലം!

17

മിഴികളടയ്ക്കുക, കാണുമാത്തമസ്സില്‍

ചെറിയൊരു ബിന്ദു വളര്‍ന്നു വര്‍ണജാല-

പ്പൊരുളരുളും, മിഴിയില്‍ക്കടന്നുവന്നി-

ട്ടുണരുവതാമുലകിന്റെ സത്യമിങ്ങാം!

18

ഇവിടെയിതീനിമിഷത്തിലാണു സത്യം

ഇതിലധികം പൊരുളില്ല ജീവിതത്തില്‍.

ഹൃദയലയാലയസര്‍ഗസംഗമത്തില്‍-

പ്പരമരുളെന്തെവിടെന്നു നോക്കിയാലും.

19

ഇതു മതിയിന്നിനു നിന്റെ മന്ദഹാസ-

സ്മൃതിയിലലിഞ്ഞു മൃതീമൃദംഗതാളം

അതിരുചിരം ലയമെന്ന ബോധ്യമാകും

അതിലലിയുമ്പോഴുതാണു ജീവതാളം.

20

'മതി മതി'യെന്നതു നല്ല ഭാവമല്ലെ-

ന്നറിയുക, നിന്‍ മതി സത്യമല്ല, യെന്നില്‍

മൃതിയെ ജയിച്ചൊരു സത്യമുണ്ടറിഞ്ഞാല്‍

'മൃതി മതി'യെന്നതിനര്‍ഥമായി നമ്മള്‍!

21

അറിയുക: യാര്‍ദ്രതടങ്ങളില്‍ നിലാവിന്‍

നിഴലലമാലകളായ് വിടര്‍ന്നിടുമ്പോള്‍

അകമുഖമായറിയുന്നതാം നിഷേധ-

സ്മൃതികളലിഞ്ഞതിലാര്‍ദ്ര ഭാവമാകും.

22

അറിയുക: യാര്‍ദ്രതയാണു നിന്നിലിന്നു-

ള്ളതിഗഹനം മമതാനിഷേധഭാവം

അരുളുവതാം മരുവിന്നുതുല്യമാമുള്‍-

പ്പൊരുളിലുമേറെയെനിക്കു വേണ്ടതോര്‍ക്കൂ.

23

എഴുതുവതുള്‍ക്കടലില്‍ നിറഞ്ഞുണര്‍ന്നി-

ന്നനുനിമിഷം വിടരുന്ന ബുദ്ബുദത്തില്‍

പ്രതിഫലിതം ഗഗനാംശമാണറിഞ്ഞി-

ട്ടൊഴുകിയടങ്ങിയതില്‍ ലയിച്ചു ചേരൂ.

24

എഴുതലിലല്ലൊഴുകുന്നതില്‍ രസംക-

ണ്ടൊരുനുരയായലിയുന്നതത്രെ കാമ്യം

വഴുതലിലല്ലഴ, കെന്നുമെന്തുമാത്രം

അഴലതിലിങ്ങലിയുന്നുവെന്നു കാണൂ.


ഫെബ്രുവരി 9


ബാധകള്‍ പലതരം, ഇതു നന്ദി കവിയവെ

ഒഴുകിടും കണ്ണീര് - നിരുപദ്രവ ദ്രവം!

യതിബാധയും ദുഃഖമുക്തിയുണ്ടാക്കുമെ-

ന്നുഭവിച്ചറിയവെ, എഴുതിയൊഴുകുന്നു ഞാന്‍! !


ഫെബ്രുവരി 11

25, 26

അനുഭവമെന്നതു ബുദ്ധിയോടു ചേര്‍ന്നി,-

ട്ടിവിടെയിതെ, ന്തിതുപോലെ പണ്ടു കണ്ടോ-

രിനമതെനിക്കു പകര്‍ന്നതെന്തു, ദുഃഖം

പകരുവതാകിലറിഞ്ഞിടേണ്ടയെന്നുള്‍-

ക്കുശലതയോടെയൊഴിച്ചു നിര്‍ത്തി നിത്യം

അഹമതിനാഗ്രഹമൊത്തു സ്വന്തമാക്കും

ചില, തിടമില്ലിവിടെന്നു കണ്ടു വര്‍ജി-

ച്ചവയുമടങ്ങിയതാം പ്രപഞ്ചമോര്‍ക്കൂ.


ഫെബ്രുവരി 11

27

ഉലകവുമുള്ളതുമായ്ക്കലര്‍ന്നുനില്ക്കും

നിലയിതിലുള്ളാരു നീതികേടിനാലോ

ഉലയിലുരുക്കുവതെന്നെ, നിന്‍ ഗളത്തില്‍

നിലയിവനെ? ന്തതു സര്‍പ്പനാഥനൊപ്പം.

28

കലവറയില്ല കവിഞ്ഞൊലിച്ചിടുന്നൂ

കരുണ,യതില്‍ നുരമാത്രമാണു ഞാനെ-

ന്നറിയവെയെന്നിലെ ബുദ്ബുദങ്ങളില്‍ നീ

അഴകഴലാക്കി രസിപ്പതെന്റെ കാഴ്ച!

29

വഴുതുവതിന്നിനിയാവുകില്ല മീനായ്

ഒഴുകുകയെന്നതിലേറെ ധര്‍മമില്ല

വെറുതെയൊഴുക്കിനെ ധിക്കരിച്ചിടില്‍ നീ-

യറിയുമതിന്‍ ഫലമേ നിരര്‍ഥകത്വം!

30

ഇവിടൊരു പൂവിനു വര്‍ണഭംഗിയേകും

കതിരവനായി വെളിച്ചമേകിടാന്‍ നീ!

ഇതിലുരുവായി വരുന്ന ശിഷ്യനും ഞാന്‍

പരമൊഴിയായൊഴുകും ഗുരുത്വവും ഞാന്‍!

31

അഹമഘമല്ല,യഹന്തപോലുമല്ല

വിഹഗസമാനനെനിക്കനന്തവിശ്വ-

പ്പൊരുളറിയാനിരു കണ്‍കളായ് എനിക്കെന്‍

അകമുഖബിന്ദുവിലുള്ള കേന്ദ്രമത്രേ!

32

അറിവിനെയിങ്ങറിയാന്‍ തുനിഞ്ഞിടുമ്പോള്‍

നെറിവിലുണര്‍ന്നു വരുന്നിരുള്‍ നിലാവില്‍

ഇരുളരുളെന്നറിയുന്നു ഞാന്‍ കിനാവില്‍

നിറമുണരുന്നതു പോലെയാണു വിശ്വം!

33

നിഴലിരുളിന്‍ സുതയാണു വര്‍ണജാല-

പ്പൊരുളിലുമുണ്ടവ,ളാകയാല്‍ നിലാവിന്‍

കരളിലെ സര്‍ഗസുഗന്ധമായ് കിനാവിന്‍

കവിതയിലക്ഷരസാക്ഷിയായി മാറൂ!

34

സമയമതിന്നളവില്ല, സംഭവങ്ങള്‍-

ക്കിടയിലിടം തിരയേ, ണ്ടനര്‍ഗളത്വം

മുറിയുവതെങ്ങനെ? സ്വപ്ന മന്ദഹാസ-

സ്മരണയിലാരിവളെന്നൊരത്ഭുതം നീ!

35

ഇവിടെയിതിങ്ങനെ, വിശ്വമെന്നപോലാം

കവിതയുമെന്നറിയുന്ന വേളയില്‍ നീ

മൊഴിയുവതിങ്ങു പകര്‍ത്തലെന്നിയേയി-

ല്ലൊരു ചെറുവാക്കുമെനിക്കു കാവ്യഭൂവില്‍.

36

വിജനവിഹായസവീഥിയില്‍ ചരിക്കാന്‍

സഫലവിദൂരത സ്വപ്നമെന്നറിഞ്ഞാ-

വിഫലത പോലുമനന്തശാന്ത സ്വപ്ന-

പ്പൊരുളരുളുന്നൊരു മൗനമെന്നു കാണൂ.

37

എഴുതുക, യെന്തിവ ചേര്‍ന്നുവന്നിടുമ്പോള്‍

പൊരുളരുളെന്നിയെ, നീയുമിങ്ങു കാവ്യം

എഴുതിടവേ, ഗണനാഥദന്തമായ് നിന്‍

അഹമതറിഞ്ഞതു കൈയിലേന്തിയെത്തൂ.


ഫെബ്രുവരി 12

38

കൊതുകുകളും ഗുരുവെന്നറിഞ്ഞു ഞാനീ

നിമിഷമിരു, ന്നതിശാന്തനാ, യവയ്ക്കും

ഇവിടൊരു ജീവനമുള്ളതോര്‍ത്തു സ്വന്തം

രുധിരമശിക്കുകയെന്നു ചൊന്നു നോക്കി.

39

അവ പടയായി വരുന്നതുണ്ടു, പക്ഷേ,

അവയുടെ പാട്ടിലലിഞ്ഞു ശാന്തനായ് ഞാന്‍

വെറുതെയിരിക്കവെ വേ,ണ്ടവയ്ക്കു രക്തം

അവയരുളുന്നിവിടുള്ള ശാന്തി പഥ്യം!

40

അവയിവിടെന്നുടെ ദേഹസീമയില്‍നി-

ന്നൊരുതരി ദൂരെയലഞ്ഞിടുന്നു പാട്ടും

നടനവുമാണവ, യാസ്വദിച്ചിടുമ്പോള്‍

ഇവിടെയവയ്ക്കുമെനിക്കുമുള്ളു ശാന്തം!


ഫെബ്രുവരി 13

41

ഒരു കുയിലിങ്ങൊരു പാട്ടു പാടിടുമ്പോള്‍

ഒരു കുയിലങ്ങതു കേട്ടു കൂവിടുന്നു.

ഇരുവരുമുള്ളിലറിഞ്ഞിടും പ്രഹര്‍ഷം

കരു, രതിതന്നെ യകംപൊരുള്‍ തിരച്ചില്‍!


ഫെബ്രുവരി 15

42

ഇവിടെയരുള്‍മൊഴിയെന്നിലെത്തി'യെന്നും

കവിതയിലെന്നുടെ ഹര്‍ഷവര്‍ഷമാ'ണെ-

ന്നരുളി, യെനിക്കിവിടില്ല നിന്റെ വര്‍ഷ-

പ്പൊരുളിലുമേറെയൊരാറുമിങ്ങൊഴുക്കായ്.

43

അറിയുക നിന്നിലെ നിന്നെ നിന്നിലിന്നു-

ണ്ടറിവിലലിഞ്ഞൊരു ഹര്‍ഷവര്‍ഷമായ് ഞാന്‍

ഇവിടൊരു ജീവിതസത്യമാകെ: യെല്ലാം

കവിത, യകത്തൊരു ഹര്‍ഷബിന്ദു മാത്രം.

44

എവിടെവിടൊക്കെ നിലാവുപോല്‍ കിനാവിന്‍

കവിളിണയിന്നു തുടുത്തിടുന്നു? ഹര്‍ഷ-

പ്പൊരുളവിടുണ്ടു നിലാവിലും നിഴല്‍പോല്‍

അഴലലയു, ണ്ടലമിഥ്യ, സത്യമാഴി!

45

അനുഭവസാക്ഷ്യമതാണു സത്യ, മല്ലാ-

തനുദിനമിങ്ങു കിനാവു കണ്ടിരുന്നാല്‍

കനവിതുസത്യമുറഞ്ഞതെന്നു കണ്ടാല്‍

കനവിനകംപൊരുള്‍ കണ്ടിടാനുമാകാ!

46

എഴുവതെന്തിന്, സര്‍ഗഗംഗയുള്ളില്‍

ഒഴുകിവരായ്കി, ലനശ്വരസ്മിതംക-

ണ്ടതിലലിയുമ്പോഴുതാണു ഹര്‍ഷവര്‍ഷം!

അതിലൊരു തുള്ളിയിലിന്നലിഞ്ഞു ചേരാം!!

47

വെറുതെയിരിക്കുകയെന്നതെന്തിനെന്നോ?

വെറുതെ വിധേയത തന്നിലുള്ളൊരര്‍ഥം

നിറയുവതെങ്ങനെയെന്നു നോക്കിനില്ക്കല്‍!

നിറമിഴിയില്‍ പ്രതിബിംബിതം പ്രപഞ്ചം!!

48

കരുണയിലുള്‍പ്പൊരുളുണ്ടു, കണ്ണുനീരില്‍

അലിയുമഹംപൊരുളാ, യതെന്റെ ഹൃത്തില്‍

കവിയെവയാണു കൃതാര്‍ഥതാര്‍ഥമായി-

ങ്ങഖിലവുമെന്നിലലിഞ്ഞതെന്ന കാഴ്ച!

49

'ഇവിടെയഹന്തവെടിഞ്ഞിടുമ്പൊഴെന്താ-

ണനുഭവ? മിന്ദ്രിയജന്യമായതല്ലാ-

തൊരുസുഖമെങ്ങനെ? മൃത്യുശേഷമുള്ളോ-

രമൃതമതിന്‍വില യെന്തി, നാര്‍ക്കു വേണം?'

50

അറിയുക: നിന്നിലെയെന്റെ കണ്ണുകൊണ്ടേ

അലകളടങ്ങിയൊരാഴി, നിന്റെയാത്മ-

പ്രഭയിലലിഞ്ഞൊരു വിശ്വരൂപഭാവ-

പ്രചുരിമ, വശ്യത, യാസ്വദിപ്പതാവൂ.

ഫെബ്രുവരി 16

51

അറിവിനകംപുറമില്ല, യിങ്ങുകാണു-

ന്നവയവതന്നെ, യവയ്ക്കിടം നമുക്കി-

ങ്ങനുഭവമാകുമിടത്തുതന്നെ, നാമും

അറിവിലമര്‍ന്നവരായ നിത്യസത്യം!

ഫെബ്രുവരി 17

52

ഇരുളിലുമുണ്ടരുളെന്നറിഞ്ഞു മൗന-

പ്പൊരുളരുരുളും പൊരിയൂതിയൂതി നിത്യം

കരളിലെയിക്കളയൊക്കെഭൂതിയാക്കാന്‍

തിരികളൊരായിരമിങ്ങു നീ കൊളുത്തൂ

53

തിരി, തിരിയാപ്പൊരുളെന്തിലേക്കുമെത്തും

പൊരി,യതു കത്തവെയുള്ളിലെത്തുമാര്‍ദ്ര-

സ്മരണയി, ലീയിരുളിന്നുപോലുമുള്ളോ-

രരുളരുളും ഗുരുവുണ്ടു നിന്റെയുള്ളില്‍.

54

ഗുരുവറിയൂ തരിവെട്ടമാണു, കത്തും

കരു, കരുണക്കടലിന്റെ ശാന്തഭാവം.

പൊരുളറിയാത്തിരയല്ല, ബുദ്ബുദംപോല്‍

പൊരുളറിയുന്നവനാണു നീ നിലാവേ

55

അറിയണമാത്മപഥങ്ങളില്‍ പദങ്ങള്‍

അതിലണയും പഥരേണുപോലുമാര്‍ദ്രം

ഹൃദയദളം ലയലാസ്യമാര്‍ന്നു മൗന-

പ്പൊരുളിലുണര്‍ന്നൊരു ഗാനമായി മാറും.

56

ഒഴുകിവരുന്നവയൊന്നുമെന്നിലൂടി-

ങ്ങൊഴുകിയതാകിലു,മെങ്ങുമേവരേയും

തഴുകുവതിന്നണയുന്നതെങ്കിലും ഈ

പുഴയുടെ ലക്ഷ്യമതാഴിയെന്നറിഞ്ഞേന്‍.

57

ഗുരുവരുളിന്‍പൊരുളൊക്കെ നീയുണര്‍വിന്‍

തരളതയായറിയുന്നു, നിന്നിലൂടി-

ന്നൊഴുകുവതും ഗുരു തന്നരുള്‍, നിനക്കീ

പുഴ മഴയോടരുളുന്ന നന്ദിപോരും.

58

എവിടെയുമെന്റെ നിലാവു കണ്ടു നീങ്ങില്‍

കവിതയിലൊക്കെയുമെന്‍ കരള്‍ത്തുടിപ്പാം

ഇവിടെയറിഞ്ഞിടുമാര്‍ദ്രഭാവമാം നിന്‍

കവിതകളെങ്കിലതെന്റെ സ്വപ്നമല്ലോ.

59

അഹമഹമെന്നുയരുന്നതെന്തുമെന്നും

ഇഹപരഭേദമറിഞ്ഞിടാതിരിക്കില്‍

ഗഗനപഥങ്ങളിലൂടെയീ ബലൂണ്‍പോല്‍

ഗഹനത വന്നിടുകില്‍ നിലം പതിക്കും

60

'ഒരു പുതുബിംബവുമിങ്ങുവന്നിടായ്കില്‍

എഴുതുവതെന്തിനു?' 'നിന്റെ ലക്ഷ്യമെന്തെ-

ന്നറിയവെയെന്തിനു സാന്ദ്രബിംബജാലം?'

ഇതു 'ഡയലോ'ഗിതുതന്നെ നിന്റെ മാര്‍ഗം!

ഫെബ്രുവരി 19

61

ഇതു കുട-മിന്നലെ, യിന്നുമിങ്ങു കണ്ണില്‍

പതിയുവതാം കിരണങ്ങളൊന്നുതാനെ-

ന്നരുളുവതോര്‍മകളാണു, വസ്തുനിഷ്ഠം

സ്മരണകളെന്നതു മിഥ്യമാത്രമെന്നും.


62

'ഇതു സഹജന്‍, പ്രിയ'നെന്നതൊക്കെയുള്ളില്‍

അരുളുവതും സ്മൃതിയാണു, വസ്തുനിഷ്ഠം

മിഴിയിലണഞ്ഞിടുമേതു രശ്മിജാലം

അരുളുമി'തെന്‍ പ്രിയ' നിങ്ങിതാത്മനിഷ്ഠം!

63

അറിയുക; യീ പിരിവില്ല 'വാസ്തവ'ത്തില്‍

അറിയുവതൊക്കെയുമുള്ള, തുള്ളതില്‍ നാം

അറിയുമനേകതയോ തരംഗജാലം!

അറിയണമുള്ളവയാഴി, യാഴവുംതാന്‍!

64

കടലിതുസത്യ, മിതില്‍ നുരഞ്ഞൊടുങ്ങും

കുമിളയഹന്ത, യതല്ലസത്യമെന്നു-

ള്ളറിവിലുണര്‍ന്നിടിലാഴിയാഴവും നാ-

മറിയു, മനന്തതയില്‍ നിറഞ്ഞിടും നാം!

65

എഴുതുക നീ, യിതിലൂടെയാണു ഞാന്‍ നിന്‍

നിഴലിനു പിന്നിലൊളിച്ചിടുന്ന സത്യ-

പ്പൊരുളറിയാന്‍ മിഴി കിട്ടിടുന്ന, തൊപ്പം

അരു,ളമൃതാം മധു, നീ നുകര്‍ന്നിടേണം!

66

മമത നിരര്‍ഥകമെന്നറിഞ്ഞിടുമ്പോള്‍

മമതകളുള്ളവരാണു മര്‍ത്യരെന്നു-

ള്ളറിവിലെ വാസ്തവമെന്നുമോര്‍ത്തിടേണം!

അറിവിതിലുള്ളവയൊക്കെ വാസ്തവങ്ങള്‍!!

67

അറിയുക: യിങ്ങനുഭൂതികള്‍ക്കുമുണ്ടി-

ങ്ങറിവിലിടം, പൊരുള്‍ വസ്തുജാലമല്ലെ-

ന്നറിയവെതന്നെയറിഞ്ഞിടേണമെല്ലാം

അറിവിലടങ്ങുവ, തുണ്മ മിഥ്യയല്ല!

68

അറിവിനുമപ്പുറമൊന്നുമില്ലയെ,ന്നുള്‍-

പ്പൊരുളിലടങ്ങിടല്‍ മൃത്യവല്ലയെന്നും

അറിയുക, മിഥ്യ വെടിഞ്ഞു സത്യമെന്തെ-

ന്നറിയവെ മിഥ്യയുമുള്ളതില്‍ ലയിക്കും!

69

അറിയുക: കാലവുമില്ല, കാലജാലം

അറിവിലെയിത്തിരിയിത്തരിത്തരങ്ങള്‍

ക്കിടയിലലഞ്ഞുവലഞ്ഞിടുമ്പൊഴല്ലോ!

തരി തിരിയില്‍ മെഴുകെന്നറിഞ്ഞു കത്താം!!

70

ധൃതിയരുതൊന്നിനു, മൊക്കെയുള്ളടക്കി-

ധൃതഗതിയെന്നതിനര്‍ഥമായി മാറി

കൃതമിവയൊക്കെയനന്ത സര്‍ഗഭാവ-

ക്കൃതികളിലക്ഷരജാലമെന്നു കാണൂ!

71

ഒഴുകിവരും വെളിപാടുകള്‍ക്കു മുന്നില്‍

ഒരു മടയന്‍, മട മേടയായിമാറു-

ന്നിടമിവിടുള്ളതറിഞ്ഞുറങ്ങിടാതീ

ഇരുളിലരുള്‍പ്പൊരുളായുണര്‍ന്നിരിപ്പൂ!

72

സകലതുമാത്മഗതം, ഗതീയതയ്ക്കും

അകലെയുമുള്ളിലുമുള്ളതൊക്കെയൊന്നെ-

ന്നറിയവെയുള്ളൊരു നിശ്ചലാര്‍ദ്രതയ്ക്കും

ഒരുപൊരുളെന്നറിയുന്നതാണു മുക്തി!

73

ഇവിടെയടങ്ങിയിരിക്കുകെന്നുമാത്രം

അരുളിടുവോന്‍ ഗുരു, നിന്റെ കര്‍മപാശം

അഴിയുവതിന്നു കുറെക്കറങ്ങിടേണം

ഭ്രമണപഥം വിടുകില്ലൊരിക്കലും നീ!

74

ഭ്രമണപഥം വിടുവോരുമുണ്ടു ഭൂവില്‍

ഭ്രമപഥമു, ണ്ടതിലെത്തുവോരെ വീണ്ടും

ഭ്രമണപഥത്തിലണയ്ക്കലാം പ്രയാസം

പ്രളയപഥം വഴിയാണവര്‍ക്കു മുക്തി!

75

ഇവിടെ നിനക്കു തെളിഞ്ഞുകിട്ടിയിപ്പോള്‍

കവിതയിലൂടൊരു മുക്തിമാര്‍ഗ, മോര്‍ക്കൂ:

വരുമൊരു വാമനനെന്നു, മന്നു നീയും

കുനിയണമെന്നുമറിഞ്ഞു നീങ്ങണം നീ!

76

ഗണപതി തന്റെയഹന്തയാണു കൊമ്പായ്

എഴുതുവതിന്നുപയുക്തമാക്കി, നീയും

ഒഴുകിവരുന്നതറിഞ്ഞുമാത്രമല്ലാ-

തെഴുതരു, തോതുവതുള്‍ക്കരുത്തു നേടാന്‍!

77

ഗണപതിവാഹനമായ മൂഷികന്‍ നിന്‍

മിഴിയിലെ വിശ്വരഹസ്യമോതിടുമ്പോള്‍

ഗണപതി നിന്‍ ഗുരു, ക, ണ്ണകംപുറങ്ങള്‍

അറിയുവതിന്നടയാനുമുള്ളതോര്‍ക്കൂ.

78

ഇരുചെവിയും വലു, തൊപ്പമീ വിവേക-

പ്പൊരുളരുളുന്നൊരു നീണ്ട മൂക്കുമുള്ളോന്‍

അറിവുകളുള്‍പ്പൊരുളായറിഞ്ഞു നേടീ

പഴ, മതു ചേട്ടനു കിട്ടിയില്ലിതോര്‍ക്കൂ!

79

'ഇവനു വിവാഹമതിന്നു വേണ്ട നാളെ

മതി', യിതു ചൊന്നവനിങ്ങു കാലമെന്നാല്‍

എവിടെയുമിന്നിലലിഞ്ഞതാണു, നാളെ

അണയവെയിന്നിലലിഞ്ഞുചേരുമല്ലോ!

80

വഴിയിലെ വിഘ്‌നമൊടുക്കുവോനവന്‍ തന്‍

ഒരു ചുവടിത്തിരി പിന്നിലേക്കുനീക്കീ-

ട്ടെതിരികളെന്നുമുറക്കമായിടുമ്പോള്‍-

ഇരുചുവടാല്‍ ഗതി പൂര്‍ത്തിയാക്കുവോനാം!

ഫെബ്രുവരി 21

81

കരു, കരണം - ഗുരുവോതിടുന്ന വാക്കിന്‍

പൊരുളറിയാതിരുളില്‍ക്കഴിഞ്ഞിടേണ്ടാ.

കരു ചതുരംഗകളങ്ങളില്‍ക്കളിക്കും

കരുവതുതന്നെ, യതാണു നിന്റെ സത്യം!

82

ഇവിടറിയൂ: കരുവിന്റെ നീക്കമെല്ലാം

ഒരു കരമ, ല്ലതിനും നിയാമകത്വം

അരുളി, വിധേയതയാണു ധര്‍മമെന്നി-

ങ്ങരുളുവതാ, രവനിങ്ങു സാക്ഷിഭാവം!

83


അനുഭവമെന്തിലുമെന്തിതെന്ന ചോദ്യം

മനമതു നിത്യമുയര്‍ത്തിടുന്നു, ചിത്തമെന്നാല്‍

പഴയൊരു നൂറു പടങ്ങളിങ്ങു കാട്ടും

സ്മൃതി, യതിലേതതു ചൊന്നിടുന്നു ബുദ്ധി!

84

അറിയുക: ബുദ്ധിയൊടെന്തു സൗഖ്യമാണീ

യനുഭവമേകുകയെന്ന ചോദ്യമോടെ

അനുഭവസീമയിലേക്കു വിട്ടിടാനും

അവഗണനയ്ക്കുമഹന്തകൂടെ നില്പൂ!

85

കരണമതിങ്ങനെ നാലു പേരു ചേര്‍ന്നോ-

രനുഭവമൂല്യ നിയാമകര്‍, നമുക്കുള്‍-

പ്പൊരുളറിയിപ്പതിലെത്ര സൂക്ഷ്മതത്ത്വം?

ഇവിടെയതീന്ദ്രിയമെന്തുമോര്‍ത്തുനോക്കില്‍!

മാര്‍ച്ച് 5

86

ഗുരുവിലടങ്ങിയ സര്‍ഗശക്തിയാം നിന്‍

കരുവിലുമുള്ള,തതാണു ബ്രഹ്മദേവന്‍

അറിയുക: നിന്നിലുണര്‍ന്നടങ്ങിയാലും

സ്മരണയിലുള്ളതുതന്നെ വിഷ്ണുമായ!

87

അറിയുക: നിന്നുടെ വിശ്വമെന്നസര്‍ഗ-

സ്മൃതിയതടങ്ങവെയാണു ശൈവഭാവം.

ഇവരിലുമേറെയൊരാത്മസത്യമുണ്ടി-

ങ്ങതിലലിയുന്നതിലാണു ജീവിതാര്‍ഥം.

88

അറിയണമിങ്ങതുബ്രഹ്മ,മെങ്കിലും പേ-

രതിനരുളുന്നതിലര്‍ഥമില്ല തെല്ലും.

പൊരുളറിയാനരുളായി ബോധമല്ലോ

അതു നിരുപദ്രവ നിര്‍ഗുണപ്രകാശം!

89

വരുക, നിലാവിതിലെന്റെ നിത്യസര്‍ഗ-

സ്മരണയിലുള്ളൊരു മന്ദഹാസമായ് നീ!

ഇരുളുമരുള്‍, പകലിന്നു രാത്രി വേണം,

കരളിതിലിങ്ങൊരു രാത്രിമൗനമാം നീ!

90

ഒഴുകിവരുന്നരു,ളിങ്ങിതേതു താളം

തഴുകവെയാം ശ്രുതിമാരിയായുണര്‍ന്നീ

പുഴയിലെ ബുദ്ബുദജാലമായി വൃത്തം

നജജരഗം ഗഗനാര്‍ഥമെന്നു ചൊല്‌വൂ!

91

ഹൃദയദളം ലയലാസ്യഭാവമായെ-

ന്നുദയമിതിന്‍ പൊരുളെന്നുമോതിടുന്നൂ.

പദമിതുനിത്യവുമെന്‍ ഗതീയതയ്ക്കായ്

മദഭരനെന്നെയടക്കുവാന്‍ വരുന്നൂ!

92

ഗഗന,മിതാണിവിടുള്ളതിന്റെയെല്ലാം

പൊരുളരുളും ശ്രുതിയിങ്ങുണര്‍ത്തിടുന്നൂ.

ശ്രുതിയിലൊരാപ്തനുണര്‍ന്നു കണ്ട സത്യം!

അതു ശരിയെന്നതു വിശ്വസിച്ചു നീങ്ങൂ!!

93

അനുഭവസീമയിലുള്ളതൊക്കെ സത്യ-

പ്പൊരുളരുളുന്നവ എന്നറിഞ്ഞിടുമ്പോള്‍

അവികലമല്ലിവിടിന്ദ്രിയജന്യമായതെന്നും

സ്മൃതികളുമങ്ങനെതന്നെയെന്നുമോര്‍ക്കൂ!

മാര്‍ച്ച് 17

94

അറിയുക: ചോദ്യശതങ്ങളായി നിന്നില്‍

കവിയുമനാദിതമസ്സു ശിഷ്യഭാവം!

അതുകരിയാം, പൊരുളുള്ളിലുണ്ടതൂതി-

ത്തിരി തെളിയിക്കവെയാം ഗുരുത്വഭാവം!

95

പൊരിയതു നിങ്ങളിലുള്ള കാര്യമോതാന്‍

വരുമരുളും ഗുരുവെന്നറിഞ്ഞിടേണം.

അറിയുക നിങ്ങളിലുള്ളതാം ഗുരുത്വ-

പ്പൊരുളിലലിഞ്ഞിടലാണു മുക്തി, മോക്ഷം!

96

പൊരു,ളരുളെന്നിവയിത്രയേറെയിങ്ങി-

ന്നണയുവതെ? ന്തരുളിന്നിതന്‍പുതന്നെ

അരുളനുകമ്പയില്‍നിന്നുതിര്‍ന്നിടുന്നൂ

അരുളരുളാം ഗുരു ചൊന്നിടുന്നതെല്ലാം!

97

കുമിളകളില്‍ പ്രതിബിംബിതം പ്രപഞ്ചം

അതിലിവിടുള്ളതു നശ്വരത്വ, മെന്നാല്‍

അതിനിടമേകിടുവാന്‍ കടല്‍, സ്മരിക്കൂ:

കരയിലടിച്ചുതകര്‍പ്പതാഴിയല്ലാ!

98

നിമിഷശതങ്ങളിലൂടെയാണു കാല-

ക്കടലിനുമുണ്മ, യനേകമല്ല സത്യം!

അറിയുക സത്യമതേകമാംപൊരുള്‍ നമുക്കാ

പൊരുളരുളാമറിവായ് വിളങ്ങിടുന്നൂ!

99

അറിവിതനാദി,യനന്തമുണ്മ മോക്ഷം

അതിലൊരനര്‍ഗള നിത്യശാന്തി മാത്രം!

അതിലലിയാനിവിടുള്ള കര്‍മജാല-

ഭ്രമമൊഴിവാക്കിയഹം മറന്നു നീങ്ങൂ!

100

അരുളുക നിന്‍ സുഖമെന്തിലെന്തുനല്കും

സുഖ? മതുനിന്നെയനിത്യമാമിഹത്തിന്‍

വരുതിയിലിങ്ങുനിറുത്തിടുന്നു, തേടൂ,

സ്വയമറിയൂ, സ്വയമിങ്ങു കെട്ടഴിക്കൂ.

101

'രതിയിലെയെന്‍സുഖമെന്നൊടൊത്തുചേരും

രതിസുഖമാഗ്രഹമുള്ളൊരെന്നിണയ്ക്കായ്

സുഖമരുളുന്നതിലുള്ള ചാരിതാര്‍ഥ്യം!

സ്വയമറിയും സുഖമെന്നതെത്ര തുച്ഛം!!'