2011, നവംബർ 30, ബുധനാഴ്‌ച

വാഗ്താരകാരശ്മികള്‍ !!



പുതുമനസ്സും മറന്നും മറച്ചുമീ
പുതിയ ലോകത്തെ നോക്കാത്തരീതിയും
മൊഴിമഴച്ചാര്‍ത്തിലുള്ളവള്‍നീ; നിന
ക്കെഴുതിടുന്നവയ്ക്കുള്ളൂര്‍ജമാര്‍ജവം!
പഴയ രീതിയില്‍വൃത്തവും താളവും
പഴമനസ്സുമാണെന്‍കാവ്യധാരയില്‍
എഴുതിടുമ്പോള്‍ത്തുളുമ്പിത്തുളുമ്പിവ-
ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ
പദശതങ്ങളില്‍സ്വന്ത സ്വപ്നങ്ങളും
ഹൃദയഭാവാര്‍ദ്രമാമുള്‍ത്തിളക്കവും!!
ഇവിടെയൊക്കെയും കാപട്യമെന്നു ഞാന്‍
കവിതയില്‍ക്കൂടിയാലപിച്ചീടവെ
ഇവിടെയുള്ള യാഥാര്‍ഥ്യങ്ങളായി നിന്‍
കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!
''കവിതയെന്തിന്നു?'' യാഥാര്‍ഥ്യമല്ല, യുള്‍ -
ക്കടലുമോളവും താളവും കണ്ടറി-
ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണ,തി-
ന്നിവിടെയാവുമോ നീന്‍പദച്ചാര്‍ത്തിനാല്‍ ?
സ്വയമുണര്‍ന്നുവന്നീടുന്നു, ചോദ്യങ്ങ-
ളിവിടെയീവിധം കുത്തിക്കുറിക്കവെ
എഴുതിടാതിരുന്നീടിലുള്‍ക്കാഴ്ചകള്‍
പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാന്‍
എഴുതിടേണമീ രീതിയില്‍നിത്യവും!
എഴുതിടാതിരുന്നീടുകില്‍വായുവില്‍
അലിയുമെന്നില്‍പ്പുണര്‍ന്നുണര്‍ന്നര്‍ഥങ്ങ-
ളരുളിടേണ്ട വാഗ്താരകാരശ്മികള്‍ !!
എഴുതിടേണ്ട നീയീവിധം; നിന്‍
 വഴി-
മൊഴിയു,മന്യമാണെങ്കിലും നിന്‍മൊഴി-
യ്ക്കടിയിലുള്ളതാം സ്രോതസ്സു കാണ്മു
 ഞാന്‍!

2011, നവംബർ 29, ചൊവ്വാഴ്ച


സാധുവാണങ്ങ്

സാധുവാണ,ങ്ങസാധുവല്ലല്ല യീ
ത്യാഗധന്യമാം ജീവിതം, പുത്രനില്‍-
നിന്നു താതനായ് മാറിയീ ദൈവിക-
 
സ്‌നേഹമെന്തെന്നറിഞ്ഞു ജീവിക്കവെ!

സാധുവാണങ്ങു, സാധനാ വീഥിയില്‍ 
'സാധു'വാം പടയാളിയുമെന്നറി-
ഞ്ഞര്‍ഥമെന്തു പൗരോഹിത്യമെന്നതി-
ന്നെന്നു കണ്ടെത്തുവാനലഞ്ഞീടവെ!

സാധുവാണങ്ങു യേശുവെപ്പോലെയീ
ലോകമാകെയലഞ്ഞിങ്ങു ദൈവിക
സ്‌നേഹമെന്തെന്നനുഭവിച്ചീടുവാന്‍
ഗാര്‍ഹികാനന്ദ വീഥിയിലെത്തവെ!

സാധുവാണങ്ങു, ദൈവികമാം പരി-
പാലനം സ്വന്ത ബുദ്ധിയാല്‍ ഭൂമിയില്‍
ശാസ്ത്ര വീഥിയില്‍ പ്രാര്‍ഥനാ പൂര്‍വകം
സഞ്ചരിക്കവെ എന്നറിഞ്ഞീടവെ!

എട്ടുപത്തിനോടെട്ടു ചേര്‍ന്നീടുമീ
വത്സരത്തിലെന്താശംസയേകണം?
എന്നുമീ സ്‌നേഹമങ്ങിങ്ങു നല്കിടും
മന്ദഹാസമായ് മാറട്ടെ ജീവിതം!

*സാധു ഇട്ടിയവിരായുടെ എണ്‍പത്തെട്ടാം പിറന്നാളിന് അദ്ദേഹത്തിനു സമര്‍പ്പിച്ച 'മംഗളാര്‍ഥന'

കിനാക്കുളിര്‍ സൌരഭം!!

കണ്ടുകണ്ടിങ്ങിരുന്നീടുകില്‍ മാത്രമേ
ഉണ്ടായ്‌ വരൂ മൌന സംഗീതസാന്ദ്രത!
ഉണ്ടുണ്ടുണര്‍വിന്റെ മൌനസ്മിതാര്‍ദ്രത-
യ്ക്കിണ്ടലകറ്റും കിനാക്കുളിര്‍ സൌരഭം!!



അഹമുണരുമ്പൊഴുമുള്ളിലുള്ള മന്ദ- 
സ്മിതമൊഴുകുന്നതിലാഴ്ന്നു മുങ്ങിടാമെ-
 
ന്നറിയുക,യാത്മലയത്തിലാണു കര്മ-
 
സ്മൃതികളലിഞ്ഞിവിടേകിടുന്നു മുക്തി!

എന്തെഴുതണം? നിന്റെ സാന്ധ്യസങ്കീര്ത്തന- 
സ്പന്ദമധുരാലസ്യ ലാസ്യലാവണ്യവും
 
മന്ദമനുരാഗലയ മാരുതഹൃദന്തത്തി-
 
ലെന്നുമുണരുന്ന സ്വപ്നാര്ദ്രതീര്ഥങ്ങളും
 
എന്നിലൊഴുകുമ്പോഴുഷസ്സന്ധ്യതന്മൗന
 
മന്ദസ്മിതംപോലെയാണല്ലൊ ജീവിതം!

പ്ലവഗബീജം

താരമാലകളണിഞ്ഞു പുഞ്ചിരിയി-
ലാത്മനിര്വൃതി പകര്ന്നിടും
നീ രഹസ്യമറിയുന്നവള്, പറയു-
കെന്റെ തൂലികയിലൂടെയീ 
വിശ്വവശ്യതയിലാണ്ടുമുങ്ങിടുകി-
 
ലെങ്ങുപോയിടുമഹന്തയെ,-
 
ന്നശ്വമല്ലിനിയുമിങ്ങു ഞാ; നൊഴുകി
 
നീങ്ങിടും പ്ലവഗബീജമാം!!
 
മിഴി നീ 
ഒഴുകുകയൊഴുകുകയിവിടിനിയരുളിന് 
പുഴയഴകെഴുതിയ മൊഴിമഴ, വഴിയില്
 
പുതുമഴയരുളിടുമരു,ളൊരുമഴവില്
 
ക്കതിരൊളിചിതറവെയതിനൊരു മിഴി നീ!
 
എന്തേ വൃത്തം? 
എന്തേ വൃത്തം? ചടുലതയുണരും സര്ഗസങ്കല്പനൃത്തം? 
ചന്തം തീര്ക്കും മൃദുലത? മധുരം, മൗനമന്ദസ്മിതാര്ദ്ര-
 
സ്പന്ദം പൂക്കും ഹൃദയവു, മഴലില്സാരസര്വസ്വ തീര്ഥ-
 
സ്നാനം നല്കും കവിതയുമറിയും ശൂന്യസങ്കല്പതല്പം?
 

എന്തേ കാവ്യം?

എന്തേ കാവ്യം? എവിടെയുമുറവിട്ടീടുമീ സത്യമെന്നില് 
സന്ധ്യാരാഗം, നിറമെഴുകഴകിന്നിര്വൃതിസ്പന്ദമാര്ദ്രം
 
സര്ഗോന്മാദപ്പുഴകളിലൊഴുകിപ്പോയിടും വേളയില്നിന്
 
ഹര്ഷോന്മാദം സ്മൃതികളിലുണരാന്, മുങ്ങുവാന്, അര്ഥതീര്ഥം!!~

 

പദലാസ്യം 
ഇതാണിതാണനുഭൂതികളില്ക്കുളി- 
രണിഞ്ഞുണര്ന്നൊരു മൃദുലപദം
 
ഇതാണുഷസ്സിനുണര്വരുളുന്നൊരു
 
കിനാവിനൂഷ്മള ലയനിനദം

പദം, പദം, പദലയലഹരി 
മൃദംഗസംഗതരംഗമദം
 
മദം, മദം, മദമനുപമമാ-
 
മനംഗസംഗമ പദചലനം
 
തരംഗരാഗരസാനുഭവം
 
മൃദംഗരാഗതരംഗലയം!
 
പദലയലഹരിയിലലിയരുതൊഴുകരു- 
തൊരുമദമതി; ലതിലനുപമ സുമമധു!
 
ലഘു പദലയമിതിലലിയുക ഗുരുവിനു
 
മിവിടിടമരുളരു, തിതു മൃഗമദമതി!!
 
അറിയുക കനവുകളൊഴുകിടുമൊരുപുഴ
 
യിതിലിനിയൊരുലയമധുരിമ, യിതു
 വിത!
കവിതയിലൊരുവിത, വിതറുകിലതു മുള-
യിടു,മതിലൊരുകതിരണിയവെ, യരി മതി! 
രസകരമിതുവിധമെഴുതുക ലഘുവിനു 
ഗുരുവരുളിടുമൊരു വര, മകകവി, തവി!!
 
പദമദമധുരിമയിതിലിനിയലിയുക
 
ഗുരുപദമവികല മനലയമറിയുക!
 
താളം മാറിലുമൊഴുകിവരും പദ- 
ലാസ്യം മനമിതിലെന്നറിയും
 
നീ നിന്നിര്വൃതിയൊഴുകിവരും മൃദു-
 
ഭാവം പദലയമായറിയും!!!
 
അലസമായലയുമ്പൊഴാണല്ലോ സംഗീത- 
മലയിടു, ന്നെന്നാവി, ലതുപകര്ന്നീടുവാന്
 
കഴിയായ്കയാല്വാനിലേക്കു നിശ്ശൂന്യതാ-
 
പഥമേറി യാത്രയാകുന്ന കാവ്യങ്ങളേ,
 
ഇവിടെ ഞാനെഴുതുന്നതൊന്നുമല്ലെന്നു ഞാ-
 
നറിയുന്നു, നിങ്ങളെ കണ്ടുമുട്ടീടുവാന്
 
കഴിയുവോരാരെന്നു മൊഴിയുമോ, തൂലിക?
 
''അതു വേറെയാരു നീയല്ലാതെ; നീ തന്നെ
 
എഴുതുന്നതെവിടെനിന്നണയുന്ന, തറിയുക,
 
ഒഴുകുന്ന പൈതൃകമറിഞ്ഞു പാടീടുക.
 
ഇങ്ങനെയിരുന്നു കുറിമാനങ്ങളെഴുതിടുകി- 
ലെങ്ങനെവരുന്നു മധുമാസ സംഗീതമെ-
 
ന്നെന്നെങ്കിലും നിനക്കറിയാനാവു, മതി-
 
നെന്നും പദാത്മഗതി തേടി, യെഴുതീടുക
 
ആത്മോപദേശദശകങ്ങളിലൂടെ നീനിന്
 
ആത്മാപ നിര്മ്മിതിയിതിന്നിമിഷാര്ധഭാവം
 
നീ കണ്ടറിഞ്ഞിടുക കണ്കളി,ലാവെളിച്ചം
 
ഞാനിന്നു നിന്നിലരുളീടുവതെന്റെ കാവ്യം!
 

 


ദൈവപൈതൃകം 
''യേശുവിന്കഥ ചൊല്ലിത്തുടങ്ങവെ
 
യേശുവിന്റെ വംശാവലി, നാമവും
 
വേദപുസ്തകത്താളിലുണ്ടെങ്കിലും
 
വേദ്യമായിടുന്നീലെനിക്കിങ്ങവ!
 

ജോസഫിന്പുത്രനല്ലാത്ത യേശുവിന്
 
വംശമേതാണു? കന്യകാമേരിതന്
 
സൂനുവായൊരെമ്മാനുവേലിന്റെ പേര്
 
യേശുവെന്നായതെങ്ങനെ? പേരതു
 
ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്!
 
ജോസഫിട്ട പേര്വേണമോ ബൈബിളില്?
 

എന്തയുക്തികമാ,യസംബന്ധമായ്
 
അന്ധവിശ്വാസമിങ്ങുറപ്പിക്കുമാ-
 
റിങ്ങു ദൈവമെന്താണു തന്വാക്കുകള്
 
തങ്ങിടാനിടയാക്കിയീ ഭൂമിയില്?''
 

ഒരു ത്രിതൈ്വക കവിത


ഒരു ത്രിതൈ്വക കവിത



പൗരോഹിത്യം - ജൂബിലി - നിസ്വത

'എന്തേ പുരോഹിതനെന്ന പദത്തിന്റെ-
യര്‍ഥം?' - പുരോഗാമി മര്‍ത്യവംശത്തിനായ്
സ്വന്തം പ്രിയം ബലി ചെയ്യുവോനാണവന്‍ !
പൗരഹിതം തിരഞ്ഞീടുവോനാണവന്‍ !!
'എന്തേ 'പ്രിയം' 'ഹിത'മെന്നിവ തമ്മിലി-
ങ്ങുള്ള വ്യത്യാസം?' - പ്രിയങ്കരമായവ
എന്നും സുഖം പകര്‍ന്നീടേണമെന്നില്ല;
എന്നുമാനന്ദമേകുന്നവയാം ഹിതം!

എന്നുമാനന്ദമാകുന്നതിന്നിന്നു 'ഞാ-
നെന്നൊരാളുണ്ടെന്നതോര്‍മിച്ചിടാതെയി-
ങ്ങുള്ളതെന്നെന്നുമുണ്ടാകേണ്ടതെന്നെന്നു-
മോര്‍മിച്ചു ജീവിക്കുകില്‍മാത്ര, മോര്‍ക്കുക!!


'ജൂബിലിയെന്നവാക്കിന്നര്‍ഥമെന്തെന്നു
വായിച്ചറിഞ്ഞിടാന്‍ പോലും തുനിഞ്ഞിടാ-
തായിരങ്ങള്‍ ചേര്‍ന്നു 'ജൂബിലിമംഗളം
ജൂബിലി മംഗളം എന്നു ഘോഷിക്കവെ
വയ്യെനിക്കിങ്ങൊരു തത്തയായീടുവാന്‍
എയ്യാതെവയ്യെനിക്കന്‍പിനാലമ്പുകള്‍ !

വര്‍ഷമേഴേഴു കഴിഞ്ഞതിന്‍ ശേഷമി-
ങ്ങെത്തുന്നൊരമ്പതാം വര്‍ഷമാണല്ലൊയീ
ബൈബിളില്‍ ജൂബിലി വത്സരം! ബൈബിളില്‍
അന്യായമില്ലാത്ത വത്സരം ജൂബിലി!!

ജൂബിലിവത്സരം ദൈവം ഫലം ത
രു-
വത്സരമെന്നാണു വായിച്ചിടുന്നു നാം
ബൈബിളി, ലൊന്നുമേ നിത്യാവകാശമായ്
വില്ക്കുവാനാവാ; പ്രവാസികള്‍ ഭൂസ്വത്തു
വീണ്ടെടുത്തോട്ടെ, ജൂബിലിവത്സരം
വിറ്റവ വീണ്ടെടുക്കാവുന്ന വത്സരം!!

എല്ലാക്കടങ്ങളും വീട്ടി, ധര്‍മാര്‍ഥമാ-
'മില്ലായ്മ' തന്‍ ധന്യഭാവമാം സ്വര്‍ഗത്തി-
ലെത്തിടാനാണല്ലൊ ജൂബിലിവര്‍ഷത്തി-
ലത്യുന്നതന്‍ തന്‍ മഹത്വ പ്രഘോഷണം!

ജൂബിലിവര്‍ഷത്തിലോര്‍മയില്‍ വയ്ക്കണം:
ഈ ബലിവേദിയില്‍ രഞ്ജിതരാണു നാം!
നാം സ്വയമെന്നപോല്‍ സ്‌നേഹിക്കെയസ്ത്രമായ്
ആത്മവിമര്‍ശനമെയ്തു പോകുന്നു ഞാന്‍ !


പൗരോഹിത്യം, ജൂബിലിവത്സര-
മെന്നിവ തമ്മിലിണങ്ങുവതെങ്ങനെ-
യെന്നിവിടിപ്പോള്‍ ഞാനറിയുന്നു:
നിസ്വതയാണതു, നിസ്വാര്‍ഥതയും!

2011, നവംബർ 18, വെള്ളിയാഴ്‌ച

നീതന്നെ !!


'കാശിനെപ്പറ്റിയോര്‍ത്താശങ്ക വേണ്ട, നീ

യാശിച്ചിടും പോലെ വന്നൊഴുകും പണം!

ആശിച്ചിടാതിരുന്നീടുകില്‍ മാത്രമേ

കീശയില്‍ ശൂന്യത വന്നു ഭവിച്ചിടൂ!!'

ആരാണു ചൊല്ലുന്ന, താരാകിലും, ലഭ്യ-

മാകാനുപേക്ഷിക്കുകെന്നന്നു ചൊന്ന നീ-

യാവില്ല! 'ദ്വന്ദാത്മകം ചിന്തതന്‍ പഥം

നീ വിട്ടുവോ'യെന്നു ചോദിച്ചിടുന്നതാര്‍ ?

'ദ്വിധ്രുവിയാം പൊരുള്‍ രണ്ടു ധ്രുവങ്ങളും

ഉള്ളില്‍ എതിര്‍ധ്രുവം കൂടിയുള്‍ക്കൊണ്ടതെ-

ന്നന്നു പഠിച്ചതോര്‍ത്തീടൂ, - ഉപേക്ഷയില്‍

ഉണ്ടൊരപേക്ഷയുമെന്നു കണ്ടീടുക!'

നീതന്നെ, എന്നിലെ ഞാനല്ല, എന്നുള്ളി-

ലോതുന്നതിങ്ങനെ; - നീയെങ്കിലെന്‍ ഗുരു!

2011, നവംബർ 16, ബുധനാഴ്‌ച

വൃത്തം, കാവ്യം

എന്തേ വൃത്തം? ചടുലതയുണരും സര്‍ഗസങ്കല്പനൃത്തം?

ചന്തം തീര്‍ക്കും മൃദുലത? മധുരം, മൗനമന്ദസ്മിതാര്‍ദ്ര-

സ്പന്ദം പൂക്കും ഹൃദയവു, മഴലില്‍ സാരസര്‍വസ്വ തീര്‍ഥ-

സ്‌നാനം നല്കും കവിതയുമറിയും ശൂന്യസങ്കല്പതല്പം?


എന്തേ കാവ്യം? എവിടെയുമുറവിട്ടീടുമീ സത്യമെന്നില്‍

സന്ധ്യാരാഗം, നിറമെഴുകഴകിന്‍ നിര്‍വൃതിസ്പന്ദമാര്‍ദ്രം

സര്‍ഗോന്മാദപ്പുഴകളിലൊഴുകിപ്പോയിടും വേളയില്‍ നിന്‍

ഹര്‍ഷോന്മാദം സ്മൃതികളിലുണരാന്‍ , മുങ്ങുവാന്‍ , അര്‍ഥതീര്‍ഥം!!

2011, നവംബർ 15, ചൊവ്വാഴ്ച

മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത


ജീവാണുഗീത*

അന്നത്തിനാലെ ജനിച്ചവര്‍ നമ്മള്‍

അന്നത്തിനാലെ ജീവിപ്പവര്‍ നമ്മള്‍

അന്നമായ്ത്തന്നെ മാറേണ്ടവര്‍ നമ്മള്‍

അന്നു നമ്മെത്തിന്നിടുന്നോര്‍ അണുക്കള്‍ !


കോടാനുകോടി ജീവാണുക്കള്‍ നമ്മില്‍

ജീവിച്ചു നമ്മള്‍ക്കു സേവനം ചെയ്‌കെ

ശത്രുവെന്നോര്‍ത്തു നാം വാങ്ങിക്കഴിക്കും

ഔഷധത്താല്‍ മരിക്കുന്ന മിത്രങ്ങള്‍

ആ വര്‍ഗമാണല്ലൊ നമ്മള്‍ മരിച്ചാല്‍

നമ്മെയന്നാഹാരമാക്കി ജീവിപ്പോര്‍ !!


ജീവാണുവൊക്കെയും നമ്മളെക്കാളും

ജീവാര്‍ഥമായ് പ്രപഞ്ചം കണ്ടിടുന്നോര്‍ !

മര്‍ത്യന്റെ ദുഷ്‌കര്‍മമോരോന്നിനെയും

അന്തര്‍ഗതോര്‍ജത്തിനാല്‍ കീഴടക്കാന്‍

ജീവാണുവൊക്കെയും ശക്തിനേടുമ്പോള്‍

നാം സര്‍വസംഹാരശക്തി തേടുന്നോര്‍ !!


ഇപ്രപഞ്ചത്തിന്റെ പിണ്ഡം നിറച്ചും

ഊര്‍ജം, നമുക്കിന്നണുക്കണ്ണുപൊട്ടി-

ച്ചൂര്‍ജം കറക്കാം, ഭരിക്കുന്നതാരെ-

ന്നോര്‍ക്കാതിരുന്നാല്‍ അഹംഭാവമാവാം!


ഈ നമ്മളെക്കണ്ടു ഗൂഢം ചിരിക്കും

ജീവാണു ചൊല്ലുന്നതെന്തെന്നു കേള്‍ക്കൂ:


''കാറ്റിന്റെ ശക്തിയില്‍ വന്മരം വീഴും

പുല്ലോ കൊടുങ്കാറ്റിലും നൃത്തമാടും

ഇപ്പാഠ,മിപ്പോലെ നൂറുനൂറല്ലോ

പാഠങ്ങളീ ജീവിതത്തില്‍ പഠിക്കാന്‍ !

പണ്ടുപണ്ടൊക്കെയുള്‍ക്കണ്ണുള്ള മര്‍ത്യര്‍

കണ്ടെത്തിയോരു സത്യത്തിനെക്കാളും

രണ്ടാം സഹസ്രാബ്ദമര്‍ത്യ'നാത്മാര്‍ഥം'

കണ്ടെത്തിയോ? സത്യമെന്തുണ്ടു വേറെ?

നിന്‍ പ്രാണനുള്ളില്‍ ചരിക്കും പഥങ്ങള്‍

കണ്ടെത്തുവാന്‍ നിനക്കുള്‍ക്കണ്‍കളുണ്ടോ?

കൈ കൊണ്ടു നാഡിതന്‍ സ്പന്ദങ്ങള്‍ നോക്കി

രോഗങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുണ്ടോ?

ശ്വാസകോശം,വൃക്കകള്‍ ,കരള്‍ , ഹൃത്തും

ബന്ധപ്പെടും വിധം കാണുവാനാമോ?

നിന്റെയാഹാരത്തിലുള്ളതാമൂര്‍ജം

എന്തൊക്കെ?, യെന്താണവയ്ക്കുള്ള ശേഷി?

സ്വന്തം മനസ്സിന്‍ കടിഞ്ഞാണ്‍ പിടിക്കാന്‍

സ്വന്തഹൃദ്‌സ്പന്ദനങ്ങള്‍ നിയന്ത്രിക്കാന്‍

ശേഷിയുണ്ടോ നിന?,ക്കീ പ്രപഞ്ചത്തില്‍

നീയാര്? നിന്നുള്ളിലുള്ളൊരീയെന്നില്‍ -

കൂടുതല്‍ നീയെന്തു നേടുന്നു ഭൂവില്‍ ?

നീ നിന്നമര്‍ത്യതയെന്തെന്നറിഞ്ഞോ?''


എന്നുള്ളില്‍ നിന്നേതു ജീവാണുവാണീ

ചോദ്യങ്ങളെന്നോടു ചോദിച്ചിടുന്നു?

ആരാകിലും ഞാനറിഞ്ഞിടുന്നല്ലോ

ഞാനെത്രയജ്ഞനാ, ണല്പനാം മര്‍ത്യന്‍ !


വീണ്ടും വരുന്നല്ലൊ ചോദ്യ, ''മീഭൂവില്‍

ജീവിച്ചിടുന്നതിന്നര്‍ഥമെന്താവും?''


ഇല്ലില്ലെനിക്കറിഞ്ഞീടില്ലയൊന്നും

ഞാന്‍ മര്‍ത്യനാം മരിച്ചീടുവാന്‍ ജന്മം!

എന്നഹംഭാവമേ പത്തി താഴ്ത്തുമ്പോള്‍

എന്താണൊരുള്‍സ്വരം കേള്‍ക്കുന്നു വീണ്ടും?


''വൈരുധ്യമൊക്കെയും തമ്മില്‍ക്കലര്‍ന്നി-

ങ്ങാനന്ദമേകും സമാധാനമാകാന്‍

ബന്ധങ്ങളര്‍ഥപൂര്‍ണങ്ങളാക്കീടാന്‍

ജന്മങ്ങളെന്നാണു പൂര്‍വികര്‍ ചൊന്നൂ!

മര്‍ത്യര്‍ക്കമര്‍ത്യത നേടുവാന്‍ മാര്‍ഗം

ഉള്‍ക്കണ്ണുകള്‍ തുറന്നീടുകില്‍ കാണാം!!''


*ജോസാന്റണി അന്നധന്യത മാസികയില്‍

2006 ഏപ്രില്‍, മെയ് മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്‌

2011, നവംബർ 13, ഞായറാഴ്‌ച

അര്‍ഥാര്‍ഥി

അര്‍ഥാര്‍ഥി

നേരായിനിന്നു ചിരിതൂകുന്ന നിന്റെ ലയ-

ഭാവങ്ങളില്‍ മന്ദ്രമായ്

നേരിന്റെ നേരുതിരയുന്നോരെനിക്കു മധു-

രോദാര സൗരഭ്യമായ്

ആരാണു വന്നു ചിരിതൂകുന്നതെന്നതറി-

യാനെന്റെ കാവ്യങ്ങളില്‍

നീ രാവുമായ്ചു പുതു സൂര്യോദയം വിടരു-

വാനായ് ചിരിക്കുന്നുവോ?

നേരിന്റെ നേരിലനുരാഗാഗ്നിതന്‍ കനലു

നീ,യെന്നിലാഴ്ന്നുണരവേ

വീരാര്‍ഥമായതു മഹന്താര്‍ഥമായതു-

മനന്താര്‍ഥജന്മങ്ങളായ്!

നേരായി നേരിലുണരുന്നോരു മൗനമധു-

രാലസ്യലാസ്യലയമായ്

പേരായതും വിജനഭൂവില്‍ വിഷാദലയ

രാഗാഗ്നിയായതുമൊരാള്‍ !

വേരായതും വിരഹനീരായതും വിഫല

ഭാവാര്‍ദ്രയായതുമൊരാള്‍ !

പോരായതും രുധിരവാഴ്‌വായതും കരളി-

ലെല്ലാമൊടുക്കി വിടരാന്‍ !!

ആരാണു പുഞ്ചിരിയിലുന്മാദഭാവമിനി

വന്നീടുമെന്നരുളുവോര്‍ ?

ആരാണു നിന്റെ ഹരിതാഭയ്ക്കു സൗഹൃദസു-

ഗന്ധാര്‍ദ്ര സൗമ്യസ്മിതം?

പോരാ കിനാവുകളിലാരാമരാഗമധു

പൂരം പുരന്ദരഹരേ!

ആരേ പുരന്ദര? നറിഞ്ഞീല കാണ്മു

പദകോശത്തിലര്‍ഥമതുലം!!

ഏതാകിലും ഹൃദയഭാവത്തിനൊത്തുകവി-

താര്‍ഥങ്ങള്‍ മാറുന്നതോര്‍ -

ത്തേറ്റം സ്വഹൃത്തിനൊടിണങ്ങുന്നൊരര്‍ഥമതി-

ലാം സ്വാര്‍ഥമെന്നറിക നീ!!!

'സ്വാര്‍ഥം' 'പരാര്‍ഥമതി' ലാണെങ്കിലര്‍ഥമിവി-

ടെന്തേദ്വയാര്‍ഥകമതായ്?

വ്യര്‍ഥാര്‍ഥവാദമതിലര്‍ഥാര്‍ഥി തന്‍ഗതിയ-

തെല്ലാവിധത്തിലുമിതാ!!

2011, നവംബർ 12, ശനിയാഴ്‌ച

നിത്യവും കുമ്പിടേണം!

നിത്യവും കുമ്പിടേണം!

നേരാണോ സ്വപ്നമാണോ അവിരതമുണരും

വര്‍ണമായ് പൂവിടര്‍ത്തും

സൂര്യന്‍ ? - എന്‍ ഉള്ളിലായും രവി,യൊളിയരുളാന്‍

വര്‍ണമായ് ചിത്രമാകാന്‍

പോരുന്നോനുള്ളതായുള്ളൊരു തരിയറിവെന്‍

ഹൃത്തിലായ് വിത്തുപോലെ

ആരാണോ നല്കിടുന്നോളവളുടെ ചരണം

നിത്യവും കുമ്പിടേണം!

വീരാളിപ്പട്ടുടുത്തോനൊരുവനു, മവനെ

പുല്കിടാനായ് കൊതിക്കും

നീരാളിപ്പെണ്ണുമെന്നില്‍ രതിലയനടനം

ചെയ്തവതായ് ഞാനുമാടും

നേരാവാ നാടകത്തിന്‍ പൊരുളിലുമരുളു-

ണ്ടെന്നതാം ജ്ഞാനമെന്നിന്‍

ആരാണോ നല്കിടുന്നോ,ളവളുടെ ചരണം

നിത്യവും കുമ്പിടേണം!

2011, നവംബർ 9, ബുധനാഴ്‌ച

ഗുരുദര്‍ശനം

ഗുരുദര്‍ശനം


''നാരായണഗുരുവാരാണിവ?'' നൊരു തരുവായ് തണലരുളീടുന്നോന്‍
ദാഹാര്‍ത്തര്‍ക്കറിവുറവയുമാ, ണതുപോലരുളും പൊരുളും ഗുരുവാം!
'രാ മായാ'നൊരു കഥ രാമായണ, മതിലേറുമ്പോഴുതാരരുളി?
''നാരായണകഥ യതിലും വലിയൊരു കൂരിരുള്‍ മാറ്റിയ കഥയത്രേ!

ആനന്ദത്തിന്‍ സംവിത്‌സാഗരമായ് ഭവസാഗരവും മാറ്റാന്‍
അന്നം ധന്യതയരുളിടുമെന്നുള്ളറിവായ് പ്രാര്‍ഥനയൊന്നു രചി-
ച്ചാരുടെയും കീഴാകാതൊരു തിരിയായൊരു വഴി കാണിച്ചവനെ
നീയറിയുക, യറിവേറി സ്വതന്ത്രപഥം കണ്ടെത്തുക നിന്‍വഴിയായ്!''

''അറിവിലുമേറി, യറിഞ്ഞിരുന്നതെല്ലാം
നെറിവറിയാത്തൊലിയെങ്കിലിങ്ങുപേക്ഷി-
ച്ചുറവകളുള്ളിലുണര്‍ന്നിടാന്‍ തകര്‍ക്കൂ
'അഹ', മതു പാറ, യതിന്റെയുള്ളിലാം നാം!''

ഇതു മൊഴിയാനിവിടാര്? ''നിന്റെയുള്ളില്‍
ഒരു പൊരുളു, ണ്ടതുതന്നെ വിഷ്ണു, നാരാ-
യണഗുരു വേറൊരു സത്തയല്ല, നിന്നില്‍
നിറയെ നിലാപ്പൊരുളുണ്ടറിഞ്ഞിടേണം!''

അതെ, യിവനിങ്ങറിയുന്നു സൂര്യരശ്മി
പനിമതിയില്‍ പ്രതിബിംബമായയച്ചോ-
രരുളുകളാം കിരണങ്ങളാണു നിത്യം
അറിവിലുണര്‍ന്നു വിടര്‍ന്ന വിശ്വസത്യം!