2011, നവംബർ 13, ഞായറാഴ്‌ച

അര്‍ഥാര്‍ഥി

അര്‍ഥാര്‍ഥി

നേരായിനിന്നു ചിരിതൂകുന്ന നിന്റെ ലയ-

ഭാവങ്ങളില്‍ മന്ദ്രമായ്

നേരിന്റെ നേരുതിരയുന്നോരെനിക്കു മധു-

രോദാര സൗരഭ്യമായ്

ആരാണു വന്നു ചിരിതൂകുന്നതെന്നതറി-

യാനെന്റെ കാവ്യങ്ങളില്‍

നീ രാവുമായ്ചു പുതു സൂര്യോദയം വിടരു-

വാനായ് ചിരിക്കുന്നുവോ?

നേരിന്റെ നേരിലനുരാഗാഗ്നിതന്‍ കനലു

നീ,യെന്നിലാഴ്ന്നുണരവേ

വീരാര്‍ഥമായതു മഹന്താര്‍ഥമായതു-

മനന്താര്‍ഥജന്മങ്ങളായ്!

നേരായി നേരിലുണരുന്നോരു മൗനമധു-

രാലസ്യലാസ്യലയമായ്

പേരായതും വിജനഭൂവില്‍ വിഷാദലയ

രാഗാഗ്നിയായതുമൊരാള്‍ !

വേരായതും വിരഹനീരായതും വിഫല

ഭാവാര്‍ദ്രയായതുമൊരാള്‍ !

പോരായതും രുധിരവാഴ്‌വായതും കരളി-

ലെല്ലാമൊടുക്കി വിടരാന്‍ !!

ആരാണു പുഞ്ചിരിയിലുന്മാദഭാവമിനി

വന്നീടുമെന്നരുളുവോര്‍ ?

ആരാണു നിന്റെ ഹരിതാഭയ്ക്കു സൗഹൃദസു-

ഗന്ധാര്‍ദ്ര സൗമ്യസ്മിതം?

പോരാ കിനാവുകളിലാരാമരാഗമധു

പൂരം പുരന്ദരഹരേ!

ആരേ പുരന്ദര? നറിഞ്ഞീല കാണ്മു

പദകോശത്തിലര്‍ഥമതുലം!!

ഏതാകിലും ഹൃദയഭാവത്തിനൊത്തുകവി-

താര്‍ഥങ്ങള്‍ മാറുന്നതോര്‍ -

ത്തേറ്റം സ്വഹൃത്തിനൊടിണങ്ങുന്നൊരര്‍ഥമതി-

ലാം സ്വാര്‍ഥമെന്നറിക നീ!!!

'സ്വാര്‍ഥം' 'പരാര്‍ഥമതി' ലാണെങ്കിലര്‍ഥമിവി-

ടെന്തേദ്വയാര്‍ഥകമതായ്?

വ്യര്‍ഥാര്‍ഥവാദമതിലര്‍ഥാര്‍ഥി തന്‍ഗതിയ-

തെല്ലാവിധത്തിലുമിതാ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ