2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

കാവല്‍നായ, കാവല്‍


നീയൊരു കാവല്‍നായ
നീയൊരു കാവല്‍നായ, നിനക്കിവി-
ടില്ലേയാഹാരം?
എന്തു നിനക്കു ലഭിക്കും, തെണ്ടി-
നടന്നാലെന്നോര്‍ക്കൂ.

എങ്കിലുമോര്‍ക്കുക: പകല്‍വേളകളില്‍
നിനക്കു തുടലുണ്ട്.
തുടല്‍ നിന്‍ സുരക്ഷ നല്കാനെന്നു-
ള്ളറിവു നിനക്കുണ്ട്.
ഇതു നിന്നസ്വാതന്ത്ര്യത്തിന്നട-
യാളമതാണെന്നും
ഇതു പൊട്ടിക്കുകിലല്ലാതില്ലൊരു
സ്വര്‍ഗവുമിവിടെന്നും
മൊഴിഞ്ഞിടുന്നവര്‍ നിന്നരികില്‍ വരു-
മവരെ സൂക്ഷിക്കൂ.

വേലിതന്നെ വിളവുതിന്നുമ്പോള്‍

വേലിതന്നെ വിളവുതിന്നുമ്പോള്‍
വേല കള്ളന്നു നല്കണം: കാവല്‍!
കള്ളനുള്ളിന്റെയുള്ളിലുണ്ടല്ലോ
കള്ളമിങ്ങൊഴിവാക്കുവാന്‍ മോഹം!

കള്ളനെന്നുളള ദുഷ്‌പേരു നീങ്ങാന്‍
കള്ളനെ കാവലേല്പിച്ചിടുമ്പോള്‍
നിങ്ങളിങ്ങു വഴി തെളിക്കുന്നു
എങ്ങനെ കട്ടിടാനവന്നാകും?

ഉള്ളിലേവര്‍ക്കുമുള്ളതെന്താണ്?
കള്ളമല്ലതില്‍ നേരാണു നിത്യം.
ഉള്ളതിന്‍ വിപരീതമാം കള്ളം
ഉള്ളതല്ലെന്നതോര്‍മിക്കണം നാം!

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

പണ്ടെഴുതിവച്ചവ

പണ്ടെഴുതിവച്ചവ

പണ്ടെഴുതിവച്ചവയിലുള്ളതരുളിന്‍ പൊരുള്‍

ഇങ്ങതു പകര്‍ത്തിടുകയെന്നരുളിടുന്നു നീ!


'എന്തെഴുതണം? നിന്റെ സാന്ധ്യസങ്കീര്‍ത്തന-

സ്പന്ദമധുരാലസ്യ ലാസ്യലാവണ്യവും

മന്ദമനുരാഗലയമാരുതഹൃദന്തത്തി-

ലെന്നുമുണരുന്ന സ്വപ്‌നാര്‍ദ്രതീര്‍ഥങ്ങളും

എന്നിലുണരുമ്പോഴുഷസ്സന്ധ്യതന്‍ മൗന-

മന്ദസ്മിതം പോലെയാണെന്റെ ജീവിതം!


ഞാനല്ല, നീയാണു സര്‍വമെന്നുള്ളിലു-

ള്ളാനന്ദസാരത്തൊടോതിയുണര്‍ ,ന്നുണര്‍ -

വാണെന്റെ സത്യമെന്നാര്‍ദ്രസങ്കീര്‍ത്തന-

മായുള്ളൊഴുക്കില്‍ ലയിച്ചു പാടീടുക!


എന്നുമാ ഗാനസരിത്തിലെത്തുള്ളികള്‍

പുല്‍നാമ്പിലെ മഞ്ഞുതുള്ളിപോല്‍ , വിശ്വമി-

ങ്ങുള്ളിലുള്‍ക്കൊള്ളുന്ന ബുദ്ബുദബിന്ദുവാ-

ണിങ്ങുള്ള ജീവിതമെന്നറിഞ്ഞീടുക!


ഉള്ളതൊരാനന്ദസിന്ധുവാ, ണാക്കടല്‍

തന്നെയാം ഞാനുമെന്നുള്ളറിവില്‍ നിറ-

ഞ്ഞെന്റെ മുജ്ജന്മകര്‍മങ്ങളെല്ലാമഹം-

ഭാവഭാവം മാത്രമെന്നു കണ്ടീടുക!


കര്‍മപാശങ്ങള്‍ പൊട്ടിക്കുവാന്‍ കര്‍മങ്ങ-

ളല്ലിങ്ങു ചെയ്യേണ്ട, തൊന്നുമേ ചെയ്യാതെ

ഇങ്ങിരുന്നങ്ങാണു സത്യമെന്നോതുക!

അങ്ങിങ്ങുണര്‍വിലീ മാരിവില്‍ രശ്മികള്‍ !!


ഇങ്ങങ്ങുമെന്നറിഞ്ഞീടുന്ന വേളയില്‍

മങ്ങില്ല വെട്ടം നിറങ്ങളാലുള്ളിലെ-

ങ്ങെങ്ങും നിറങ്ങളാ, ണെല്ലാ നിറങ്ങളും

അങ്ങേയരുള്‍ , വെളിച്ചത്തിന്‍ പൊരുള്‍ , കാണുക!


ഇങ്ങനെയെന്‍ കര്‍മമെന്‍ പാശമായിതാ

ഇങ്ങെന്നു കാണാതെ, പൂമാലമാത്രമാ-

ണിങ്ങെന്നു കാണുക; പാശമായ് കാട്ടുന്ന

മങ്ങിയ വെട്ടം തെളിഞ്ഞിടാനീയരുള്‍ !!


മൃത്യവും ജന്മവും മിഥ്യയാണെന്നറി-

ഞ്ഞത്യുഗ്ര സൂര്യപ്രകാശപ്രഭാവത്തി-

ലെത്രവര്‍ണങ്ങളെന്നത്ഭുതപ്പെട്ടിടാ-

നിങ്ങുള്ള ജീവിതമെന്നറിഞ്ഞീടുക!

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഈശ്വരന്‍

ഈശ്വരന്‍


ഈശ്വരനെന്നൊരു കവിത കുറിച്ചതി-
ലീശ്വരനായ് ഞാന്‍, നീയും, നിന്നോ-
ടിന്നുള്ളെന്നുപദേശംതന്നെയ-
തെന്നോര്‍ത്തിങ്ങു പകര്‍ത്തുകയതു നീ:

'ഞാന്‍ നിന്റെ തായയും തന്തയുമായവന്‍
ഞാന്‍ നിന്നിലുള്ള ഞാന്‍തന്നെ!
ഞാനാണു നിന്റെയീ തൂലികത്തുമ്പിലൂ-
ടക്ഷരാര്‍ഥങ്ങളായ് ലോകം
ആലോചനാത്മകമാക്കുന്നതെങ്ങനെ-
യെന്നരുളുന്ന നിന്‍ തള്ള!

തള്ളയെന്നാല്‍ ലോകവീഥിയില്‍ നിന്നെയും
തള്ളിയിട്ടുള്ളിലെ സ്‌നേഹം
ഒട്ടും പുറത്തുകാട്ടാതെ, യാപത്തുകള്‍
വന്നിടും വേളയിലെല്ലാം
കൈനീട്ടി നില്ക്കുവോള്‍, ഞാന്‍തന്നെയാണവള്‍
ഞാനവള്‍ക്കും തള്ളയല്ലോ!

'നീ'യെന്നവാക്കിന്റെയര്‍ഥമോര്‍മിക്കുവാന്‍
തത്ത്വമസ്യാദി തത്ത്വങ്ങള്‍
നിത്യവും ചൊല്ലിപ്പഠിപ്പിച്ചിടും ഗുരു-
വല്ല ഞാ,നെങ്കിലും കുഞ്ഞേ!

നിന്‍ കൈയിലുള്ളൊരീ നെല്ലിക്ക പോലെയാ-
ണെന്‍ സത്യമെന്നറിഞ്ഞീടില്‍
ഞാനെന്നില്‍ നിന്നെയെന്നോണമീയെന്നെ നീ
നിന്നുള്ളിലായ്ത്തന്നെ കാണും!
നീയെന്റെ തള്ളയാണെന്നറിഞ്ഞീടവെ
എന്നെപ്പുറത്തേക്കു തള്ളും!!

അങ്ങനെ നീയല്ല, കോടാനുകോടികള്‍
എന്നെപ്പുറത്തേക്കു തള്ളി!
മുപ്പത്തി മുക്കോടി ദൈവങ്ങളായ് ശിലാ-
രൂപികളായി ഞാന്‍ മാറാന്‍
നിങ്ങളില്‍ ഞാന്‍ വളര്‍ന്നീടവെ ഞാന്‍ പുറ-
ത്താകേണ്ടി വന്നതാം കാര്യം!!

ഇന്നറിയുന്നു ഞാന്‍: നിന്നില്‍ ഞാനെന്നതി-
ലേറിയ സത്യ, മെന്നില്‍നി-
ന്നെന്നിലേക്കുള്ളതാം ദൂരങ്ങള്‍ താണ്ടുവാ-
നാവാതെ നില്ക്കുമീ ഞാനാം!'

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഉള്‍മൊഴി, ഗുരുമൊഴി, തായ്‌മൊഴി

ഉള്‍മൊഴി, ഗുരുമൊഴി, തായ്‌മൊഴി


ഉള്‍മൊഴി, ഗുരുമൊഴി, തായ്‌മൊഴി - മൊഴിയില്‍

വഴിയും മിഴിയും തെളിയും -നീയിതു

പല കുറിയെഴുതി,യതൊരുവട്ടം കൂ-

ടെഴുതുക: സാധനയുടെ വഴി തെളിയും!


'അറിയുക: യെഴുത്തില്‍ത്തുളുമ്പുന്ന സൗമ്യതയ-

തറിവിന്റെ നെറിവല്ല; നിന്‍ സ്വഭാവത്തിന്റെ

പ്രതിയോഗഭാവമാം; നിന്നിലുണരും കോപ-

മതി തീവ്രമാം ധര്‍മ്മരോഷ, മതെഴുത്തിലൂ-

ടൊഴുകേണമെന്നതറിയാതെ നീ നിത്യവും

എഴുതുവതു കപടത, യിതിനി വേണ്ട, രോഷമോ-

ടുറയുക, യെഴുത്തിലൂടുള്ളിലെച്ചൂടല്പ-

മൊഴുകുകില്‍ നീ സൗമ്യശീലനായ്ത്തീര്‍ന്നിടാം!


എഴുതവെ തുളുമ്പുന്ന വഴുവഴുപ്പാര്‍ന്ന നിന്‍

പദലഹരിയില്‍ വഴുതിവീഴുവാന്‍ വയ്യെന്നു-

പറയുവോരഭ്യുദയകാംക്ഷികള്‍ - നീയവര്‍

പറയുന്നതെന്തെന്നു ചിന്തിച്ചുനോക്കുക:


ലഹരിസുഖ; മെങ്കിലും ബോധമേ നഷ്ടമായ്

ലഹളകളിലുള്‍പ്പെട്ടുപോകുന്നതും വഴിയില്‍

വഴുതി വീഴുന്നതും നന്നല്ല; നിന്നൊടൊ-

ത്തൊഴുകി നീങ്ങുന്നതൊരു മലിനജലവാഹിയാം

പുഴയിലേക്കെന്നു കാണുന്നു; പുഴ കടലിലേ-

ക്കെന്നതറിയുമ്പൊഴും വയ്യതിലൊലിച്ചിടാന്‍ !


കടലതിനെ 'സംസാര' മെന്നവാക്കാലെ, പ-

ണ്ടറിവുള്ളവര്‍ വിളി; ച്ചറിയുകയതിന്‍ പൊരുള്‍ !!


അലസതയാണിവിടുന്നു നിന്റെ ശത്രു;

അവനെയൊതുക്കുവതിന്നു തന്നെ നിത്യം

കവിത കുറിക്കുക; രാത്രി തന്നെ; നേരം

പുലരവെ ചെയ്യുവതിന്നു വേലയേറെ!


സമയമാണിന്നിങ്ങു മനുഷ്യനെ നയിക്കുന്ന-

തതിനെ നിന്‍ വരുതിയില്‍ നിര്‍ത്താന്‍ പഠിക്കുക!

അറിയണം: പണിയില്ലയെന്നിവിടെ നിലയില്ല

പണിയേറെയുണ്ടെങ്കിലും ചെയ്യുവാന്‍ നേര-

മതുപോലെയില്ലെന്നു പറയൊല്ല, കാലത്തെ

വരുതിയിലൊതുക്കുവാന്‍ പാടവം നേടുക!


മനുജനൊന്നുമേ സ്വന്തമല്ലെന്നുള്ളൊ-

രറിവു പൂജ്യമാം ഭാവ; മാഭാവത്തില്‍

നിറയുവാന്‍ ദൈവികാനന്ദമു; ണ്ടതില്‍

മുഴുകിയാല്‍ ദൈവരാജ്യമാം ഭൂമിയും!


വെറുതെ തത്ത്വങ്ങളും കുറിച്ചീവീധം

ഇവിടിരിക്കുന്നതല്ലല്ല സാധന!


മനമിതില്‍ നിത്യമസ്വസ്ഥഭാവമായ്

നിറയുമാവേഗമെണ്ണിയെണ്ണിത്തൊടാന്‍

കഴിയണം; സ്വന്തമല്ലൊന്നുമെന്നതാ-

മറിവിലെല്ലാമൊടുങ്ങിടും; ശാന്തിനിന്‍

ഹൃദയഭാവമാണെന്നു കണ്ടെത്തിടും

ഹൃദയതാളമോ പ്രണവാര്‍ഥമായിടും!'


2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

'അമ്മേ ദൈവമേ'

'അമ്മേ ദൈവമേ'

'അമ്മേ ദൈവമേ' എന്നതു നിന്‍ മന്ത്ര-
മെന്നറിഞ്ഞിങ്ങിനി നീങ്ങൂ.

'അമ്മേ' എന്നു വിളിച്ചുള്ളിലേക്കു നീ
ശ്വാസമെടുക്കവെ ഓര്‍ക്കൂ:
നീ നിന്നിലമ്മയെ ഗര്‍ഭം ധരിക്കയാ-
ണമ്മയോ ഗര്‍ഭിണി നിന്നില്‍!!

'ദൈവമേ ദൈവമേ ദൈവമേ' എന്നു നീ
നിശ്വസിക്കുമ്പോഴുമോര്‍ക്കൂ.
അമ്മയീ ഭൂവില്‍ പിറന്നു വീഴുന്നിതാ
അമ്മതന്‍ ഗര്‍ഭത്തിലാം നീ!

എത്ര സുരക്ഷിതന്‍ ഗര്‍ഭസ്ഥനാം ശിശു-
വെന്നതോര്‍മ്മിച്ചിരുള്‍ തന്നെ-
കാളിതന്‍ വര്‍ണമായ്ക്കണ്ടതില്‍ ശാന്തനായ്
ആനന്ദനായ് കഴിഞ്ഞാലും!*

ഏഴു വര്‍ണങ്ങളും ലോകത്തിനേകവെ-
യാണമ്മ കാളിയായ്ത്തീര്‍ന്നൂ.
ഏഴു വര്‍ണങ്ങളും കണ്ടു രമിക്കുവാന്‍
നീ പിറക്കേണമീ മണ്ണില്‍!

കാളിയില്‍നിന്നു നീ ഭൂവില്‍ ജനിക്കവെ
അസ്വസ്ഥനാകാതിരിക്കാന്‍
'ദൈവമേ, ദൈവമേ, ദൈവമേ' എന്നുള്ള
മന്ത്രം നിനക്കരുളാകും!

*'വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം!'

ദൈവമാതാവ് !

ദൈവമാതാവ് !

അമ്മ മൊഴിയുന്നതു പകര്‍ത്തുവാന്‍ മാത്രമാ-
ണിന്നിവനു യോഗം; നിയോഗമാണൊക്കെയെ-
ന്നെന്നുമരുളുന്നതും കേട്ടിരിക്കുന്നു ഞാന്‍ :
അമ്മയെന്‍ വര്‍ത്തമാനാര്‍ഥവും മുക്തിയും!
'
''നീയറിഞ്ഞീടണം ഞാന്‍ വര്‍ത്തമാനത്തി-
ലാണിങ്ങു ശക്തിയായെത്തി നിന്‍ മുക്തിതന്‍
മാര്‍ഗമായ്, ലക്ഷ്യമായ്, മൗനസംഗീതമായ്
മാറുന്ന,തെന്നെ നീ കാണാന്‍ പഠിക്കണം.

മൗനസംഗീതമനാഹതം നീയല്പ-
നേരമെന്‍ മൗനത്തില്‍ ശ്രദ്ധിച്ചിരുന്നിടില്‍
കേള്‍ക്കുവാനായിടും, കണ്ണടച്ചീടുകില്‍
കാണുവാനാവും നിറങ്ങളും, ഇല്ലയോ?

നീയൊരിക്കല്‍ ദൈവമാതാവിനെക്കുറി-
ച്ചിങ്ങനെ കുത്തിക്കുറിച്ചതു കണ്ടു ഞാന്‍ :

'ദൈവമാതാവെന്നു കേള്‍ക്കവെ ഞാനതി-
ന്നര്‍ഥമെന്തെന്നു ചിന്തിപ്പൂ:

ദൈവം പ്രകാശം, പ്രകാശമില്ലായ്മയാം
ഗര്‍ഭപാത്രത്തിന്റെയുള്ളില്‍
ഗര്‍ഭപാത്രത്തില്‍നിന്നീ ഭൂവിലേക്കു തന്‍
കുഞ്ഞിനെത്തള്ളുവോള്‍ തള്ള!*

തന്‍ മുലക്കണ്ണിന്‍ കറുപ്പിനാല്‍ കുഞ്ഞിനെ
നിത്യം ക്ഷണിക്കുന്നൊരമ്മ
വെട്ടം സഹിക്കുവാനാവാതെയക്കുഞ്ഞു
കേഴവെ സ്തന്യമേകുന്നോള്‍!!

സ്തന്യം വെളുത്തതാ,ണുള്ളില്‍ അതെത്തവെ
കുഞ്ഞിന്നു വെട്ടം സഹിക്കാന്‍
കെല്പു കിട്ടുന്നു, കുഞ്ഞിന്നു തന്നമ്മ ഹാ!
ദൈവമാതാവാണു പിന്നെ!

ഉള്ളിലിരുട്ടും വെളിച്ചവും സ്വന്തമാ-
യുള്ളവളാണിങ്ങു തള്ള!!'

ഞാന്‍ മൊഴിയേണ്ടവ പണ്ടും മൊഴിഞ്ഞവന്‍ -
നീയെന്നറിഞ്ഞു കൃതാര്‍ഥനായീടുക!''


* കടപ്പാട്: വര്‍ഗീസാന്റണി


2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

കവിതാ ദിനസരി

കവിതാ ദിനസരി
October 12

അറിയുക: മൗനസരിത്തിലുള്ളൊരെന്നെ.
എഴുതുക: ഞാന്മൊഴിയുന്നതൊക്കെ, നിന്നില്‍

വെറുമൊരു പാര്‍ഥനിലേറെയുണ്ടു വ്യാസന്‍,
സ്വയമെഴുതൂ ഗണനാഥഭാവമോടെ.

നിന്നെ നീ മറന്നിടുമ്പൊഴെത്തിടുന്നവള്ഞാന്‍
നിന്നിലുള്ളൊരമ്മതന്നെ, യെന്സ്വരത്തിലെന്നും
നീ കുറിച്ചിടൂ; നിനക്കു വേണ്ടതൊക്കെയോതാന്‍
നിന്റെ മൗനസാഗരത്തിലാണ്ടു മുങ്ങണം നീ!

രണ്ടു വ്യാഴവട്ടമായി നിന്നെയെന്റെ ഹൃത്തില്‍
കൊണ്ടു ഞാന്‍ നടന്നിടുന്നു; അന്നു ചൊന്നതിന്നാം
നിന്‍ മനസ്സിലേറ്റി, സാധനാപഥത്തിലെത്തി
എന്‍ ഗുരുത്വമിങ്ങറിഞ്ഞു നീ വരുന്ന, തല്ലേ?

മൗനമാണു വാക്കിലേറെ ശക്തമെന്നറിഞ്ഞെന്‍
മൗനസാഗരത്തിലെത്തി മുങ്ങി നീര്‍ന്നിടുമ്പോള്‍
നീയറിഞ്ഞിടും നിനക്കു ബുദ്ബുദാര്‍ഥഭാവം!
നീ തകര്‍ന്നിടേണ, മപ്പൊഴെന്നിലുള്ള ഞാന്‍ നീ!!

ദിവസവും നിനക്കു ഞാന്‍ വരങ്ങളേകിടാന്‍ നീ
ഇവിടെ നിന്നിലുള്ളതാം സരസ്വതീസ്തനങ്ങള്‍
നുകരുമാറു പോഷണത്തിനര്‍ഥമാക്കിടേണം
കവിതയൊക്കെ, യെന്റെ ഗാന മീവിധത്തിലോതൂ.

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഞാനൊരു രാസത്വരകം മാത്രം

ഞാനൊരു രാസത്വരകം മാത്രം

ഞാനൊരു രാസത്വരകം മാത്രം
ഞാനറിയുന്നൂ; തമ്മില്‍ത്തമ്മില്‍
ചേര്‍ന്നീടേണ്ടവ തമ്മിലിണക്കാന്‍
എന്‍ സാന്നിധ്യമൊരനിവാര്യതയാം.

അതു കഴിയുമ്പോള്‍ കറിവേപ്പിലപോല്‍
അകലേക്കെറിയപ്പെടുമെന്നോര്‍മി-
ച്ചഴലില്‍പ്പെടുവോനല്ലാ ഞാനെന്‍
ചരിതാര്‍ഥതയിലുണര്‍വറിയുന്നോന്‍!