മൂന്നു കവിതകള്‍
ഇന്ന് രാമായണമാസം തുടങ്ങുന്നു. നമുക്കു മാതൃകയാകേണ്ടത് ആര് എന്ന ചോദ്യത്തിനുത്തരമായി ഉതിര്‍ന്നുവീണ മൂന്നു കവിതകള്‍
ഭാരതം ഭരതന്റെ രാജ്യം
ഭാരതം ഭരതന്റെ രാജ്യം
ഭരതനാമികള്‍ പലര്‍ ഭരിച്ചൊരു
ഭരണമാതൃകയായ രാജ്യം
ഭരണമാതൃകയായതെപ്പോള്‍?
ബ്രഹ്മനിഷ്ഠന്‍ ഋഷഭസുതനാം
ഭരതനിങ്ങൊരു കോടി വര്‍ഷം
പത്മചക്രഗദാധരന്‍ പര-
മാത്മതാതന്‍ വിഷ്ണുവിന്നെ
ഹൃദയഗഗന ദിവാകരപ്രഭ-
യെന്നറിഞ്ഞു ഭരിച്ച രാജന്‍
ഭരണമാതൃക തന്നെ; പക്ഷേ,
ഭാരതം വിഭജിച്ചു മക്കള്‍-
ക്കായി നല്കിയതെന്തു മാതൃക?
ഏകമിവിടെയനേകമായ്‌പ്പോയ്!
ദുഷ്യന്ത-ശകുന്തളാസുത-
നായിങ്ങു ജനിച്ച ഭരതനു-
മീ ഭൂമി ഭരിച്ച കാലം
ദീര്‍ഘം - പിന്‍ഗാമി വിതഥന്‍
അന്ധന്‍ - കുരുവിന്റെ മാതൃക!
ദശരഥന്‍ തന്‍ തനയനായും
ശ്രീരാമന്നനുജനായും
ചേട്ടന്റെ ചെരിപ്പു നന്ദി-
ഗ്രാമത്തില്‍ പ്രതിഷ്ഠിച്ചി-
ട്ടിവിടെ രാജ്യം രാമരാജ്യം
ജനഹിതാര്‍ഥം ഭരിച്ചീടണ-
മെന്നതോര്‍ത്തു ഭരിച്ച ഭരതന്‍
ഭരണമാതൃക - പൊരുളറിഞ്ഞാല്‍!
സ്വന്തമാണിവിടുള്ളതൊക്കെയു-
മെന്ന ധാരണ ഭരിക്കുന്നോര്‍
കൈവെടിഞ്ഞാല്‍ ജനഹിതത്തിന്‍
പ്രാതിനിധ്യം സംവഹിച്ചാല്‍
ജനഹിതത്തിന്നായ് ഭരിക്കാന്‍
കഴിയുമാര്‍ക്കും - അറിയണം നാം!
ഉള്‍ക്കാഴ്ച
നന്ദിഗ്രാം - രാമന്റെ പാദുകം പൂജാര്‍ഹ-
മെന്നറിഞ്ഞോരു ഭരതനുള്‍ക്കാഴ്ചകള്‍
നല്കിയ ഗ്രാമ, മുണ്ടിന്നുമെന്നോര്‍ക്കണം.
ആ ഗ്രാമം, ലക്ഷ്മണപത്‌നിയാമൂര്‍മിള,
കൈകേയി, പാദുകമില്ലാതെ കാട്ടിലൂ-
ടെന്നുമീ കല്ലുകള്‍ മുള്ളുകള്‍ താണ്ടുന്ന
രാമന്‍, സഹോദരന്‍ ലക്ഷ്മണന്‍, സീതയും
-ഉള്‍ക്കാഴ്ച നേടുവാനുള്‍ക്കണ്‍ തുറക്കണം!
വിഭവ-വൈഭവ ധനിക
വിഭവ-വൈഭവ ധനികയാണീ ഭാരതം, പ്രതിസന്ധികള്‍
ഇവിടെയും വരു, മെങ്കിലും പ്രതി മമതയെന്നറിയുന്നവള്‍
ഭരതമാതാ, -വവളതറിയാന്‍ പുത്രനാം ഗുരുമാതൃക-
അരുളിടുന്നൂ പരമമൂല്യം നിസ്വ നിസ്വാര്‍ഥസ്മിതം.
കാടു കയറിയ സോദരന്‍ ഭരണാര്‍ഹനെന്നറിയുന്നവന്‍
പാദുകം സിംഹാസനത്തില്‍ വച്ചു ജനഹിതദാസനായ്
രാജ്യമിങ്ങു ഭരിച്ച ഭരതന്‍ മാതൃകാഭരണാധിപന്‍
ഇവിടെയൊന്നും സ്വന്തമല്ലെന്നറിയുവോനാം നിര്‍മ്മമന്‍.
എങ്കിലും ഇവിടുള്ളതൊക്കെയുമിവിടെയോരോ മനുജനും
ജീവിതാനന്ദം പകര്‍ന്നീടും പഥം നിര്‍മ്മിച്ചിടാന്‍
എന്നറിഞ്ഞിവിടുള്ള വിഭവം വൈഭവത്താല്‍ മൂല്യമി-
ങ്ങേറിടും വിധമാക്കിയേകീടുന്ന ധന്യതയറിയുവോന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ