2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

'അമ്മേ ദൈവമേ'

'അമ്മേ ദൈവമേ'

'അമ്മേ ദൈവമേ' എന്നതു നിന്‍ മന്ത്ര-
മെന്നറിഞ്ഞിങ്ങിനി നീങ്ങൂ.

'അമ്മേ' എന്നു വിളിച്ചുള്ളിലേക്കു നീ
ശ്വാസമെടുക്കവെ ഓര്‍ക്കൂ:
നീ നിന്നിലമ്മയെ ഗര്‍ഭം ധരിക്കയാ-
ണമ്മയോ ഗര്‍ഭിണി നിന്നില്‍!!

'ദൈവമേ ദൈവമേ ദൈവമേ' എന്നു നീ
നിശ്വസിക്കുമ്പോഴുമോര്‍ക്കൂ.
അമ്മയീ ഭൂവില്‍ പിറന്നു വീഴുന്നിതാ
അമ്മതന്‍ ഗര്‍ഭത്തിലാം നീ!

എത്ര സുരക്ഷിതന്‍ ഗര്‍ഭസ്ഥനാം ശിശു-
വെന്നതോര്‍മ്മിച്ചിരുള്‍ തന്നെ-
കാളിതന്‍ വര്‍ണമായ്ക്കണ്ടതില്‍ ശാന്തനായ്
ആനന്ദനായ് കഴിഞ്ഞാലും!*

ഏഴു വര്‍ണങ്ങളും ലോകത്തിനേകവെ-
യാണമ്മ കാളിയായ്ത്തീര്‍ന്നൂ.
ഏഴു വര്‍ണങ്ങളും കണ്ടു രമിക്കുവാന്‍
നീ പിറക്കേണമീ മണ്ണില്‍!

കാളിയില്‍നിന്നു നീ ഭൂവില്‍ ജനിക്കവെ
അസ്വസ്ഥനാകാതിരിക്കാന്‍
'ദൈവമേ, ദൈവമേ, ദൈവമേ' എന്നുള്ള
മന്ത്രം നിനക്കരുളാകും!

*'വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം!'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ