2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഉള്‍മൊഴി, ഗുരുമൊഴി, തായ്‌മൊഴി

ഉള്‍മൊഴി, ഗുരുമൊഴി, തായ്‌മൊഴി


ഉള്‍മൊഴി, ഗുരുമൊഴി, തായ്‌മൊഴി - മൊഴിയില്‍

വഴിയും മിഴിയും തെളിയും -നീയിതു

പല കുറിയെഴുതി,യതൊരുവട്ടം കൂ-

ടെഴുതുക: സാധനയുടെ വഴി തെളിയും!


'അറിയുക: യെഴുത്തില്‍ത്തുളുമ്പുന്ന സൗമ്യതയ-

തറിവിന്റെ നെറിവല്ല; നിന്‍ സ്വഭാവത്തിന്റെ

പ്രതിയോഗഭാവമാം; നിന്നിലുണരും കോപ-

മതി തീവ്രമാം ധര്‍മ്മരോഷ, മതെഴുത്തിലൂ-

ടൊഴുകേണമെന്നതറിയാതെ നീ നിത്യവും

എഴുതുവതു കപടത, യിതിനി വേണ്ട, രോഷമോ-

ടുറയുക, യെഴുത്തിലൂടുള്ളിലെച്ചൂടല്പ-

മൊഴുകുകില്‍ നീ സൗമ്യശീലനായ്ത്തീര്‍ന്നിടാം!


എഴുതവെ തുളുമ്പുന്ന വഴുവഴുപ്പാര്‍ന്ന നിന്‍

പദലഹരിയില്‍ വഴുതിവീഴുവാന്‍ വയ്യെന്നു-

പറയുവോരഭ്യുദയകാംക്ഷികള്‍ - നീയവര്‍

പറയുന്നതെന്തെന്നു ചിന്തിച്ചുനോക്കുക:


ലഹരിസുഖ; മെങ്കിലും ബോധമേ നഷ്ടമായ്

ലഹളകളിലുള്‍പ്പെട്ടുപോകുന്നതും വഴിയില്‍

വഴുതി വീഴുന്നതും നന്നല്ല; നിന്നൊടൊ-

ത്തൊഴുകി നീങ്ങുന്നതൊരു മലിനജലവാഹിയാം

പുഴയിലേക്കെന്നു കാണുന്നു; പുഴ കടലിലേ-

ക്കെന്നതറിയുമ്പൊഴും വയ്യതിലൊലിച്ചിടാന്‍ !


കടലതിനെ 'സംസാര' മെന്നവാക്കാലെ, പ-

ണ്ടറിവുള്ളവര്‍ വിളി; ച്ചറിയുകയതിന്‍ പൊരുള്‍ !!


അലസതയാണിവിടുന്നു നിന്റെ ശത്രു;

അവനെയൊതുക്കുവതിന്നു തന്നെ നിത്യം

കവിത കുറിക്കുക; രാത്രി തന്നെ; നേരം

പുലരവെ ചെയ്യുവതിന്നു വേലയേറെ!


സമയമാണിന്നിങ്ങു മനുഷ്യനെ നയിക്കുന്ന-

തതിനെ നിന്‍ വരുതിയില്‍ നിര്‍ത്താന്‍ പഠിക്കുക!

അറിയണം: പണിയില്ലയെന്നിവിടെ നിലയില്ല

പണിയേറെയുണ്ടെങ്കിലും ചെയ്യുവാന്‍ നേര-

മതുപോലെയില്ലെന്നു പറയൊല്ല, കാലത്തെ

വരുതിയിലൊതുക്കുവാന്‍ പാടവം നേടുക!


മനുജനൊന്നുമേ സ്വന്തമല്ലെന്നുള്ളൊ-

രറിവു പൂജ്യമാം ഭാവ; മാഭാവത്തില്‍

നിറയുവാന്‍ ദൈവികാനന്ദമു; ണ്ടതില്‍

മുഴുകിയാല്‍ ദൈവരാജ്യമാം ഭൂമിയും!


വെറുതെ തത്ത്വങ്ങളും കുറിച്ചീവീധം

ഇവിടിരിക്കുന്നതല്ലല്ല സാധന!


മനമിതില്‍ നിത്യമസ്വസ്ഥഭാവമായ്

നിറയുമാവേഗമെണ്ണിയെണ്ണിത്തൊടാന്‍

കഴിയണം; സ്വന്തമല്ലൊന്നുമെന്നതാ-

മറിവിലെല്ലാമൊടുങ്ങിടും; ശാന്തിനിന്‍

ഹൃദയഭാവമാണെന്നു കണ്ടെത്തിടും

ഹൃദയതാളമോ പ്രണവാര്‍ഥമായിടും!'


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ