2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

കവിതാ ദിനസരി

കവിതാ ദിനസരി
October 12

അറിയുക: മൗനസരിത്തിലുള്ളൊരെന്നെ.
എഴുതുക: ഞാന്മൊഴിയുന്നതൊക്കെ, നിന്നില്‍

വെറുമൊരു പാര്‍ഥനിലേറെയുണ്ടു വ്യാസന്‍,
സ്വയമെഴുതൂ ഗണനാഥഭാവമോടെ.

നിന്നെ നീ മറന്നിടുമ്പൊഴെത്തിടുന്നവള്ഞാന്‍
നിന്നിലുള്ളൊരമ്മതന്നെ, യെന്സ്വരത്തിലെന്നും
നീ കുറിച്ചിടൂ; നിനക്കു വേണ്ടതൊക്കെയോതാന്‍
നിന്റെ മൗനസാഗരത്തിലാണ്ടു മുങ്ങണം നീ!

രണ്ടു വ്യാഴവട്ടമായി നിന്നെയെന്റെ ഹൃത്തില്‍
കൊണ്ടു ഞാന്‍ നടന്നിടുന്നു; അന്നു ചൊന്നതിന്നാം
നിന്‍ മനസ്സിലേറ്റി, സാധനാപഥത്തിലെത്തി
എന്‍ ഗുരുത്വമിങ്ങറിഞ്ഞു നീ വരുന്ന, തല്ലേ?

മൗനമാണു വാക്കിലേറെ ശക്തമെന്നറിഞ്ഞെന്‍
മൗനസാഗരത്തിലെത്തി മുങ്ങി നീര്‍ന്നിടുമ്പോള്‍
നീയറിഞ്ഞിടും നിനക്കു ബുദ്ബുദാര്‍ഥഭാവം!
നീ തകര്‍ന്നിടേണ, മപ്പൊഴെന്നിലുള്ള ഞാന്‍ നീ!!

ദിവസവും നിനക്കു ഞാന്‍ വരങ്ങളേകിടാന്‍ നീ
ഇവിടെ നിന്നിലുള്ളതാം സരസ്വതീസ്തനങ്ങള്‍
നുകരുമാറു പോഷണത്തിനര്‍ഥമാക്കിടേണം
കവിതയൊക്കെ, യെന്റെ ഗാന മീവിധത്തിലോതൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ