2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

പണ്ടെഴുതിവച്ചവ

പണ്ടെഴുതിവച്ചവ

പണ്ടെഴുതിവച്ചവയിലുള്ളതരുളിന്‍ പൊരുള്‍

ഇങ്ങതു പകര്‍ത്തിടുകയെന്നരുളിടുന്നു നീ!


'എന്തെഴുതണം? നിന്റെ സാന്ധ്യസങ്കീര്‍ത്തന-

സ്പന്ദമധുരാലസ്യ ലാസ്യലാവണ്യവും

മന്ദമനുരാഗലയമാരുതഹൃദന്തത്തി-

ലെന്നുമുണരുന്ന സ്വപ്‌നാര്‍ദ്രതീര്‍ഥങ്ങളും

എന്നിലുണരുമ്പോഴുഷസ്സന്ധ്യതന്‍ മൗന-

മന്ദസ്മിതം പോലെയാണെന്റെ ജീവിതം!


ഞാനല്ല, നീയാണു സര്‍വമെന്നുള്ളിലു-

ള്ളാനന്ദസാരത്തൊടോതിയുണര്‍ ,ന്നുണര്‍ -

വാണെന്റെ സത്യമെന്നാര്‍ദ്രസങ്കീര്‍ത്തന-

മായുള്ളൊഴുക്കില്‍ ലയിച്ചു പാടീടുക!


എന്നുമാ ഗാനസരിത്തിലെത്തുള്ളികള്‍

പുല്‍നാമ്പിലെ മഞ്ഞുതുള്ളിപോല്‍ , വിശ്വമി-

ങ്ങുള്ളിലുള്‍ക്കൊള്ളുന്ന ബുദ്ബുദബിന്ദുവാ-

ണിങ്ങുള്ള ജീവിതമെന്നറിഞ്ഞീടുക!


ഉള്ളതൊരാനന്ദസിന്ധുവാ, ണാക്കടല്‍

തന്നെയാം ഞാനുമെന്നുള്ളറിവില്‍ നിറ-

ഞ്ഞെന്റെ മുജ്ജന്മകര്‍മങ്ങളെല്ലാമഹം-

ഭാവഭാവം മാത്രമെന്നു കണ്ടീടുക!


കര്‍മപാശങ്ങള്‍ പൊട്ടിക്കുവാന്‍ കര്‍മങ്ങ-

ളല്ലിങ്ങു ചെയ്യേണ്ട, തൊന്നുമേ ചെയ്യാതെ

ഇങ്ങിരുന്നങ്ങാണു സത്യമെന്നോതുക!

അങ്ങിങ്ങുണര്‍വിലീ മാരിവില്‍ രശ്മികള്‍ !!


ഇങ്ങങ്ങുമെന്നറിഞ്ഞീടുന്ന വേളയില്‍

മങ്ങില്ല വെട്ടം നിറങ്ങളാലുള്ളിലെ-

ങ്ങെങ്ങും നിറങ്ങളാ, ണെല്ലാ നിറങ്ങളും

അങ്ങേയരുള്‍ , വെളിച്ചത്തിന്‍ പൊരുള്‍ , കാണുക!


ഇങ്ങനെയെന്‍ കര്‍മമെന്‍ പാശമായിതാ

ഇങ്ങെന്നു കാണാതെ, പൂമാലമാത്രമാ-

ണിങ്ങെന്നു കാണുക; പാശമായ് കാട്ടുന്ന

മങ്ങിയ വെട്ടം തെളിഞ്ഞിടാനീയരുള്‍ !!


മൃത്യവും ജന്മവും മിഥ്യയാണെന്നറി-

ഞ്ഞത്യുഗ്ര സൂര്യപ്രകാശപ്രഭാവത്തി-

ലെത്രവര്‍ണങ്ങളെന്നത്ഭുതപ്പെട്ടിടാ-

നിങ്ങുള്ള ജീവിതമെന്നറിഞ്ഞീടുക!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ