2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ആത്മഭാഷണം

മാണ്ഡൂക്യം
''പദമിഴുകിയൊഴുകുന്ന നിന്‍ കൃതികളൊക്കെയും
വഴുവഴുപ്പാര്‍ന്നൊഴുകിടും തവളമുട്ടപോല്‍.
ആശ്ലേഷവേളയില്‍ ശ്ലേഷ്മമെന്നോണമാം
ഈ ശ്ലേഷവും പ്രാസവും ശബ്ദജാലവും
നിന്റെ ബന്ധങ്ങളെന്നോണമൊട്ടിപ്പിടി-
ച്ചണ്ഡങ്ങ,ളര്‍ഥങ്ങളസ്വസ്ഥരാണിതില്‍!''
പതിനാലു വര്‍ഷങ്ങള്‍ മുമ്പെന്റെ ഗുരുവെന്റെ
കവിതയെവിമര്‍ശിച്ചതിന്നു നെല്ലിക്കപോല്‍
മധുരിച്ചിടുന്നു, ഞാന്‍ കേള്‍ക്കുന്നു ഗുരുവരുളി-
ലൊരു മണ്ഡനം ഖണ്ഡനത്തിനാഴങ്ങളില്‍:
''ബന്ധനങ്ങള്‍ തകര്‍ത്തിട്ടു വാല്‍മാക്രിയായ്
സാവധാനം തവളയാ,യുഭയജീവിയായ്
നിന്റെ കാവ്യങ്ങളും നിന്‍ ജീവഭാവവും
മുക്തിതന്നാദിരൂപം വരിച്ചീടുകില്‍
ശക്തി നേടീടുവാനാവും നിനക്കു, നിന്‍
ആസ്വാദകര്‍ക്കൊക്കെ മുക്തി നേടീടുവാന്‍
ശക്തി നല്കീടുന്ന കാവ്യങ്ങളാല്‍ നിന്റെ
ജീവിതം മാണ്ഡൂക്യമാകട്ടെ, ഭാവുകം!''

ചൂണ്ടുപലക
''ഒരു ചൂണ്ടുപലകയാണിന്നു ഞാന്‍, ലക്ഷ്യവും
വഴിയുമറിയുമ്പൊഴും കവലയില്‍ നിശ്ചലം
നില്ക്കല്‍ സ്വധര്‍മമായറിയുന്നു; ലക്ഷ്യത്തി-
ലണയുവാനെന്നെനിക്കാവും?''
ഒരുവേള ഇതുപോലെ യൊരുചോദ്യമെന്നിലൂ-
ടൊഴുകി, ഞാനാരാഞ്ഞു ഗുരുവിനോ,ടതിനെന്റെ
ഗുരു ചൊന്നതിത്രയും മാത്രം:
''അറബിക്കടല്‍ ബോര്‍ഡ് പുഴയിലൂടൊഴുകട്ടെ.''
ധ്വനിതലമിതിന്നെത്ര? തിരയവേ കേട്ടു ഞാന്‍:
''കുരുവിലെത്തരുപോലെ പുഴയില്‍ സമുദ്രവും
മാര്‍ഗത്തില്‍ ലക്ഷ്യവും ഇവിടെയിപ്പോഴെന്ന
സത്യത്തിലുള്‍ച്ചേര്‍ന്നിരിപ്പൂ!''


ആത്മഭാഷണം
ഒന്ന്
എഴുതിടേണമെന്നുമെന്ന മൊഴിയിലന്നുണര്‍ന്നു നീ
എഴുതിടാതലഞ്ഞിടുമ്പൊളൊഴുകിയിന്നലിഞ്ഞു നീ
ഇനിയുമെന്തു ചൊല്ലണം? നിനക്കു കാവ്യസാധന-
യ്ക്കിനിയുമില്ല നേരമെന്നു ചൊല്ലിടേണ്ടതില്ല നീ!
അറിയണം: നിനക്കു നേരമുണ്ടു, നീ ഭരിക്കുവാന്‍
തുനിയുമെങ്കി, ലലസതയ്ക്കു നിമിഷമേകിടൊല്ല നീ!
ഇവിടെയിപ്പൊഴെന്തു ചെയ്യണം? കുളിച്ചുണര്‍ന്നിടാ-
തൊഴുകിവന്നിടുന്നതീവിധം പകര്‍ത്തിവയ്ക്കണോ?
എഴുതിടേണ്ടതെഴുതി ജീവനത്തിനുള്ള വീഥിയില്‍


മുഴുകിടേണ്ടപോലെ മുഴുകി, യൊഴുകുവാന്‍ മറക്കണോ?


ആത്മഭാഷണം
രണ്ട്
''കാവ്യമായിരം കുത്തിക്കുറിക്കാന്‍
ആയിടുന്നതില്‍ കാര്യമില്ലോര്‍ക്കൂ.
നിന്റെയുള്ളിന്റെയുള്ളില്‍ ജനിച്ചി-
ട്ടുള്ള ദേവന്റെ വാക്കുകള്‍ കേള്‍ക്കൂ.
നിന്നഹത്തിന്റെ തോടുപൊട്ടിച്ചി-
ട്ടുണ്മതന്‍ വെളിച്ചത്തില്‍ രമിക്കൂ!''
വ്യാഴവട്ടമൊന്നായി നിന്‍ വാക്കിന്‍
ആഴമിപ്പൊഴും തേടിടുന്നൂ ഞാന്‍.
എന്റെയുള്ളിന്റെയുള്ളിലെദ്ദേവന്‍
എന്തുചൊല്ലിടുന്നെന്നു കാതോര്‍ത്തും
എന്നഹത്തിന്റെ തോടുകള്‍ കൊത്തി-
ച്ചുണ്ടുതേഞ്ഞും തളര്‍ന്നിരിക്കുമ്പോള്‍

വെട്ടമെന്തെന്നറിഞ്ഞിടാഞ്ഞിട്ടും
കണ്ടിടുന്നല്ലൊ മാരിവില്ലുള്ളില്‍!
''വര്‍ണമായിരം ചേര്‍ന്നതാണിങ്ങീ
വെട്ടമൊക്കെയെന്നോര്‍ക്കണം നിങ്ങള്‍''
പണ്ടു കേട്ടു ഞാ, നുള്ളിലെദ്ദേവന്‍
തന്നെയാവാം മൊഴിഞ്ഞതാ സത്യം.
പിന്നെയെങ്കിലും കേട്ടു: ''നീയെന്നില്‍-
ത്തന്നെയൊക്കെയുള്‍ക്കൊള്ളുമെന്നോര്‍ക്കൂ
ഏകതയ്ക്കുള്ളിലുള്ള വൈവിധ്യം,
വര്‍ണജാലമാം മായ, യാഥാര്‍ഥ്യം!''
നൂറുനൂറുണ്മ ചേര്‍ന്നൊരേകത്വം,
ഏകതയ്ക്കുള്ളിലുള്ള വൈവിധ്യം!
ഒതിടാന്‍ രണ്ടു ശബ്ദങ്ങളിപ്പോള്‍
ഏതിലാണു ഞാന്‍ ശ്രദ്ധിച്ചിടേണ്ടൂ?
രണ്ടുശബ്ദവും കേള്‍ക്കുവാനാരാ-
ണുള്ളി? ലാസാക്ഷിഭാവമാം സത്യം!
നിത്യനിസ്സംഗഭാവത്തിലുള്ളോ-
രാത്മസത്യത്തിലായ് ലോകമോര്‍ത്താല്‍
സ്വപ്നമെന്നോണമാണു, സ്വപ്നത്തില്‍
സത്യമായ്‌ത്തോന്നുമല്ലൊ സങ്കല്പം!
എങ്കിലും നീയറിഞ്ഞിടേണം നിന്‍
കാലുറപ്പിച്ചിടാന്‍ ഭൂമി വേണം.
അന്നമോ പ്രാണനോ മനസ്സോ നിന്‍
ഉള്ളിലായ് നിഴല്‍ തീര്‍ക്കും നിലാവോ
മിഥ്യയല്ല, നീയീ ജഗത്തില്‍ നിന്‍
സത്യമെന്തെന്നറിഞ്ഞു നീങ്ങീടില്‍!
മിഥ്യയാള്ളതാശകള്‍, മന്നില്‍
കാല്‍തൊടാതുള്ള നിന്‍ വിചാരങ്ങള്‍
നിന്‍ വികാരങ്ങളൂടൂയലാടും
നിന്‍ വികല്പങ്ങളും മിഥ്യതന്നെ!
സത്യസങ്കല്പമെന്നതീ മണ്ണില്‍
വേരുറപ്പിച്ചു, പൂവണി,ഞ്ഞല്പം
പൊന്‍പരാഗത്തിനായ് കാറ്റു കാക്കും
സസ്യമെന്നറിഞ്ഞാസനസ്ഥൈര്യം
നേടി നീ കര്‍മയോഗിയായ്ത്തീരൂ
സത്യസങ്കല്പമൊത്തു യാഥാര്‍ഥ്യ-
പ്പൊന്‍പരാഗവും ചേര്‍ത്തു കായായ് നിന്‍
ജീവിതം നിത്യസത്യാര്‍ഥമാക്കൂ.
ഉള്ളിലുള്ളതാം ദൈ്വതങ്ങളല്ലെ-
ന്നുണ്മയെന്നറിഞ്ഞിട്ടിങ്ങു ദേഹം
മാനസത്തോടു ചേര്‍ന്നഹം തീര്‍ക്കു-
ന്നെന്നറി,ഞ്ഞതിന്‍ തോടുപൊട്ടിക്കാന്‍
ഭാരമില്ലാതെ വിത്തുമായ് വാനില്‍-
ക്കൂടിയെപ്പോള്‍ ചരിക്കുവാനാവും?


ആത്മഭാഷണം
മൂന്ന്


രണ്ടു വള്ളങ്ങളില്‍ കാലുകള്‍ വച്ചിടാം
രണ്ടും ഒരേയിടം ലക്ഷ്യമാക്കീടുകില്‍.
രണ്ടിനെയും തമ്മില്‍ ബന്ധിച്ചുനില്ക്കുന്ന
കണ്ണിയായ് മാറണം നീ, യതു പോലെയാ
രണ്ടിനുമൊന്നെന്ന ഭാവമുണ്ടാകുവാന്‍
രണ്ടെന്നഭാവമേയില്ലാതെയാക്കുവാന്‍
ഓരോന്നിലും കയറീടുവോര്‍ വ്യത്യസ്ത
സാഹചര്യങ്ങളില്‍പ്പെട്ടവരാകയാല്‍
ശ്രദ്ധയും വേണം നിനക്കു, നീ നിന്‍ ധര്‍മ-
മെന്തെന്നറിഞ്ഞു ചരിക്കുവോനല്ലയോ?
രാസത്വരകമായ്, നിസ്സംഗനായ്, നിത്യ-
നിഷ്‌കാമകര്‍മിയായ് നീ മുക്തനാകുക!


വിധേയന്‍
അഹന്ത പാറപോ,ലതിന്റെയുള്ളിലു-
ണ്ടൊരാത്മബിംബമി'ങ്ങകംപൊരുള്‍' പുറ-
ത്തെടുക്കുവാന്‍ പുറം തകര്‍ത്തു നീങ്ങുമീ
ഉളിക്കു, പീഡകള്‍ സഹിച്ചു നിത്യവും
വിധേയനാകുവാനെനിക്കു വയ്യ; എന്‍
കരള്‍ മരുപ്പര;പ്പിരുള്‍പ്പരപ്പിതില്‍
അരുള്‍പ്രവാഹമായ്, പ്രകാശമായ് വരും
ഗുരോ നിനക്കു ഞാന്‍ വിധേയനായിടാം!
ഒഴുക്കിതില്‍ലയി,ച്ചഹന്തതന്‍ പുറം
പൊളി,ഞ്ഞടി'ക്കകംപൊരുള്‍' തെളിഞ്ഞിടാം.


ചാട്ടം
ഗുരോ, പരിഭ്രമിച്ചിടുന്നുവോ? എനി-
ക്കൊരേ വിചാരമാണുയര്‍ന്നു ചാടവെ
'കരം തരും പരന്‍' പരന്നുവേണ്ടിയെന്‍
കരം കൊടുത്തു ഞാന്‍ ചരിച്ചിടുന്നവന്‍!
'പരത്തിലല്ലൂഴിപ്പരപ്പിലാണു നീ
ചരിച്ചിടേണ്ട'തെന്നുരച്ചിടാം ഗുരു!
'നിരത്തിലേകമാം പദം; വിയത്തിലാം
ചരിക്കവേ പരം പദം; ഇതോര്‍ക്കുക!'
'കുഴിച്ചു വച്ചു വന്‍കിടങ്ങുകള്‍ ചിലര്‍
വഴിക്കു മധ്യ; മിങ്ങൊരൊറ്റ മാര്‍ഗമാം
കടന്നിടാന്‍- ചാട്ടം ഇരു പദങ്ങളും
അടുപ്പിച്ചേ നീട്ടി പറന്നു ചാടുക!'
ഗുരുത്വമാര്‍ന്നകത്തുയര്‍ന്നിടുന്നതാം
സ്വരം ശ്രവിച്ചു ഞാന്‍ ചരിക്കയാം ഗുരോ!


പുഴയരുള്‍ *
അറിവിനുത്തുംഗസീമകള്‍ തേടി ഞാ-
നലയുവോ;നെനിക്കെന്റെ ദാഹാര്‍ത്തിയില്‍
ശമനമേകുന്ന പീയൂഷധാരയീ
കവിത, യീപ്പുഴയ്‌ക്കെങ്ങുനിന്നുത്ഭവം?
ഒഴുകിടാനല്ല, നീന്തിടാനാണു ഞാന്‍
ഇവിടെയെത്തിയതെന്നറിയുമ്പൊഴും
ഒഴുകിടാന്‍ മാത്രമായിടു, ന്നാഴിയ-
ല്ലറിവു തേടുവാന്‍, നേടുവാന്‍ വന്നു ഞാന്‍!
അറിവറിഞ്ഞവര്‍ ചൊന്നിടുന്നിങ്ങനെ:
അറിവകക്കടല്‍, മുങ്ങിടൂ കിട്ടിടും.
അതു തിരഞ്ഞലഞ്ഞീടേണ്ട, വാനിലേയ്-
ക്കുയരുമുത്തുംഗമാം പര്‍വതങ്ങളില്‍
കയറിനിന്നു കണ്ടീടുവാനായിടും
വിപുല വിശ്വമ,ല്ലുള്ളിലുള്ളുണ്മയാ-
യണുവിലും സൂക്ഷ്മസൂക്ഷ്മമാം ബിന്ദുവായ്
അറിവകക്കടല്‍ച്ചിപ്പിയില്‍ മുത്തുതാന്‍!
അറിവനന്തതയ്ക്കായ് ജ്ഞേയമാനമൊ-
ന്നരുളിടുന്നൊരാശ്ചര്യമാം, ബിന്ദുവി-
ന്നകവുമുള്‍ക്കൊണ്ടിടുന്നോരഖണ്ഡമാം
അനുപമാനന്ദസിന്ധുവാം, മാനസം
നിറമൊരായിരം നല്കി ദര്‍ശിച്ചിടും
അഴകിലുള്ളോരനശ്വരസ്പന്ദമാം!
അറിവിലേറുവാനന്തര്‍മുഖത്വമാര്‍-
ന്നകമുഖം തേടുവാന്‍ തുനിഞ്ഞീടവേ
ഇവിടെ ഭൂവി'ലില്ലായ്മ'യാല്‍ രോഗവും
ദുരിതവും ദുഃഖ തീവ്രഭാവങ്ങളും
അനുഭവിച്ചിടും സോദരര്‍ വന്നിതാ
അണിനിരക്കുന്നു, ഞാനെന്തു ചെയ്യണം?
അവഗണിക്കുകെന്നാരു ചൊല്ലുന്നു? ഞാ-
നിവരെയുള്ളിലാവാഹനം ചെയ്തിടാ-
തെവിടെയെന്നിലെല്ലാമൊതുങ്ങീടുമാ-
ററിവു നര്‍ത്തനം ചെയ്‌വതായ്ക്കണ്ടിടും?
അറികയാവാഹനത്തിനു മുമ്പു നീ
അറിവു നിര്‍ഗുണമെന്നറിഞ്ഞീടണം
'അഹ' 'മഹന്ത'യായ് തെറ്റിദ്ധരിച്ചിടാ-
തനലനായ്ക്കണ്ടതില്‍ ദഹിച്ചീടണം.
'അതിനു വയ്യെനിക്കെന്നു കേഴുന്ന'താ-
രവനെ സൂക്ഷ്മമായ് നീ നിരീക്ഷിക്കുക
അവനെ ബന്ധിച്ചു പഞ്ചേന്ദ്രിയങ്ങളും
അടയുമാറു മുക്കീടുവാനാണു ഞാന്‍
കവിതയായൊഴുക്കീടുന്നതീ പുഴ!
അതിലലിയുന്നതാരെന്നു നോക്കുക:
അവ,നവന്‍തന്നെയാ;മിനി സ്വപ്നവും
അഴലുതിങ്ങിടും യാഥാര്‍ഥ്യവും തിരി-
ച്ചറിയണം; വെട്ടമായണഞ്ഞീടുമീ-
യറിവഹം, ബോധ,മേകമാം സത്യവും! 05021989


സ്‌നേഹാര്‍ഥം
അത്യുന്നതത്തിലെ ദൈവ മഹത്വമീ
സന്മനസ്സുള്ളോര്‍ക്കു ഭൂമിയില്‍ ശാന്തിയായ്
ലഭ്യമായീടുവാനാരായ്ക നാം സ്‌നേഹ-
ഭാവാര്‍ഥമാം ദൈവനീതിയും രാജ്യവും!
ആറുദിനങ്ങളധ്വാനിച്ച ദൈവവും
ഏഴാം ദിനം വിശ്രമിച്ചു, മര്‍ത്യര്‍ക്കുമാ
വിശ്രമത്തിന്നായ് വിധിച്ചു സാബത്തു; നാ-
മാചരിച്ചീടവേ, യര്‍ഥമോര്‍ത്തീടണം!
ആറു വര്‍ഷങ്ങള്‍ക്കു ശേഷമായ് സാബത്തു-
വര്‍ഷവും ദൈവം വിധിച്ചു; ദേശത്തിന്റെ
വിശ്രമവര്‍ഷമായ്, ദൈവം തരുന്നതി-
ലാശ്രയിച്ചൊക്കെയുമാസ്വദിച്ചീടുവാന്‍!
സാബത്തു വര്‍ഷങ്ങളേഴിനു ശേഷമായ്
ജൂബിലിവര്‍ഷം വിധിച്ചതില്‍, സംശുദ്ധ
ജീവിതമാ, ണയല്‍ക്കാരെ സ്‌നേഹിക്കുന്ന
ജീവിതമാ, ണതിന്‍ ധന്യത നേടണം.
''ഭൂമിയെന്റേതെന്നറിഞ്ഞു കൊള്‍വിന്‍, പര-
ദേശികള്‍ നിങ്ങള്‍ പ്രവാസികള്‍ മാത്രമാം.
നിന്റെ സഹോദരന്‍ നിര്‍ധനനായ്, സ്വയം
നിന്‍ കൂലിവേല ചെയ്തീടുകില്‍ ജൂബിലി-
വത്സരത്തില്‍ സ്വന്തദേശവും ഗോത്രവും
വീണ്ടെടുത്തീടാന്‍ സ്വതന്ത്രരാക്കീടണം!
വിറ്റിടൊല്ലെന്നുമെന്നേയ്ക്കുമാ, യെങ്കിലും
ദാരിദ്ര്യവേളയില്‍ വിറ്റുകള്‍കൊക്കെയും.
ജൂബിലി വത്സരാഘോഷത്തിലൊക്കെയും
വീണ്ടെടുത്തീടുവാനാവുമെന്നോര്‍ക്കുക.''
യേശുവന്നെന്താണു ചൊന്നതെന്നോര്‍ത്തീടാം:
''സാബത്തു മര്‍ത്യര്‍ക്കു വേണ്ടിയാം; നന്മകള്‍
ചെയ്യുവാനുള്ളതാണാദിനം; ദൈവവും
കാരുണ്യമാം, ബലിയല്ലാഗ്രഹിക്കുക!
നിന്റെ സഹോദരന്‍ നിന്നോടു കോപിഷ്ഠ-
നെന്നോര്‍ത്തീടില്‍ ബലിപീഠത്തിലായ് , കാഴ്ച-
വസ്തു വച്ചിട്ടനുരഞ്ജനം നേടുക!
പിന്നെയേ കാഴ്ചയര്‍പ്പിക്കല്‍ ഫലം തരൂ!!
മോശെതന്‍ പീഠത്തിലിങ്ങിരിക്കുന്നവര്‍
ചൊല്ലുന്നതല്ലാതെ, ചെയ്യുന്നതൊന്നുമേ
നിങ്ങള്‍ പ്രമാണമാക്കേണ്ടിങ്ങു കാതലായ്
ദൈവവിശ്വാസ, മരുള്‍, നീതിബോധവും!
റദ്ദാക്കീടാനുള്ളതല്ലാ, പ്രവാചകര്‍
ചൊന്നതും ചട്ടങ്ങളും; സത്തയെന്തെന്നു
കാണിച്ചു തന്നീടുവാനിങ്ങു വന്നു ഞാന്‍,
മാംസം ധരിച്ചവാക്കായ് വരൂ നിങ്ങളും!
മര്‍ത്യരില്‍ നിങ്ങള്‍ക്കു ശത്രുക്കളി, ല്ലിങ്ങു
ശത്രുക്കളുണ്ടുള്ളിലെന്നറിഞ്ഞീടുക.
മാലിന്യവും പുറത്ത; ല്ലകത്തല്ലയോ
ദുഷ്ചിന്തകള്‍, വാക്കു; ചെയ്തിയും ഹൃദ്ഗതം!
ദൈവത്തിലാശ്രയിച്ചീടുവിന്‍ ; സര്‍വതും
ദൈവേച്ഛ പോലെയേ സംഭവിക്കൂ; ദൈവ-
മെന്‍ പിതാ, വേവര്‍ക്കുമങ്ങനെ തന്നെ; യാ
സ്‌നേഹസ്വരൂപനില്‍ വിശ്വസിച്ചീടുവിന്‍!

ധനം ധന്യഭാവം
ക്രിസ്തുവിന്നനുയായിയായീയുവാന്‍
വാസ്തവത്തിലിങ്ങാഗ്രഹിച്ചീടുവോര്‍
സത്യസങ്കല്പവീഥിയിലുള്ളതാം
മിഥ്യകള്‍ കണ്ടറിഞ്ഞേ ചരിക്കണം!
ദൈവരാജ്യവും നീതിയും തേടണം
ഭാവിയെക്കുറിച്ചാധിവേ;ണ്ടോര്‍ക്കണം
വേണ്ട, വേണ്ട ധനാസക്തി;യൊക്കെയും
വേണ്ടുവോളമീ ഭൂവിലുണ്ടോര്‍ക്കണം!
ദൈവികം ധന്യഭാവവും വൈഭവം
ഈ വിഭവങ്ങളായതുമാം ധനം!
'സീസറിന്‍മുദ്രയുള്ളതാമിപ്പണം
സീസറിന്റേതു, ദൈവികമല്ലവ!!
ഇങ്ങതിന്‍ സ്ഥാനമോര്‍ത്തുനോക്കീടുകില്‍
വാങ്ങി വില്ക്കലില്‍ 'ദല്ലാ'ളിനുള്ളതാം.
നിങ്ങളാം പണത്തിന്നു കൈമാറുവാന്‍
ഇങ്ങു മൂല്യമേകുന്നതെന്നോര്‍ക്കുക!
'ഭാവനാപുത്രി' മാത്രമാമിപ്പണം
ഭാവിതീര്‍ക്കുന്നൊരാധി മാറ്റീടുവാന്‍
'സര്‍വശക്തമാം വിഗ്രഹം' പോലെയാം
സര്‍വശക്തിയും നേടി വാഴുന്നിതാ!
നിങ്ങള്‍ സീസറിന്‍ഭാവനാധീനരായ്
ഇങ്ങു ദൈവസങ്കല്പം മറക്കവെ
എന്തു കഷ്ടമാ, ണീഭൂമി സീസറിന്‍
ചന്തയായ് മാറിടുന്നിതാ കാണുക!
ദൈവമക്കളായ്ത്തീര്‍ന്നു മര്‍ത്യര്‍ സ്വയം
ദൈവസമ്പത്തു പങ്കുവച്ചീടവെ
വേണ്ടവര്‍ വേണ്ടപോലെടുത്തീടിലും
'വേണ്ട വേ'ണ്ടെന്നഭാവം സ്വയം വരും!
പങ്കു കൂടുതല്‍ ദുര്‍ബലര്‍ക്കേകിടും!!
ശങ്കയെന്നിയെ ദൈവരാജ്യം വരും!!!
ദൈവരാജ്യമീ ഭൂമിയില്‍ വന്നിടില്‍
ദൈവനീതിയും സ്‌നേഹവും പൂവിടും!
സോദരന്മാരില്‍ ചിലര്‍ ശത്രുവെന്നു നാ-
മോര്‍മിച്ചു പോയിടാം, തെറ്റിദ്ധരിപ്പതാം
തെറ്റുകള്‍ക്കൊക്കെയും കാരണമെന്നറി-
ഞ്ഞജ്ഞത മാറ്റുവാന്‍ സ്‌നേഹമായ്ത്തീരുക!
സ്‌നേഹ, മോര്‍മ്മിക്കുക, ദൈവമാ; ണെണ്ണയായ്
നിന്‍ അഹം ത്യാഗോജ്വലം ജ്വലിപ്പിക്കുകില്‍
ദൈവമീ ഭൂമിയില്‍ വന്നരുളേകിടും
ദൈവരാജ്യം വരും, ശാന്തിയും കൈവരും!''


മഴപ്പൊരുള്‍


മഴവഴി പുഴ; പുഴ പുഴയുടെ വഴിയേ
അഴകെഴുമാഴിയിലേക്കൊഴുകീടവെ
മഴയുടെ മണ്ണിനൊടുള്ളൊരു പ്രണയം
എഴുതിടുവാനാണെന്റെ നിയോഗം!
പ്രകൃതിയിലുള്ളവ സകരലതിനും ഹൃദ-
യാര്‍ദ്രതയുണ്ടെന്നറിയിക്കാനായ്
മഴപൊഴിയുന്നു, പുഴയൊഴുകുന്നു,
വനഹൃദയത്തിലലിഞ്ഞിവിടെങ്ങും
പുതുപുതുതളിരുകള്‍, പൂവുകള്‍, വിടരാന്‍
പുതുപുതുപുളകോദ്ഗാമികളായ്ത്തീര്‍
ന്നെവിടെയുമുള്ളതു വനഹൃദയത്തിലെ
ഹൃദയവിശാലതയെന്നരുളുന്നൂ!
പുരയുടെ മുകളില്‍വീഴും മഴയവി-
ടറിയുവതെന്തേ? യാന്ത്രിക സംസ്‌കൃതി-
യരുളീടുന്ന നിരാര്‍ദ്രോഷ്മളതയി-
ലൊരു പ്രാര്‍ത്ഥനയായ് മഴയുയരുന്നോ?
മഴമുറ്റത്തുപതിക്കവെ, യൊരുതരു
എവിടുണ്ടെന്നു തിരഞ്ഞീടുന്നു!
ഒരു ദാഹാര്‍ത്ത ഹൃദന്തം, ചെളിയില്‍
പുതയും കാലൊടെ നില്ക്കും യൗവന
മതിമോഹാര്‍ദ്രത - സകലതിനും തന്‍
പൊരുളനുഭവമായ്ത്തീരാനല്ലോ
മഴയുടെ കൊതി! മഴയഴലെഴു മഴകോ
അഴകെഴുമഴലോ, അഴലാമഴകോ?
അഴലഴകാക്കിയൊഴുക്കും കവിത-
പ്പുഴയുടെ പൊരുളാമരുളും മഴപോല്‍!


ചിന്താപൈതൃകം


എന്തിനെക്കുറിച്ചിന്നെഴുതീടണം?
ചിന്തയെക്കുറിച്ചാകട്ടെ: ലോകമേ
ചന്തയായ്ത്തീര്‍ന്ന കാലമാണിന്നു, നാം
ചിന്തപോലുമാ ചന്തയില്‍വില്ലുവോര്‍!
എന്തുതെറ്റിതില്‍? വിറ്റുവാങ്ങുന്നിടം
ചന്ത; വേണ്ടാത്തതൊക്കെയും വിറ്റുനാം
വേണ്ടതൊക്കെ വാങ്ങുന്നിടം; വേണ്ടവര്‍
വേണ്ടതെന്തെന്നു ചിന്തിച്ചു വാങ്ങിടും
ചിന്തവില്ക്ന്ന ചന്തയില്‍ചിന്തയും
ചന്തയില്‍നിന്നു വാങ്ങും ചരക്കു; നാം
സ്വന്തചിന്ത, വിവേചനാശീലവും
എന്തുകൊണ്ടും മറന്നുപോയീടുവാന്‍
ചന്തമാര്‍ന്ന രൂപങ്ങളില്‍മുക്തിയാം
ചിന്ത വില്ക്പ്പെടുന്നതീച്ചന്തയില്‍!
എന്തുതെറ്റിതില്‍? - സ്വന്തം ചരക്കുകള്‍
ക്കെന്തു മൂല്യമുണ്ടെന്നു ബോധ്യപ്പെടു-
ത്തുന്നതിന്നു സാമര്‍ഥ്യമാവശ്യമാം;
എന്നുമെങ്ങും ജയിപ്പതാം കൗശലം!
കൗശലം ചിന്തതന്‍തന്ത തന്നെയാം!!
കുശലഭാവമോ ചിന്തതന്‍
സന്തതി!!!



മുക്തി


അഹമുണരുമ്പൊഴുമുള്ളിലുള്ള മന്ദ-
സ്മിതമൊഴുകുന്നതിലാഴ്ന്നു മുങ്ങിടാമെ-
ന്നറിയുക,യാത്മലയത്തിലാണു കര്‍മ-
സ്മൃതികളലിഞ്ഞിവിടേകിടുന്നു മുക്തി!




എന്തെഴുതണം?


എന്തെഴുതണം? നിന്റെ സാന്ധ്യസങ്കീര്‍ത്തന-
സ്പന്ദമധുരാലസ്യ ലാസ്യലാവണ്യവും
മന്ദമനുരാഗലയ മാരുതഹൃദന്തത്തി-
ലെന്നുമുണരുന്ന സ്വപ്‌നാര്‍ദ്രതീര്‍ഥങ്ങളും
എന്നിലൊഴുകുമ്പോഴുഷസ്സന്ധ്യതന്‍ മൗന
മന്ദസ്മിതംപോലെയാണല്ലൊ ജീവിതം!



സര്ഗസങ്കല്പനൃത്തം


പ്ലവഗബീജം



താരമാലകളണിഞ്ഞു പുഞ്ചിരിയി-
ലാത്മനിര്‍വൃതി പകര്‍ന്നിടും
നീ രഹസ്യമറിയുന്നവള്‍, പറയു-


കെന്റെ തൂലികയിലൂടെയീ
വിശ്വവശ്യതയിലാണ്ടുമുങ്ങിടുകി-
ലെങ്ങുപോയിടുമഹന്തയെ,-
ന്നശ്വമല്ലിനിയുമിങ്ങു ഞാ; നൊഴുകി
നീങ്ങിടും പ്ലവഗബീജമാം!!


മിഴി നീ


ഒഴുകുകയൊഴുകുകയിവിടിനിയരുളിന്‍
പുഴയഴകെഴുതിയ മൊഴിമഴ, വഴിയില്‍
പുതുമഴയരുളിടുമരു,ളൊരുമഴവില്‍-
ക്കതിരൊളിചിതറവെയതിനൊരു മിഴി നീ!


എന്തേ വൃത്തം?


എന്തേ വൃത്തം? ചടുലതയുണരും സര്‍ഗസങ്കല്പനൃത്തം?
ചന്തം തീര്‍ക്കും മൃദുലത? മധുരം, മൗനമന്ദസ്മിതാര്‍ദ്ര-
സ്പന്ദം പൂക്കും ഹൃദയവു, മഴലില്‍ സാരസര്‍വസ്വ തീര്‍ഥ-
സ്‌നാനം നല്കും കവിതയുമറിയും ശൂന്യസങ്കല്പതല്പം?



എന്തേ കാവ്യം?



എന്തേ കാവ്യം? എവിടെയുമുറവിട്ടീടുമീ സത്യമെന്നില്‍
സന്ധ്യാരാഗം, നിറമെഴുകഴകിന്‍ നിര്‍വൃതിസ്പന്ദമാര്‍ദ്രം
സര്‍ഗോന്മാദപ്പുഴകളിലൊഴുകിപ്പോയിടും വേളയില്‍ നിന്‍
ഹര്‍ഷോന്മാദം സ്മൃതികളിലുണരാന്‍, മുങ്ങുവാന്‍, അര്‍ഥതീര്‍ഥം!




പദലാസ്യം


ഇതാണിതാണനുഭൂതികളില്‍ ക്കുളി-
രണിഞ്ഞുണര്‍ന്നൊരു മൃദുലപദം
ഇതാണുഷസ്സിനുണര്‍വരുളുന്നൊരു


കിനാവിനൂഷ്മള ലയനിനദം



പദം, പദം, പദലയലഹരി
മൃദംഗസംഗതരംഗമദം
മദം, മദം, മദമനുപമമാ-
മനംഗസംഗമ പദചലനം
തരംഗരാഗരസാനുഭവം
മൃദംഗരാഗതരംഗലയം!


പദലയലഹരിയിലലിയരുതൊഴുകരു-
തൊരുമദമതി; ലതിലനുപമ സുമമധു!
ലഘു പദലയമിതിലലിയുക ഗുരുവിനു
മിവിടിടമരുളരു, തിതു മൃഗമദമതി!!
അറിയുക കനവുകളൊഴുകിടുമൊരുപുഴ
യിതിലിനിയൊരുലയമധുരിമ, യിതു
വിത!


കവിതയിലൊരുവിത, വിതറുകിലതു മുള-


യിടു,മതിലൊരു കതിരണിയവെ, യരി മതി!


രസകരമിതുവിധമെഴുതുകലഘുവിനു
ഗുരുവരുളിടുമൊരുവര,മകകവി,തവി!!
പദമദമധുരിമയിതിലിനിയലിയുക
ഗുരുപദമവികല മനലയമറിയുക!


താളംമാറിലുമൊഴുകിവരുംപദ-
ലാസ്യംമനമിതിലെന്നറിയും
നീനിന്‍നിര്‍വൃതിയൊഴുകിവരും മൃദു-
ഭാവം പദലയമായറിയും!!!


അലസമായലയുമ്പൊഴാണല്ലോ സംഗീത-
മലയിടു, ന്നെന്‍നാവി, ലതുപകര്‍ന്നീടുവാന്‍
കഴിയായ്കയാല്‍ വാനിലേക്കു നിശ്ശൂന്യതാ-
പഥമേറി യാത്രയാകുന്ന കാവ്യങ്ങളേ,
ഇവിടെ ഞാനെഴുതുന്നതൊന്നുമല്ലെന്നു ഞാ-
നറിയുന്നു, നിങ്ങളെ കണ്ടുമുട്ടീടുവാന്‍
കഴിയുവോരാരെന്നു മൊഴിയുമോ, തൂലിക?
''അതു വേറെയാരു നീയല്ലാതെ; നീ തന്നെ
എഴുതുന്നതെവിടെനിന്നണയുന്ന, തറിയുക,
ഒഴുകുന്ന പൈതൃകമറിഞ്ഞു പാടീടുക.


ഇങ്ങനെയിരുന്നു കുറിമാനങ്ങളെഴുതിടുകി-
ലെങ്ങനെവരുന്നു മധുമാസ സംഗീതമെ-
ന്നെന്നെങ്കിലും നിനക്കറിയാനാവു, മതി-
നെന്നും പദാത്മഗതി തേടി, യെഴുതീടുക
ആത്മോപദേശദശകങ്ങളിലൂടെ നീനിന്‍
ആത്മാപ നിര്‍മ്മിതിയിതിന്‍ നിമിഷാര്‍ധഭാവം
നീ കണ്ടറിഞ്ഞിടുക കണ്‍കളി,ലാവെളിച്ചം
ഞാനിന്നു നിന്നിലരുളീടുവതെന്റെ കാവ്യം!


ദൈവപൈതൃകം
''യേശുവിന്‍ കഥ ചൊല്ലിത്തുടങ്ങവെ
യേശുവിന്റെ വംശാവലി, നാമവും
വേദപുസ്തകത്താളിലുണ്ടെങ്കിലും
വേദ്യമായിടുന്നീലെനിക്കിങ്ങവ!

ജോസഫിന്‍ പുത്രനല്ലാത്ത യേശുവിന്‍
വംശമേതാണു? കന്യകാമേരിതന്‍
സൂനുവായൊരെമ്മാനുവേലിന്റെ പേര്‍
യേശുവെന്നായതെങ്ങനെ? പേരതു
ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്‍!
ജോസഫിട്ട പേര്‍ വേണമോ ബൈബിളില്‍?

എന്തയുക്തികമാ,യസംബന്ധമായ്
അന്ധവിശ്വാസമിങ്ങുറപ്പിക്കുമാ-
റിങ്ങു ദൈവമെന്താണു തന്‍ വാക്കുകള്‍
തങ്ങിടാനിടയാക്കിയീ ഭൂമിയില്‍?''

''വിശ്വമേ തന്‍ കുടുംബമാക്കേണ്ട നാം
വംശമാഹാത്മ്യമെല്ലാം മറന്നിടാന്‍
വിശ്വസിക്കേണ്ട സത്യമോതീടുവാന്‍
യേശുവിന്നസംബന്ധമാം പൈതൃകം!
ദൈവമാണേകതാത, നിങ്ങേവരും
ദൈവപുത്രരാണെന്നതും വിശ്വസി-
ച്ചിങ്ങു സോദരസ്‌നേഹം വളര്‍ത്തണം
എന്നു ചൊല്ലുവാന്‍ യേശു വന്നൂഴിയില്‍!!

രക്ഷതന്‍ മന്ത്രമത്രെ'യെമ്മാനുവേല്‍'
രക്ഷ ദൈവമുണ്ടൊപ്പമെന്നോര്‍ക്കുവോര്‍-
ക്കുള്ളതെങ്ങിന്നു ചൊന്നവന്‍ യേശു, നാം
ഇങ്ങു വിശ്വസിക്കേണമാ വാക്കുകള്‍:

ജീവിതത്തിലിങ്ങാധികള്‍ വ്യാധിയായ്
ജീവിതാസക്തി പോലുമേ രോഗമായ്
മാറിടാതിരുന്നീടുവാന്‍ പാലകന്‍
താതനൊപ്പമുണ്ടെന്നറിഞ്ഞീടണം!
സോദരര്‍ സ്‌നേഹമോടെ ജീവിക്കിലേ
താതനാ പരിപാലനമായിടൂ!!''



പരഹൃദയം
പരഹൃദയമറിയാതെയെന്തുചെയ്യുമ്പൊഴും
പരനുടെയിടത്തിലേക്കെന്നെ നയിക്കുവോന്‍
ഗുരു, ഗുരുവിനരുളുണരുമൊരു ഹൃദയതാളമായ്
ഇവിടെയൊഴുകുന്നതു പകര്‍ത്തിടാം ഞാനിനി:
''പരനെയറിയൂ, പരാപരനെയറിയാന്‍
പരഹൃദയമായ് സ്വന്ത ഹദയമറിയൂ!
അനുരാഗഭാവം ഹൃദന്തഭൂവില്‍
പരരൂപമായ് പൂക്കവേയിറുത്തി-
ട്ടൊരു ഹാരമായ് പരനു നല്കിടൂ നീ!''
പരദുഃഖ,മല്ലായ്കി,ലെന്നെങ്കിലും

സ്വയമേയറിഞ്ഞിടാന്‍ വിധിവരും നീ
ഒരു ജന്മമിനിയും ജനിച്ചിടായ്‌വാന്‍
ഇവിടിന്നു നല്കിടുന്നവസരങ്ങള്‍!
ഗുരവരുള്‍ കേള്‍ക്കുന്നു: പണ്ടുപണ്ടേ
യനുഭവി,ച്ചാസ്വദിച്ചൊരു വികാരം
പരനേകിടുന്നതിലെന്തു തെറ്റ്

ഒരു കിനാവുള്ളതു മറന്നീടണോ?
ഉയരുന്ന ചോദ്യങ്ങളൊരുകോടി ജന്മങ്ങ-
ളണയുകില്‍പ്പോലും അടങ്ങിടില്ല!



കയ്പകള്‍



എന്റെ കര്‍മഫലങ്ങളാണൊക്കെയെ-
ന്നെത്രകാലമായ് ഞാനറിയുന്നവന്‍!
എന്റെ നിസ്സംഗതയ്ക്കിന്നു നന്ദി ഞാന്‍
ചൊന്നിടുന്നു, നിരാര്‍ദ്രനായ് നിര്‍മ്മമം
ഞാന്‍ ചരിക്കുമ്പൊഴിങ്ങെന്റെ പുത്രിയില്‍-
നിന്നുയര്‍ന്നിടും ഗദ്ഗദം കേള്‍ക്കവേ
സ്വന്ത തെറ്റുകള്‍ കാണാത്ത, ഹൃത്തിലായ്
കുറ്റബോധമില്ലാത്ത, മനസ്സിലെ
കയ്പു കൊണ്ടു കരഞ്ഞിടും പുത്രിയെ
കാണ്‍കെ ഞാനോര്‍ത്തുപോയിടുന്നിങ്ങനെ:
പണ്ടു,മിന്നുമെനിക്കെന്നിലുള്ളതാം
സ്വാര്‍ഥ,മെന്റെയഹന്തയുമല്ലയോ
നിന്നിലിന്നു വളര്‍ന്നേറിയായിരം
പൂവു, കായ്കളുമുള്ളതാം
കയ്പകള്‍!
കയ്പു ഞാനുമറിഞ്ഞവന്‍, നെല്ലികള്‍
നട്ടിടാനോര്‍ത്തതിപ്പൊഴാണോമലേ!
നിന്റെ മക്കള്‍ക്കതില്‍നിന്നു നല്കണം
നിത്യവും മുതുനെല്ലിക്ക, വെള്ളവും!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ