2019, മാർച്ച് 22, വെള്ളിയാഴ്‌ച

മൂന്നു കവിതകൾ


അന്വേഷകൻ
ഞാനൊരന്വേഷകന്‍ മാത്രമാം സാക്ഷിയായ്

സന്ദേഹമെല്ലാം മുറിച്ചു നോക്കുന്നവന്‍!

സംശയാത്മാവായ് വിനാശത്തിലേക്കു നാ-

മോടേണ്ടതില്ല, പരീക്ഷിച്ചു നോക്കുക!

രോഗമുണ്ടെന്നും ശമിച്ചെന്നുള്ളതാം

സാക്ഷ്യപത്രങ്ങള്‍ക്കു വേണ്ടിയാണെന്‍ ശ്രമം! 

മൗനമാം സ്‌നിഗ്ധത
സ്‌നേഹം - മനസ്സിലെ ഘര്‍ഷണം നീക്കുന്ന
സ്‌നേഹം - ഹൃദന്തത്തില്‍നിന്നു ചോര്‍ത്തീടുന്ന
ദ്വാരമാം ദ്വേഷം സ്വഭാവമായ്ക്കാണാതെ
ദ്വേഷ്യമാം ബാധയൊഴിഞ്ഞിടാന്‍ മൗനമാം
സ്‌നിഗ്ധതയില്‍, കാവ്യഭാവസരിത്തിന്റെ
സ്‌നിഗ്ധസൗന്ദര്യത്തില്‍ നീയെന്നു കാണുക
നിന്‍ സ്വത്വമാ സാക്ഷിഭാവത്തിലും നിന്റെ-
യുള്‍ക്കണ്ണിലെത്തുന്ന സൗന്ദര്യസാരമാം.


ഗുരുത്വം 
ഗുരുത്വമെന്നതിങ്ങിരുള്‍ പരക്കവെ
കരംപിടിക്കുവാന്‍ വരും വെളിച്ചമാം!
മുറിവുണക്കുവാന്‍ അറിവുപോലെയീ
നെറിവുമേകുവാന്‍ വരുന്ന സാന്ത്വനം!
കരുണയാണതിന്‍ പൊരുള്‍, അറിഞ്ഞ നാം
കരംപിടിച്ചണിനിരന്നുനീങ്ങണം!
ചരിത്രമല്ലിവിടുണര്‍വുനല്കുവ-
തരിനിരയ്ക്കുമിങ്ങരുളരുളുവോന്‍!!
 


 

2012, ജനുവരി 16, തിങ്കളാഴ്‌ച

പക്ഷികളെവിടെപ്പോകുന്നെന്നോ?


പക്ഷികളെവിടെപ്പോകുന്നെന്നോ?
പണ്ടു ഭുജംഗങ്ങള്‍ക്കാം ചിറകുകള്‍
പരിണാമത്താലുളവായതു; ഞാന്‍
ചിറകു കൊഴിക്കുമഹം കണ്ടെഴുതീ:

ചിറകുകൊഴിഞ്ഞു ഭുജംഗപഥങ്ങളി-
ലിഴയുന്നോരെന്‍ രക്ഷയതെവിടെ?
നിന്നില്‍ ഞാനലിയുമ്പോള്‍ , നമ്മള്‍
വീര്യംനേടും, ചിറകു മുളയ്ക്കും!

2012, ജനുവരി 5, വ്യാഴാഴ്‌ച

പൂജ്യന്‍ ഞാന്‍


പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍
പൂര്ണംതന്നെ,യതില്നിന്നും
പൂര്ണം നീക്കുക ഹാ! പൂര്ണം!!

പൂര്ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!
പൂര്ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'പൂര്ണം പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!

2011, ഡിസംബർ 6, ചൊവ്വാഴ്ച

അചലന്‍


ശ്രമണന്‍ നടക്കുമ്പൊഴരുളുന്നു, 'നിന്നവന്‍
ഞാ'നെ,ന്നിതിന്നര്‍ഥമെന്ത്?
ഇവിടെ ഞാന്‍ നില്ക്കുമ്പൊഴവനരുളിടുന്നു 'നീ
നിന്നവനല്ലല്ല, സത്യം!'
നില്ക്കാത്ത നീ സത്യമരുളവെ 'നില്ക്കുവോ-        
നിന്നു ഞാ'നെന്നു മൊഴിയുമ്പോള്‍
നില്ക്കുന്ന ഞാ'നതിന്‍ പൊരുളെനിക്കരുളുമോ  
നീ'യെന്നു ചോദിച്ചിടുന്നു.

'അംഗുലീമാല, മറച്ചുവയ്ക്കാനൊന്നു-
മില്ലെനിക്കെന്നറിഞ്ഞാലും.
സര്‍വദാ നിന്ന ഞാന്‍ സര്‍വഭൂതത്തെയും      
ദണ്ഡിച്ചിടാതെ നില്ക്കുന്നോന്‍ .
സംയമം തീരെയില്ലാത്ത നീയെങ്ങനെ
നിന്നവനായിടും ചൊല്ലൂ.'





2011, നവംബർ 30, ബുധനാഴ്‌ച

വാഗ്താരകാരശ്മികള്‍ !!



പുതുമനസ്സും മറന്നും മറച്ചുമീ
പുതിയ ലോകത്തെ നോക്കാത്തരീതിയും
മൊഴിമഴച്ചാര്‍ത്തിലുള്ളവള്‍നീ; നിന
ക്കെഴുതിടുന്നവയ്ക്കുള്ളൂര്‍ജമാര്‍ജവം!
പഴയ രീതിയില്‍വൃത്തവും താളവും
പഴമനസ്സുമാണെന്‍കാവ്യധാരയില്‍
എഴുതിടുമ്പോള്‍ത്തുളുമ്പിത്തുളുമ്പിവ-
ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ
പദശതങ്ങളില്‍സ്വന്ത സ്വപ്നങ്ങളും
ഹൃദയഭാവാര്‍ദ്രമാമുള്‍ത്തിളക്കവും!!
ഇവിടെയൊക്കെയും കാപട്യമെന്നു ഞാന്‍
കവിതയില്‍ക്കൂടിയാലപിച്ചീടവെ
ഇവിടെയുള്ള യാഥാര്‍ഥ്യങ്ങളായി നിന്‍
കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!
''കവിതയെന്തിന്നു?'' യാഥാര്‍ഥ്യമല്ല, യുള്‍ -
ക്കടലുമോളവും താളവും കണ്ടറി-
ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണ,തി-
ന്നിവിടെയാവുമോ നീന്‍പദച്ചാര്‍ത്തിനാല്‍ ?
സ്വയമുണര്‍ന്നുവന്നീടുന്നു, ചോദ്യങ്ങ-
ളിവിടെയീവിധം കുത്തിക്കുറിക്കവെ
എഴുതിടാതിരുന്നീടിലുള്‍ക്കാഴ്ചകള്‍
പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാന്‍
എഴുതിടേണമീ രീതിയില്‍നിത്യവും!
എഴുതിടാതിരുന്നീടുകില്‍വായുവില്‍
അലിയുമെന്നില്‍പ്പുണര്‍ന്നുണര്‍ന്നര്‍ഥങ്ങ-
ളരുളിടേണ്ട വാഗ്താരകാരശ്മികള്‍ !!
എഴുതിടേണ്ട നീയീവിധം; നിന്‍
 വഴി-
മൊഴിയു,മന്യമാണെങ്കിലും നിന്‍മൊഴി-
യ്ക്കടിയിലുള്ളതാം സ്രോതസ്സു കാണ്മു
 ഞാന്‍!