2019, മാർച്ച് 22, വെള്ളിയാഴ്‌ച

മൂന്നു കവിതകൾ


അന്വേഷകൻ
ഞാനൊരന്വേഷകന്‍ മാത്രമാം സാക്ഷിയായ്

സന്ദേഹമെല്ലാം മുറിച്ചു നോക്കുന്നവന്‍!

സംശയാത്മാവായ് വിനാശത്തിലേക്കു നാ-

മോടേണ്ടതില്ല, പരീക്ഷിച്ചു നോക്കുക!

രോഗമുണ്ടെന്നും ശമിച്ചെന്നുള്ളതാം

സാക്ഷ്യപത്രങ്ങള്‍ക്കു വേണ്ടിയാണെന്‍ ശ്രമം! 

മൗനമാം സ്‌നിഗ്ധത
സ്‌നേഹം - മനസ്സിലെ ഘര്‍ഷണം നീക്കുന്ന
സ്‌നേഹം - ഹൃദന്തത്തില്‍നിന്നു ചോര്‍ത്തീടുന്ന
ദ്വാരമാം ദ്വേഷം സ്വഭാവമായ്ക്കാണാതെ
ദ്വേഷ്യമാം ബാധയൊഴിഞ്ഞിടാന്‍ മൗനമാം
സ്‌നിഗ്ധതയില്‍, കാവ്യഭാവസരിത്തിന്റെ
സ്‌നിഗ്ധസൗന്ദര്യത്തില്‍ നീയെന്നു കാണുക
നിന്‍ സ്വത്വമാ സാക്ഷിഭാവത്തിലും നിന്റെ-
യുള്‍ക്കണ്ണിലെത്തുന്ന സൗന്ദര്യസാരമാം.


ഗുരുത്വം 
ഗുരുത്വമെന്നതിങ്ങിരുള്‍ പരക്കവെ
കരംപിടിക്കുവാന്‍ വരും വെളിച്ചമാം!
മുറിവുണക്കുവാന്‍ അറിവുപോലെയീ
നെറിവുമേകുവാന്‍ വരുന്ന സാന്ത്വനം!
കരുണയാണതിന്‍ പൊരുള്‍, അറിഞ്ഞ നാം
കരംപിടിച്ചണിനിരന്നുനീങ്ങണം!
ചരിത്രമല്ലിവിടുണര്‍വുനല്കുവ-
തരിനിരയ്ക്കുമിങ്ങരുളരുളുവോന്‍!!