2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

'അമ്മേ ദൈവമേ'

'അമ്മേ ദൈവമേ'

'അമ്മേ ദൈവമേ' എന്നതു നിന്‍ മന്ത്ര-
മെന്നറിഞ്ഞിങ്ങിനി നീങ്ങൂ.

'അമ്മേ' എന്നു വിളിച്ചുള്ളിലേക്കു നീ
ശ്വാസമെടുക്കവെ ഓര്‍ക്കൂ:
നീ നിന്നിലമ്മയെ ഗര്‍ഭം ധരിക്കയാ-
ണമ്മയോ ഗര്‍ഭിണി നിന്നില്‍!!

'ദൈവമേ ദൈവമേ ദൈവമേ' എന്നു നീ
നിശ്വസിക്കുമ്പോഴുമോര്‍ക്കൂ.
അമ്മയീ ഭൂവില്‍ പിറന്നു വീഴുന്നിതാ
അമ്മതന്‍ ഗര്‍ഭത്തിലാം നീ!

എത്ര സുരക്ഷിതന്‍ ഗര്‍ഭസ്ഥനാം ശിശു-
വെന്നതോര്‍മ്മിച്ചിരുള്‍ തന്നെ-
കാളിതന്‍ വര്‍ണമായ്ക്കണ്ടതില്‍ ശാന്തനായ്
ആനന്ദനായ് കഴിഞ്ഞാലും!*

ഏഴു വര്‍ണങ്ങളും ലോകത്തിനേകവെ-
യാണമ്മ കാളിയായ്ത്തീര്‍ന്നൂ.
ഏഴു വര്‍ണങ്ങളും കണ്ടു രമിക്കുവാന്‍
നീ പിറക്കേണമീ മണ്ണില്‍!

കാളിയില്‍നിന്നു നീ ഭൂവില്‍ ജനിക്കവെ
അസ്വസ്ഥനാകാതിരിക്കാന്‍
'ദൈവമേ, ദൈവമേ, ദൈവമേ' എന്നുള്ള
മന്ത്രം നിനക്കരുളാകും!

*'വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം!'

ദൈവമാതാവ് !

ദൈവമാതാവ് !

അമ്മ മൊഴിയുന്നതു പകര്‍ത്തുവാന്‍ മാത്രമാ-
ണിന്നിവനു യോഗം; നിയോഗമാണൊക്കെയെ-
ന്നെന്നുമരുളുന്നതും കേട്ടിരിക്കുന്നു ഞാന്‍ :
അമ്മയെന്‍ വര്‍ത്തമാനാര്‍ഥവും മുക്തിയും!
'
''നീയറിഞ്ഞീടണം ഞാന്‍ വര്‍ത്തമാനത്തി-
ലാണിങ്ങു ശക്തിയായെത്തി നിന്‍ മുക്തിതന്‍
മാര്‍ഗമായ്, ലക്ഷ്യമായ്, മൗനസംഗീതമായ്
മാറുന്ന,തെന്നെ നീ കാണാന്‍ പഠിക്കണം.

മൗനസംഗീതമനാഹതം നീയല്പ-
നേരമെന്‍ മൗനത്തില്‍ ശ്രദ്ധിച്ചിരുന്നിടില്‍
കേള്‍ക്കുവാനായിടും, കണ്ണടച്ചീടുകില്‍
കാണുവാനാവും നിറങ്ങളും, ഇല്ലയോ?

നീയൊരിക്കല്‍ ദൈവമാതാവിനെക്കുറി-
ച്ചിങ്ങനെ കുത്തിക്കുറിച്ചതു കണ്ടു ഞാന്‍ :

'ദൈവമാതാവെന്നു കേള്‍ക്കവെ ഞാനതി-
ന്നര്‍ഥമെന്തെന്നു ചിന്തിപ്പൂ:

ദൈവം പ്രകാശം, പ്രകാശമില്ലായ്മയാം
ഗര്‍ഭപാത്രത്തിന്റെയുള്ളില്‍
ഗര്‍ഭപാത്രത്തില്‍നിന്നീ ഭൂവിലേക്കു തന്‍
കുഞ്ഞിനെത്തള്ളുവോള്‍ തള്ള!*

തന്‍ മുലക്കണ്ണിന്‍ കറുപ്പിനാല്‍ കുഞ്ഞിനെ
നിത്യം ക്ഷണിക്കുന്നൊരമ്മ
വെട്ടം സഹിക്കുവാനാവാതെയക്കുഞ്ഞു
കേഴവെ സ്തന്യമേകുന്നോള്‍!!

സ്തന്യം വെളുത്തതാ,ണുള്ളില്‍ അതെത്തവെ
കുഞ്ഞിന്നു വെട്ടം സഹിക്കാന്‍
കെല്പു കിട്ടുന്നു, കുഞ്ഞിന്നു തന്നമ്മ ഹാ!
ദൈവമാതാവാണു പിന്നെ!

ഉള്ളിലിരുട്ടും വെളിച്ചവും സ്വന്തമാ-
യുള്ളവളാണിങ്ങു തള്ള!!'

ഞാന്‍ മൊഴിയേണ്ടവ പണ്ടും മൊഴിഞ്ഞവന്‍ -
നീയെന്നറിഞ്ഞു കൃതാര്‍ഥനായീടുക!''


* കടപ്പാട്: വര്‍ഗീസാന്റണി


2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

കവിതാ ദിനസരി

കവിതാ ദിനസരി
October 12

അറിയുക: മൗനസരിത്തിലുള്ളൊരെന്നെ.
എഴുതുക: ഞാന്മൊഴിയുന്നതൊക്കെ, നിന്നില്‍

വെറുമൊരു പാര്‍ഥനിലേറെയുണ്ടു വ്യാസന്‍,
സ്വയമെഴുതൂ ഗണനാഥഭാവമോടെ.

നിന്നെ നീ മറന്നിടുമ്പൊഴെത്തിടുന്നവള്ഞാന്‍
നിന്നിലുള്ളൊരമ്മതന്നെ, യെന്സ്വരത്തിലെന്നും
നീ കുറിച്ചിടൂ; നിനക്കു വേണ്ടതൊക്കെയോതാന്‍
നിന്റെ മൗനസാഗരത്തിലാണ്ടു മുങ്ങണം നീ!

രണ്ടു വ്യാഴവട്ടമായി നിന്നെയെന്റെ ഹൃത്തില്‍
കൊണ്ടു ഞാന്‍ നടന്നിടുന്നു; അന്നു ചൊന്നതിന്നാം
നിന്‍ മനസ്സിലേറ്റി, സാധനാപഥത്തിലെത്തി
എന്‍ ഗുരുത്വമിങ്ങറിഞ്ഞു നീ വരുന്ന, തല്ലേ?

മൗനമാണു വാക്കിലേറെ ശക്തമെന്നറിഞ്ഞെന്‍
മൗനസാഗരത്തിലെത്തി മുങ്ങി നീര്‍ന്നിടുമ്പോള്‍
നീയറിഞ്ഞിടും നിനക്കു ബുദ്ബുദാര്‍ഥഭാവം!
നീ തകര്‍ന്നിടേണ, മപ്പൊഴെന്നിലുള്ള ഞാന്‍ നീ!!

ദിവസവും നിനക്കു ഞാന്‍ വരങ്ങളേകിടാന്‍ നീ
ഇവിടെ നിന്നിലുള്ളതാം സരസ്വതീസ്തനങ്ങള്‍
നുകരുമാറു പോഷണത്തിനര്‍ഥമാക്കിടേണം
കവിതയൊക്കെ, യെന്റെ ഗാന മീവിധത്തിലോതൂ.

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഞാനൊരു രാസത്വരകം മാത്രം

ഞാനൊരു രാസത്വരകം മാത്രം

ഞാനൊരു രാസത്വരകം മാത്രം
ഞാനറിയുന്നൂ; തമ്മില്‍ത്തമ്മില്‍
ചേര്‍ന്നീടേണ്ടവ തമ്മിലിണക്കാന്‍
എന്‍ സാന്നിധ്യമൊരനിവാര്യതയാം.

അതു കഴിയുമ്പോള്‍ കറിവേപ്പിലപോല്‍
അകലേക്കെറിയപ്പെടുമെന്നോര്‍മി-
ച്ചഴലില്‍പ്പെടുവോനല്ലാ ഞാനെന്‍
ചരിതാര്‍ഥതയിലുണര്‍വറിയുന്നോന്‍!